പെരിയാർ നിറഞ്ഞ് കരകവിഞ്ഞു; നെടുമ്പാശേരി വിമാനത്താവളം വെള്ളത്തിൽ
സ്വന്തം ലേഖകൻ
കൊച്ചി: പെരിയാർ നിറഞ്ഞ് കരകവിഞ്ഞതോടെ നെടുമ്പാശേരി വിമാനത്താവളം വെള്ളപ്പൊക്ക ഭീഷണിയിൽ. അതിനാൽ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങുന്നത് താല്ക്കാലികമായി നിർത്തി വെച്ചു. ദേശീയ അന്തർദേശീയ സർവ്വീസുകളെല്ലാം നിർത്തിവെച്ചിരിക്കുകയാണ്. ഇടുക്കി അണക്കെട്ട് ട്രയൽ റണ്ണിന് തുറന്നതോടെ വെള്ളം പൊങ്ങുന്നതിനുള്ള സാഹചര്യം നിലനിൽക്കുന്നതിനാലാണ് ലാൻഡിംഗ് നിർത്തിയതെന്നു വിമാനത്താവള അധികൃതർ അറിയിച്ചു. 12.00മണിക്കാണ് ഇടുക്കി അണക്കെട്ട് ട്രയൽ റണ്ണിനായി തുറന്നത്. കനത്ത മഴയെ തുടർന്ന് പാലക്കാട്, മലപ്പുറം, ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളിൽ ഉരുൾപൊട്ടി. ഇടുക്കിയിലെ അടിമാലിയിലുണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ അഞ്ച് പേരടക്കം പത്ത് പേർ മരിച്ചു. അതേസമയം, മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്തുള്ള ചെട്ടിയാമ്പാറയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. വയനാടും ഒരാൾ മരിച്ചതായാണ് സൂചന. മടിക്കേരിയിലുണ്ടായ ഉരുൾപൊട്ടലിൽ രണ്ട് പേരെ കാണാതായി. മലപ്പുറത്ത് അഞ്ചിടത്ത് ഉരുൾപൊട്ടലുണ്ടായി. ഒഡീഷ തീരത്തുള്ള ന്യൂനമർദ്ദമാണ് മഴ കനക്കാൻ കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കരുതപ്പെടുന്നത്. മഴയ്ക്ക്പുറമെ വ്യാപക മണ്ണിടിച്ചിലും ഉരുൾപൊട്ടലുമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നത്. ജില്ലകളിലെ കലക്ടർമാർ ജാഗ്രതാ നിർദ്ദേശം നൽകി.