വീണ്ടും നിപ ഭീതിയിൽ കേരളം; സംസ്ഥാനത്ത് രോഗം റിപ്പോർട്ട് ചെയ്യുന്നത് അഞ്ചാംതവണ; മരണ സാധ്യത കുറക്കാം; രോഗം എങ്ങനെ പെട്ടെന്ന് തിരിച്ചറിയാം..ലക്ഷണങ്ങൾ അറിയാം, പ്രതിരോധിക്കാം ഒന്നിച്ച്
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം നിപയുടെ ഭീതിയിലാണ് കേരളം. മലപ്പുറത്ത് ഒരു വിദ്യാർത്ഥി നിപ ബാധിച്ചു മരിച്ചു. ഇത് അഞ്ചാംതവണയാണ് കേരളത്തിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
നാളിതുവരെ 21 പേരാണ് നിപബാധിച്ചു കേരളത്തിൽ മരണപ്പെട്ടത്. എന്താണ് നിപ രോഗമെന്നും ലക്ഷണങ്ങൾ എന്തൊക്കെയാണെന്നതിനെ സംബന്ധിച്ചുമെല്ലാം എഴുതുകയാണ് അസീസിയ മെഡിക്കൽകോളേജിലെ ശ്വാസകോശരോഗവിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോ മഹേഷ് ദേവ്. ജി.
നിപ പകരുന്ന വഴികൾ…
Whatsapp Group 1 | Whatsapp Group 2 |Telegram Group
1. പഴം തീനി വവ്വാലുകളാണ് രോഗവാഹകർ. വവ്വാലുകൾ കഴിച്ച പഴങ്ങൾ കഴിക്കുന്നത് വഴി രോഗം മനുഷ്യരിലേക്ക് എത്തുന്നു.
2. വവ്വാലുകളുടെ സ്രവങ്ങളിലൂടെ മൃഗങ്ങളിലേക്ക്.
3. മൃഗങ്ങളിലൂടെ മനുഷ്യരിലേക്ക് രോഗബാധയ്ക്ക് സാധ്യതയുണ്ട്.
4. സ്രവങ്ങളിലൂടെ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് രോഗപ്പകർച്ച ഉണ്ടാകും.
5. വായുവിലൂടെ പകരുന്നതിന് വ്യക്തമായ സ്ഥിരീകരണം ഇല്ല.
രോഗലക്ഷണങ്ങൾ എന്തൊക്കെ?
രോഗാണു ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ ലക്ഷണങ്ങൾ പ്രകടമാകാൻ എടുക്കുന്നസമയം 5 മുതൽ 14 ദിവസങ്ങൾ വരെയാണ് (അതായത്, incubation period – 5 to 14 days).
പനി, തലവേദന, ബോധക്ഷയം, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, ചുമ, ശ്വാസംമുട്ട് തുടങ്ങിയവയാണ് നിപ്പയുടെ ലക്ഷണങ്ങൾ.
വയറിളക്കം, ഛർദ്ദി തുടങ്ങിയവയും ചിലപ്പോൾ കാണാറുണ്ട്. മസ്തിഷ്കജ്വരം അഥവാ എൻസഫലൈറ്റിസ്, ARDS (Acute Respiratory Distress Syndrome) എന്നിവയാണ് മൂർദ്ധന്യാവസ്ഥയിൽ ഉണ്ടാകുക.
രോഗനിർണ്ണയം എങ്ങനെ?
കൊവിഡിനെ പോലെ തന്നെ, RT PCR അഥവാ Realtime Polymerase chain reaction വഴിയാണ് രോഗം നിർണ്ണയിക്കുന്നത്. ഇതിനായി രോഗിയുടെ സ്രവ പരിശോധനയാണ് നടത്തുക.
തൊണ്ടയിൽ നിന്നും, മൂക്കിൽ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, CSF എന്നീ സാമ്പിളുകളാണ് രോഗനിർണ്ണയത്തിനു എടുക്കുന്നത്.
ചികിത്സ
ഫലപ്രദമായ മരുന്നോ, വാക്സിനോ നിലവിൽ നിപയ്ക്ക് ലഭ്യമല്ല. റിബവിരിൻ, ഫാവിപിരാവീർ, റെംഡെസിവിർ എന്നിങ്ങനെയുള്ള ആന്റിവൈറൽ മരുന്നുകൾ ചികിത്സയ്ക്കു ഉപയോഗിക്കാറുണ്ട്. മോണോക്ലോണൽ ആന്റിബോഡിയും ചികിത്സയിൽ ഉപയോഗിച്ചു വരുന്നു.
