Spread the love

കേരള എൻജിഒ യൂണിയൻ 63-ാം സംസ്‌ഥാന സമ്മേളനം 2026 ജൂൺ 11, 12, 13 തീയതികളിൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ചേരും. സംഘടനയുടെ 63 വർഷത്തെ ചരിത്രത്തിൽ ഇത് അഞ്ചാം തവണയാണ് അക്ഷരനഗരി സംസ്‌ഥാന സമ്മേളന വേദിയാകുന്നത്. 1970, 1984, 1998, 2014 വർഷങ്ങളിലാണ് ഇതിനു മുൻപ് നടന്നത്.

video
play-sharp-fill

കേരള എൻജിഒ യൂണിയന് സംസ്‌ഥാനത്താകെ 15 ജില്ലാ കമ്മിറ്റികളും 144 ഏരിയ കമ്മിറ്റികളും 991 യൂണിറ്റ് കമ്മിറ്റികളുമാണുള്ളത്. അവയുടെ ആകെ സമ്മേളനങ്ങൾ പൂർത്തീകരിച്ചാണ് സംസ്ഥാന സമ്മേളനത്തിലേക്ക് എത്തുന്നത്. 163746 അംഗങ്ങളെ പ്രതിനിധീകരിച്ച് 269 വനിതകൾ ഉൾപ്പെടെ 840 പ്രതിനിധികൾ സംസ്‌ഥാന സമ്മേളനത്തിൽ പങ്കെടുക്കും.

ജൂൺ 11 രാവിലെ 8.45 ന് സംസ്‌ഥാന പ്രസിഡണ്ട് എം എ അജിത് കുമാർ പതാക ഉയർത്തുന്നതോടെ സമ്മേളന നടപടികൾ ആരംഭിക്കും. തുടർന്ന് സംസ്‌ഥാന കൗൺസിൽ യോഗം ചേരും. ഉച്ചയ്ക്ക് ശേഷം കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകൾ കേന്ദ്രീകരിച്ച് 10000 ജീവനക്കാരുടെ പ്രകടനം സംഘടിപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകുന്നേരം 3.30 ന് കോട്ടയം സിവിൽ സ്‌റ്റേഷൻ പരിസരത്തുനിന്നും ആരംഭിക്കുന്ന പ്രകടനം പൊതുസമ്മേളന വേദിയായ തിരുനക്കര മൈതാനിയിൽ സമാപിക്കും. വൈകുന്നേരം 4.30 ന് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തിൽ ബിനോയ് വിശ്വം, ജോസ് കെ മാണി എംപി, മാത്യു ടി തോമസ്, ഡോ. വർഗീസ് ജോർജ്, എ കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും പങ്കെടുക്കും. ജൂൺ 12ന് രാവിലെ 9 മണിക്ക് ചേരുന്ന പ്രതിനിധി സമ്മേളനം പ്രശസ്ത മാധ്യമ പ്രവർത്തകനും “ദി വയർ’ ൻ്റെ എഡിറ്ററുമായ സിദ്ധാർത്ഥ് വരദരാജൻ ഉദ്ഘാടനം ചെയ്യും.

ഉച്ചയ്ക്ക് 12 മണിക്ക് ‘ലിംഗ സമത്വവും സാമൂഹ്യ നീതിയും’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും. ദീപ്‌സിധധർ (പശ്ചിമബംഗാൾ) പ്രതികരണം നടത്തും. ഉച്ചയ്ക്ക് ശേഷം 2.30 ന് സുഹൃത്ത് സമ്മേളനം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. വിവിധ സർവ്വീസ് സംഘടനാ നേതാക്കൾ അഭിവാദ്യം ചെയ്ത് സംസാരിക്കും.

ജൂൺ 13 രാവിലെ 9.30 ന് ‘വർഗ്ഗസമരവും വർഗീയതയും’ എന്ന വിഷയത്തിൽ പി രാജീവ് പ്രഭാഷണം നടത്തും. സമ്മേളനത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകൾ, കുട്ടികളുടെ ചിത്രരചന മത്സരം, ജീവനക്കാർക്കായി കഥ, കവിത, ലേഖനം, കാർട്ടൂൺ, റീൽസ് മത്സരങ്ങൾ തുടങ്ങി ഒട്ടേറെ അനുബന്ധ പരിപാടികൾ സംഘടിപ്പിച്ചു. സമ്മേളന പ്രതിനിധികളുടെ ഭക്ഷണ ആവശ്യത്തിനായി പ്രത്യേക കൃഷി നടത്തുകയുണ്ടായി. 2026 മെയ് 15 പതാക ദിനമായി ആചരിച്ചു. അന്നേദിവസം 144 ഏരിയ കേന്ദ്രങ്ങളിലും പതാക ഉയർത്തി; ഇതിനുപുറമേ കോട്ടയം ജില്ലയിൽ എല്ലാ യൂണിറ്റുകളിലും പതാക ഉയർത്തി.

