play-sharp-fill
വാക്‌സിനേഷൻ കുറഞ്ഞ ജില്ലകളിൽ കൂടുതൽ ടെസ്റ്റിംഗ്; ക്ലസ്റ്റർ മേഖലയിൽ നേരിട്ടെത്തിയും ക്യാമ്പുകൾ മുഖേനയും സാമ്പിൾ കളക്ഷൻ; താമസമില്ലാതെ പരിശോധന ഫലം; സംസ്ഥാനത്ത് ഊർജിത പദ്ധതിയുമായി ആരോഗ്യ വകുപ്പ്

വാക്‌സിനേഷൻ കുറഞ്ഞ ജില്ലകളിൽ കൂടുതൽ ടെസ്റ്റിംഗ്; ക്ലസ്റ്റർ മേഖലയിൽ നേരിട്ടെത്തിയും ക്യാമ്പുകൾ മുഖേനയും സാമ്പിൾ കളക്ഷൻ; താമസമില്ലാതെ പരിശോധന ഫലം; സംസ്ഥാനത്ത് ഊർജിത പദ്ധതിയുമായി ആരോഗ്യ വകുപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് കേസുകൾ ഉയർന്നതോടെ പരമാവധി പേരെ പരിശോധിക്കാനായി ആരോഗ്യ വകുപ്പ് ഊർജിത പദ്ധതി ആവിഷ്‌ക്കരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കൊവിഡ് പോസിറ്റീവായവരെ എത്രയും വേഗം കണ്ടെത്തി രോഗ വ്യാപനം കുറയ്ക്കുന്നതിനാണ് ഊർജിത പരിശോധന നടത്തുന്നത്.

വാക്‌സിനേഷൻ കുറഞ്ഞ ജില്ലകളിൽ ടെസ്റ്റിംഗ് കൂടുതൽ വ്യാപകമാക്കും. രോഗവ്യാപനം കണ്ടെത്തുന്ന സ്ഥലങ്ങളും ക്ലസ്റ്ററുകൾ കേന്ദ്രീകരിച്ചും പരമാവധി പേരെ പരിശോധിക്കുന്നതാണ്. ആരോഗ്യ പ്രവർത്തകർ, കൊവിഡ് മുന്നണി പോരാളികൾ, കച്ചവടക്കാർ, വിവിധ ഹോമുകൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകൾ നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധനയ്ക്കായി അവരവർ തന്നെ മുൻകൈയെടുക്കേണ്ടതാണ്. തുടക്കത്തിലേ രോഗം കണ്ടെത്തിയാൽ തങ്ങളേയും കുടുംബത്തേയും ഒരുപോലെ രക്ഷിക്കാനാകും. എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യ പരിശോധന നടത്താനുള്ള സൗകര്യമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ക്ലസ്റ്റർ മേഖലയിൽ നേരിട്ടെത്തിയും ക്യാമ്പുകൾ മുഖേനയും സാമ്പിൾ കളക്ഷൻ നടത്തുന്നതാണ്. കാലതാമസമില്ലാതെ പരിശോധനാ ഫലം നൽകാനും നടപടി സ്വീകരിച്ചിട്ടുണ്ട്. പനി, ജലദോഷം, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണമുള്ളവരും രോഗ സാദ്ധ്യതയുള്ളവരും പോസിറ്റീവ് ആയവരുമായി സമ്പർക്കത്തിലുള്ള എല്ലാവരും പരിശോധന നടത്തേണ്ടതാണ്.

ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുള്ളവരും ഗുരുതര രോഗമുള്ളവരും ചെറിയ ലക്ഷണമുണ്ടെങ്കിൽ പോലും പരിശോധന നടത്തി കൊവിഡ് ബാധിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇത്തരക്കാർക്ക് കൊവിഡ് ബാധിച്ചാൽ പെട്ടന്ന് ഗുരുതരമാകുന്നതിനാൽ ശ്രദ്ധിക്കേണ്ടതാണ്. വിവാഹം, ശവസംസ്‌കാരം തുടങ്ങി പൊതു ചടങ്ങുകളിൽ പങ്കെടുത്തവർക്ക് ആർക്കെങ്കിലും കൊവിഡ് വന്നാൽ പങ്കെടുത്തവർ എല്ലാവരും പരിശോധന നടത്തേണ്ടതാണ്.

ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്ത 2020 ജനുവരി 30ന് ആലപ്പുഴ എൻഐവിയിൽ മാത്രമുണ്ടായിരുന്ന കൊവിഡ് പരിശോധനാ സംവിധാനം ഇപ്പോൾ സംസ്ഥാനം മുഴുവൻ ലഭ്യമാണ്. സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ആന്റിജൻ പരിശോധന നടത്താനാകും. സർക്കാർ, സ്വകാര്യ മേഖലയിലെ 120 ഓളം ലാബുകളിൽ ആർ.ടി.പി.സി.ആർ. പരിശോധന നടത്തുന്നുണ്ട്. 14 മൊബൈൽ ലാബുകൾ മുഖേനയും കൊവിഡ് പരിശോധന നടത്തിവരുന്നു.

പരിശോധനയുടെ കാര്യത്തിൽ ടെസ്റ്റ് പെർ മില്യൺ ബൈ കേസ് പെർ മില്യൺ എന്ന ശാസ്ത്രീയ മാർഗമാണ് കേരളം അവലംബിച്ചത്. കേസുകൾ കൂടുന്നതനുസരിച്ച് പരിശോധനകളുടെ എണ്ണവും വർദ്ധിപ്പിച്ചു. സംസ്ഥാനത്തെ കൊവിഡ് പ്രതിദിന പരിശോധന 1,99,456 വരെ (03.08.2021) വർദ്ധിപ്പിച്ചിരുന്നു.

സർക്കാർ ലാബുകളിലേയും സ്വകാര്യ ലാബുകളിലേയും പരിശോധനകൾ ഏകീകൃത ഓൺലൈൻ സംവിധാനമായ ലബോറട്ടറി ഡയഗ്നോസിസ് ആന്റ് മാനേജ്‌മെന്റ് സിസ്റ്റം (എൽ.ഡി.എം.എസ്.) പോർട്ടൽ വഴിയാണ് ഏകോപിപ്പിക്കുന്നത്. ജില്ലാ കോവിഡ് കൺട്രോൾ റൂമും സ്റ്റേറ്റ് കോവിഡ് കൺട്രോൾ റൂമും ഇത് ക്രോഡീകരിക്കുന്നു. മൊബൈലിലൂടെ പരിശോധനാ ഫലം ജനങ്ങൾക്ക് നേരിട്ടറിയാനുള്ള സംവിധാനവും ലഭ്യമാണ്.