play-sharp-fill
പണം തട്ടാന്‍ പുതിയ രീതിയുമായി ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ ; നമ്പര്‍ കണ്ടാല്‍ മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളുടെ കസ്റ്റമര്‍ കെയറെന്ന് തോന്നും; മുന്നറിയിപ്പുമായി കേരള പൊലീസ്

പണം തട്ടാന്‍ പുതിയ രീതിയുമായി ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ ; നമ്പര്‍ കണ്ടാല്‍ മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളുടെ കസ്റ്റമര്‍ കെയറെന്ന് തോന്നും; മുന്നറിയിപ്പുമായി കേരള പൊലീസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ പണം തട്ടാന്‍ പുതിയ രീതിയില്‍ എത്തുന്നതായി പൊലീസിന്റെ മുന്നറിയിപ്പ്. മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളുടെ കസ്റ്റമര്‍ കെയറില്‍ നിന്നാണെന്നു പറഞ്ഞ് വരുന്ന കോളുകളെ അവഗണിക്കണമെന്നാണ് പൊലീസിന്റെ നിര്‍ദേശം. മൊബൈല്‍ സേവനദാതാക്കളോ ബാങ്ക് അധികൃതരോ അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫോണ്‍ വഴി ആവശ്യപ്പെടാറില്ലെന്നും ഇത്തരം കോളുകളിലും തട്ടിപ്പിലും വീഴരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

കേരള പൊലീസിന്റെ മുന്നറിയിപ്പ് ഇങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിങ്ങളുടെ അക്കൗണ്ടിലെ പണം തട്ടിയെടുക്കാനായി നിരവധി തന്ത്രങ്ങളാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ ദിനംപ്രതി പരീക്ഷിക്കുന്നത്. മൊബൈല്‍ ഫോണ്‍ സേവനം ലഭ്യമാക്കുന്ന കമ്പനികളുടെ പേരിലുള്ള തട്ടിപ്പുകളും ഇപ്പോള്‍ സജീവമാണ്.

മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളുടെ കസ്റ്റമര്‍ കെയറില്‍ നിന്നാണെന്നു പറഞ്ഞായിരിക്കും ഇവര്‍ നിങ്ങളെ ബന്ധപ്പെടുക. നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ ഫോണ്‍ നമ്പറിലേയ്ക്കുള്ള സേവനങ്ങള്‍ ചില സാങ്കേതികപ്രശ്‌നങ്ങള്‍ മൂലം നിര്‍ത്തേണ്ടിവരുന്നു എന്നാണ് ഇത്തരം വ്യാജ കസ്റ്റമര്‍ കെയറില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്ന സന്ദേശം.

ബാങ്കിങ് സേവനങ്ങള്‍ മുടങ്ങാന്‍ ഇടയാകും എന്നും ഇവര്‍ അറിയിക്കുന്നു. ഇതൊഴിവാക്കാന്‍ ഒരു ‘അസിസ്റ്റ് ആപ്പ്’ ഡൗണ്‍ലോഡ് ചെയ്ത് മൊബൈല്‍ നമ്പര്‍ റീചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെടുന്നു. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാനെന്ന വ്യാജേന തട്ടിപ്പുകാര്‍ നിങ്ങളുടെ സ്വകാര്യ, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തുകയും പണം തട്ടുകയും ചെയ്യുന്നു.

മൊബൈല്‍ സേവനദാതാക്കളോ ബാങ്ക് അധികൃതരോ അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫോണ്‍ വഴി ആവശ്യപ്പെടാറില്ല. അത്തരം കാളുകള്‍ സംശയത്തോടെ കാണുക, നിരുത്സാഹപ്പെടുത്തുക. അനാവശ്യമായ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക. ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ തന്നെ വിവരം 1930 എന്ന സൈബര്‍ പോലീസ് ഹെല്പ് ലൈന്‍ നമ്പറില്‍ അറിയിക്കുക. ഒരു മണിക്കൂറിനകം തന്നെ ഈ നമ്പറില്‍ വിവരമറിയിച്ചാല്‍ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണ്.