സമ്മേളനത്തിന്റെ പ്രചരണാർത്ഥം ജൂൺ 9 ന് വൈകുന്നേരം കോട്ടയം ടൗണിൽ വർണ്ണ ശബളമായ വിളംബര ഘോഷയാത്ര സംഘടിപ്പിക്കും. ജൂൺ 10 ന് വൈകുന്നേരം 5.30 ന് പൊതുസമ്മേളന നഗരിയായ തിരുനക്കര മൈതാനിയിൽ സ്വാഗതസംഘം ചെയർമാൻ വി എൻ. വാസവൻ പതാക ഉയർത്തും. സമ്മേളനനഗരിയിൽ സ്ഥാപിക്കാനുള്ള കൊടിമരം നീണ്ടൂർ രക്ഷസാക്ഷികളുടെ സ്‌മൃതി കുടീരത്തിൽ നിന്നും പതാക വൈക്കം സത്യാഗ്രഹ സ്‌മാരകത്തിൽ നിന്നും ജാഥയായി കൊണ്ടുവരും. യൂണിയൻ സംസ്ഥാന സെക്രട്ടറി പിപി സന്തോഷ് നയിക്കുന്ന കൊടിമര ജാഥ, വൈക്കം വിശ്വനും സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി.എം. ഹാജറ നയിക്കുന്ന പതാകജാഥ കെ ജെ തോമസും ഉദ്ഘാടനം ചെയ്യും. 2025 മെയ് 25, 26, 27 തീയതികളിൽ ആലപ്പുഴയിൽ ചേർന്ന 62-ാം സംസ്ഥാന സമ്മേളനത്തിനു ശേഷമുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി ഭാവി പരിപാടികൾക്ക് സമ്മേളനം രൂപം നൽകും.

കഴിഞ്ഞ ഒരു വർഷം ജീവനക്കാരുടെ അവകാശങ്ങൾ നേടിയെ ടുക്കാനായി ഒട്ടേറെ സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും സംഘടന നേതൃത്വം നൽകി. അഴിമതിരഹിതവും കാര്യക്ഷമവുമായ ജനപക്ഷ സിവിൽ സർവീസ് യാഥാർത്ഥ്യമാക്കാനുള്ള ഇക്കാലയളവിൽ ഏറ്റെടുത്തു. നിരന്തരമായ ഇടപെടലുകൾ ഓരോ ജില്ലയിലും അടിസ്‌ഥാന ജനവിഭാഗങ്ങൾ അധിവസിക്കുന്ന ഒരു നഗർ/ഉന്നതി ഏറ്റെടുത്ത് അവിടെ അധിവസിക്കുന്നവരുടെ ജീവിതാവശ്യങ്ങൾ പരിഹരിക്കാൻ നടത്തിവരുന്ന ഇടപെടൽ കഴിഞ്ഞ വർഷവും തുടർന്നു.

സംഘടനയുടെ നേതൃത്വത്തിൽ സംസ്‌ഥാനത്തെ മെഡിക്കൽ കോളേജുകളിലും മറ്റു പ്രധാന ആശുപത്രികളിലും രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഹെൽപ്പ് ഡെസ്ക്കുകൾ ആരംഭിച്ചു. 2026 മെയ് 21,22 തീയതികളിൽ സംസ്‌ഥാനത്തെ 144 കേന്ദ്രങ്ങളിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി. ജൂൺ 5 പരിസ്‌ഥിതി ദിനാചരണത്തോടനുബന്ധിച്ച് 144 ഏരിയാ കേന്ദ്രങ്ങളിൽ ഏകദേശം 20000 ഫല വൃക്ഷത്തൈകൾ ജീവനക്കാർക്ക് വിതരണം ചെയ്യുകയും ചെയ്തു.

