video
play-sharp-fill

നിരത്തുകളിലെ അപകട പരമ്പരയ്ക്ക് അറുതിയില്ല: കോട്ടയത്ത് രണ്ടുമാസം കൊണ്ട് പൊലിഞ്ഞത് 42 ജീവനുകൾ: ലഹരിയും അമിത വേഗവും വില്ലനാകുന്നു.

നിരത്തുകളിലെ അപകട പരമ്പരയ്ക്ക് അറുതിയില്ല: കോട്ടയത്ത് രണ്ടുമാസം കൊണ്ട് പൊലിഞ്ഞത് 42 ജീവനുകൾ: ലഹരിയും അമിത വേഗവും വില്ലനാകുന്നു.

Spread the love

കോട്ടയം : നിരത്തുകളിലെ ചോരപ്പാടുകള്‍ മായുന്നില്ല. രണ്ടുമാസം 42 പേരുടെ ജീവനാണ് ജില്ലയിലെ വിവിധ റോഡുകളില്‍ പൊലിഞ്ഞത്.
ലഹരി ഉപയോഗിച്ചുള്ള അപകടങ്ങളും ഈ പട്ടികയിലുണ്ട്. 2023 മുതല്‍ ഇതുവരെ 6836 അപകടങ്ങളില്‍ 582 പേർ മരിച്ചു. ഇരുചക്ര വാഹനങ്ങളും കാറുകളുമെല്ലാം അപകടമുണ്ടാക്കുന്നവയില്‍ മുൻപന്തിയിലാണ്.

പത്ത് ശതമാനത്തിലേറെ അപകടങ്ങള്‍ ലഹരി ഉപയോഗിച്ചുള്ളവയാണെന്നും പൊലീസ് കണ്ടെത്തി. അപകടങ്ങളില്‍പ്പെടുന്നവരില്‍ ഭൂരിഭാഗവും ബൈക്ക് യാത്രക്കാരാണ്. ഏറെയും യുവാക്കള്‍. അശ്രദ്ധമായ ഡ്രൈവിംഗിനൊപ്പം മൊബൈല്‍ ഉപയോഗവും പ്രശ്നമാകുന്നു. മദ്യപിച്ച്‌ വാഹനമോടിക്കുന്നതും ഹെല്‍മറ്റില്ലാതെ യാത്രചെയ്യുന്നതുമാണ് മരണങ്ങള്‍ കൂടാൻ കാരണം.

രാത്രികാലങ്ങളില്‍ കാര്യമായ പരിശോധനകള്‍ ഇല്ലാത്തതും അപകടങ്ങള്‍ പെരുകാൻ ഇടയാക്കി. പകല്‍സമയങ്ങളില്‍ പോലും വില കൂടിയ ബൈക്കുകളില്‍ കുതിച്ച്‌ പായുന്ന ന്യൂജെൻ സംഘത്തെ ഭീതിയോടെയാണ് യാത്രക്കാർ നോക്കുന്നത്. അപകടത്തില്‍പ്പെട്ട കാല്‍നടയാത്രക്കാരുടെ എണ്ണവും കൂടുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചോരത്തിളപ്പില്‍ സ്വകാര്യബസ് ഡ്രൈവർമാർ

സ്വകാര്യബസുകളിലെ ഡ്രൈവിംഗ് സീറ്റില്‍ ചോരത്തിളപ്പ് തീർക്കുന്ന ഡ്രൈവർമാരും നിരത്തുകളെ ഭീതിയിലാക്കുകയാണ്. 80 ശതമാനം ബസുകളിലും ഡ്രൈവർമാർ യുവാക്കളാണ്. മത്സരയോട്ടത്തിനിടെയുണ്ടായ അപകടങ്ങള്‍ക്കും കുറവില്ല. കോട്ടയം – എറണാകുളം റൂട്ടില്‍ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ മരണപ്പാച്ചിലിലാണ്.

അടുത്തിടെ ബസ് വളവ് വീശിയെടുക്കുന്നതിനിടെ മുന്നോട്ടുവീണ് യാത്രക്കാരിക്ക് ഗുരുതര പരിക്കേറ്റിരുന്നു. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ബസുകളുടെ സമയക്രമം. ഇതാണ് അമിതവേഗതയ്ക്കിടയാക്കുന്നത്. അപകടങ്ങള്‍ക്കെതിരെ പൊലീസ് ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

അപകടകാരണങ്ങള്‍
ലഹരി ഉപയോഗം, അലക്ഷ്യമായ ഡ്രൈവിംഗ്
രാത്രികാലത്ത് ട്രാഫിക് സിഗ്നലുകള്‍ പ്രവർത്തനരഹിതം

വഴിവിളക്കുകള്‍ കത്താത്തത് കാല്‍നടയാത്രയ്ക്ക് ദുഷ്കരം
നിലവാരം ഇല്ലാത്ത ടാറിംഗും, റോഡിലെ കുളികളും
” പരിശോധനയ്ക്കൊപ്പം ബോധവത്കരണ പ്രവർത്തനങ്ങള്‍ ഊർജിതമാക്കുകയാണ്. ഈ വർഷം അപകട നിരക്ക് കൂടുകയാണ്. എല്ലാവരും നിയമം കർശനമായി പാലിക്കണമെന്ന് കോട്ടയം
,ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദ് വ്യക്തമാക്കി.

പേടിപ്പിക്കും കണക്കുകള്‍
2023:
അപകടം
3325
മരണം: 276

2024
അപകടം: 3247
മരണം: 264
ഈ വർഷം ഫെബ്രുവരി വരെ
587 അപകടം
42 മരണം