നീതി ദേവത കൺതുറന്നു.. സുപ്രീംകോടതിയിലെ നീതിദേവതക്ക് ഇനി പുതുരൂപം; കണ്ണ് തുറന്ന് എല്ലാം കാണും; വാളിന് പകരം കൈയിൽ ഭരണഘടന; പുതിയമാറ്റം രാജ്യത്തെ നിയമത്തിന് അന്ധതയില്ലെന്നും നിയമം ശിക്ഷയുടെ പ്രതീകമല്ലെന്നുമുള്ള സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ
ന്യൂഡൽഹി: സുപ്രീംകോടതിയിലെ ജഡ്ജസ് ലൈബ്രറിയിലെ നീതിദേവതക്ക് ഇനി പുതുരൂപം. കണ്ണുമൂടിക്കെട്ടി, ഒരു കൈയിൽ ത്രാസും മറുകൈയിൽ വാളുമായി നിൽക്കുന്ന നീതിദേവതയെ ഇനി ഇവിടെ കാണാനാകില്ല. പകരം, എല്ലാം കാണുന്ന പുതിയ നീതിദേവത. വാളിന് പകരം കൈയിൽ ഭരണഘടനയുമായി നിൽക്കുന്ന നീതിദേവതയാണ് ജഡ്ജസ് ലൈബ്രറിയെ അലങ്കരിക്കുക.
കണ്ണുകൾ നഗ്നമാക്കുന്നതിലൂടെ രാജ്യത്തെ നിയമത്തിന് അന്ധതയില്ലെന്നും വാൾ ഒഴിവാക്കുന്നതിലൂടെ നിയമം ശിക്ഷയുടെ പ്രതീകമല്ല എന്നുമുള്ള സന്ദേശമാണ് നൽകുന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ നിർദേശപ്രകാരമാണ് പുതിയ പ്രതിമ സ്ഥാപിച്ചത്.
ക്രിമിനല്‍ നിയമങ്ങളില്‍ ആധിപത്യം സ്ഥാപിച്ചിരുന്ന ബ്രിട്ടീഷ് കൊളോണിയല്‍ പാരമ്പര്യവും സ്വാധീനവും ഇല്ലാതാക്കാനായാണ് പുതിയ പരിഷ്കരണമെന്ന് ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വൃത്തങ്ങൾ പറയുന്നു. ഇന്ത്യന്‍ പീനല്‍ കോഡിന് പകരം ഭാരതീയ ന്യായ സംഹിത അവതരിപ്പിച്ചതിന് സമാനമാണിത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘നിയമം ഒരിക്കലും അന്ധമല്ല, എല്ലാവരെയും തുല്യരായി കാണുകയാണ് ചെയ്യുന്നത് എന്ന ദൃഢനിശ്ചയമാണ് ചീഫ് ജസ്റ്റിസിനെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. നീതിദേവതയുടെ രൂപം മാറ്റണം. ഒരു കൈയില്‍ നിര്‍ബന്ധമായും അവര്‍ പിടിച്ചിരിക്കേണ്ടത് ഭരണഘടനയാണ്, വാളല്ല. നീതിദേവത നീതിക്കുവേണ്ടി നിലകൊള്ളുന്നത് ഭരണഘടനാനുസൃതമായിരിക്കണം. വാള്‍ അക്രമത്തിന്റെ പ്രതീകമാണ്. എന്നാൽ, കോടതികള്‍ നീതിവിധിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന നിയമത്തിലൂടെയാണെന്നും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വൃത്തങ്ങള്‍ പറയുന്നു.
അതേസമയം മുഖം നോക്കാതെ തുല്യനീതി നടപ്പാക്കുക എന്നതാണ് കണ്ണുമൂടിക്കെട്ടിയ നീതിദേവത മുന്നോട്ടുവെക്കുന്ന ആശയം. നിയമത്തിന് മുമ്പിൽ എല്ലാവരും സമന്മാരാണ്. സമ്പത്തോ, അധികാരമോ മറ്റ് സാമൂഹിക മാനദണ്ഡങ്ങളോ കാണാതെ നിയമം നടപ്പാക്കുക എന്നതും കണ്ണുമൂടിക്കെട്ടിയതിലൂടെ ഉദ്ദേശിക്കുന്നു.
അനീതിയെ ശിക്ഷിക്കാനുള്ള അധികാരത്തിന്‍റെ പ്രതീകമാണ് വാൾ. നീതിദേവതയുടെ വലതു കൈയിലെ ത്രാസ് പുതിയ പ്രതിമയിലും അങ്ങനെ തുടരും. ഇരുഭാഗവും കേട്ട ശേഷം സമൂഹ നന്മക്കായി കൃത്യമായ വിധിനിർണയത്തിലേക്ക് എത്തുകയെന്നതാണ് ത്രാസ് സൂചിപ്പിക്കുന്നത്.