കേന്ദ്രസർക്കാർ പിന്തുടരുന്ന നവലിബറൽ നയങ്ങൾ തൊഴിൽ മേഖലയെ പൊതുവിലും സിവിൽ സർവീസിനെ പ്രത്യേകിച്ചും ശിഥിലീകരിക്കുകയാണ്. സ്‌ഥിരം തൊഴിൽ എന്ന ആശയം തന്നെ അട്ടിമറിക്കുകയും എല്ലായിടത്തും നിശ്ചിതകാല കരാർ കാഷ്വൽ നിയമനങ്ങൾ മാത്രം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കേന്ദ്ര സിവിൽ സർവീസിൽ മാത്രം പത്തു ലക്ഷത്തിലേറെ തസ്ത‌ികൾ ഒഴിഞ്ഞു കിടക്കുന്നു. എന്നിട്ടും നിയമനം നൽകുന്നില്ല.

ലേബർ കോഡുകൾ വിജ്ഞാപനം ചെയ്‌തതോടെ തൊഴിലെടു ക്കുന്നവർക്ക് ലഭിച്ചുകൊണ്ടിരുന്ന പരിമിതമായ പരിരക്ഷകൾ പോലും ഇല്ലാതാകും. അവരെ കേവലം കൂലി അടിമകളാക്കി മാറ്റുന്ന സ്‌ഥിതി സംജാതമാകും. സിവിൽ സർവ്വീസിനെയും ലേബർ കോഡുകൾ പ്രതികൂലമായി ബാധിക്കും. ലേബർ കോഡുകൾ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന ഐക്യപ്രക്ഷോഭത്തിൽ ജീവനക്കാരും പങ്കെടുക്കുകയാണ്.

കേന്ദ്രത്തിലും ഇതര സംസ്‌ഥാനങ്ങളിലും നിലനിന്നിരുന്നതിൽ നിന്നും വ്യത്യസ്‌തമായി ജന താൽപര്യങ്ങൾ പരിരക്ഷിക്കുന്ന ബദൽ നയങ്ങളാണ് ഒരു പതിറ്റാണ്ടായി കേരളം പിന്തുടർന്നത്.

ശമ്പളവും പെൻഷനും നൽകാൻ സംസ്‌ഥാനത്തെ റവന്യൂ വരുമാനത്തിന്റെ സിംഹഭാഗവും വിനിയോഗിക്കുന്നതിനാൽ വികസന ചെലവുകൾ നിർവഹിക്കാനാവുന്നില്ല എന്ന വാദഗതി വസ്‌തുതകൾക്ക് നിരക്കുന്നതല്ല. 1968 മുതൽ കേരളത്തിലെ ജീവനക്കാർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അഞ്ചുവർഷം കൂടുമ്പോഴുള്ള ശമ്പള പരിഷ്കരണം ഇനിമുതൽ പത്ത് വർഷത്തിൽ ഒരിക്കൽ മതിയെന്ന ശുപാർശ അംഗീകരിക്കാനാവില്ല. പൊതു സേവനത്തുറകൾ സ്വകാര്യവൽക്കരിക്കണമെന്ന ശുപാർശയും ആത്യന്തികമായി ബാധിക്കുന്നത് സിവിൽ സർവീസിനെയാണ്.

മുൻ യുഡിഎഫ് സർക്കാരുകളെപ്പോലെ സിവിൽ സർവീസിനെ പരിമിതപ്പെടുത്തുന്നതും അവകാശങ്ങൾ നിഷേധിക്കുന്നതുമായ നയമാണ് പുതിയ സർക്കാരും പിന്തുടരുന്നതെങ്കിൽ ഇതര സംഘടനകളുമായി ചേർന്ന് ശക്തമായ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കും.

തൊഴിലെടുത്ത് ജീവിക്കുന്നവർ പൊതുവിലും ജീവനക്കാർ പ്രത്യേകിച്ചും അഭിമുഖീകരിക്കുന്ന ജീവൽ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനും തൊഴിൽപരമായ ഉത്തരവാദിത്വവും സാമൂഹ്യപ്രതിബദ്ധതയും മുറുകെപ്പിടിച്ചു മുന്നോട്ടുപോകാനും ആവശ്യമായ പ്രവർത്തന പരിപാടികൾക്ക് 63-ാം സംസ്ഥാന സമ്മേളനം രൂപം നൽകും.

വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ വി എൻ വാസവൻ,കേരള എൻ ജി ഒ യൂണിയൻ ജനറൽ സെക്രട്ടറി എം വി ശശിധരൻ, പ്രസിഡൻ്റ് എം എ അജിത് കുമാർ സ്വാഗതസംഘം ജനറൽ കൺവീനർ സീമ എസ് നായർ, വി.കെ ഉദയൻ, ടി. ഷാജി എന്നിവർ പങ്കെടുത്തു.