നാം മനസ്സിലാക്കേണ്ടത് ഏതൊരു രോഗത്തിനും സിംടമാറ്റിക് ട്രീറ്റ്മെന്റ്, സപ്പോർട്ടീവ് ട്രീറ്റ്മെന്റ് & ഡെഫിനിറ്റിവ് ട്രീറ്റ്മെന്റ് എന്നിങ്ങനെയുള്ള തലങ്ങളിൽ ചികിത്സ നൽകാൻ കഴിയും.
നിപയുടെ കാര്യത്തിൽ സിംടമാറ്റിക് &സപ്പോർട്ടീവ് ട്രീറ്റ്മെന്റ് ആണ് നമുക്ക് ലഭ്യമായിട്ടുള്ളത്. അതുകൊണ്ടുതന്നെ നാം കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത് രോഗപ്രതിരോധത്തിനാണ്.
പ്രതിരോധ മാർഗ്ഗങ്ങൾ…
മുമ്പ് പറഞ്ഞതുപോലെ വവ്വാലുകളാണ് നിപ വൈറസിന്റെ പ്രധാന വാഹകർ. അതുകൊണ്ടുതന്നെ വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനിയങ്ങളും, വവ്വാൽ കടിച്ച് പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെ പകരാം. അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കണം.
വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ നിന്നും തുറന്ന കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക. അസുഖമുള്ളവരെ പരിചരിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തുക. പ്രത്യേകിച്ചും ആരോഗ്യപ്രവർത്തകർ.
അതുകൊണ്ട് തന്നെ N95 മാസ്ക്, ഗ്ലൗസ്, ഗൗൺ, face shield എന്നിവ കൃത്യമായി ധരിച്ചു വേണം രോഗിയുമായി ഇടപഴകാൻ. പനി ബാധിതരുമായി സമ്പർക്കം ഉണ്ടായ ശേഷം കൈകൾ 20 സെക്കന്റ് വൃത്തിയായി കഴുകുക.
1. ഒരു മീറ്റർ എങ്കിലും ശാരീരിക അകലം പാലിക്കണം.
2. നിപ ബാധിച്ചു മരിച്ചയാളുടെ മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് ശാരീരിക സ്രവങ്ങളുമായി സമ്പർക്കം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.
3. നിപ്പ ബാധിച്ച് മരിച്ചവരുടെ മരണാനന്തര ചടങ്ങുകളിലെ സന്ദർശനം പരമാവധി ഒഴിവാക്കുക.
4. നിപയിലെ ഉയർന്ന മരണ നിരക്കാണ് (40-70%) പലപ്പോഴും ജനങ്ങളിൽ ഭീതി ജനിപ്പിക്കുന്നത്.
എന്നാൽ, കൊവിഡിനെ പോലെ വളരെ വേഗം വ്യാപിക്കാൻ ഉള്ള ശേഷി നിപ്പയ്ക്കില്ല എന്നുള്ളതാണ് ഇതുവരെയുള്ള അനുഭവങ്ങൾ തെളിയിക്കുന്നത്.
അതുകൊണ്ട് തന്നെ അനാവശ്യമായ ഭയാശങ്കകൾ അല്ല വേണ്ടത്. രോഗത്തെ പറ്റിയുള്ള ശരിയായ അവബോധവും, ശരിയായ പ്രതിരോധ മാർഗ്ഗങ്ങൾ അവലംബിക്കലുമാണ്.
കൊവിഡ് നമ്മെ പഠിപ്പിച്ച പാഠങ്ങൾ മറക്കരുത്. കാരണം ഇനിയുള്ള കാലഘട്ടം ഇത്തരം വൈറസ് രോഗങ്ങൾ പിടിമുറുക്കിയേക്കാം. അപ്പോൾ പിടിവിട്ടു പോകാതിരിക്കാൻ പ്രതിരോധത്തിലൂന്നി മുന്നോട്ടു പോയേ മതിയാകൂ.
ശ്രദ്ധിക്കുക. സുരക്ഷിതരായി ഇരിക്കുക