
ദേശീയപാതകളിലെ കുഴികൾ ഒരാഴ്ചയ്ക്കകം അടയ്ക്കണം ;ഹൈക്കോടതിയുടെ അന്ത്യശാസനം
സ്വന്തം ലേഖിക
കൊച്ചി :സംസ്ഥാനത്ത് ദേശീയപാതകളിലെ കുഴികൾ ഒരാഴ്ചയ്ക്കകം അടയ്ക്കണമെന്നു ദേശീയപാതാ അതോറിറ്റിക്കു ഹൈക്കോടതിയുടെ അന്ത്യശാസനം. റോഡപകടങ്ങൾ മനുഷ്യനിർമിത ദുരന്തങ്ങളാണെന്നും റോഡുകൾ കുരുതിക്കളങ്ങളാകുന്നത് അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി മേധാവികളായ കലക്ടർമാർ വെറും കാഴ്ചക്കാരാകരുതെന്നും നിർദേശിച്ചു.
ഓരോ ദുരന്തമുണ്ടാകുമ്പോഴും ഉത്തരവിട്ടുകൊണ്ടിരിക്കാൻ കോടതിക്കാവില്ല. അപകടശേഷം ദുരന്തനിവാരണ നിയമപ്രകാരം ഉത്തരവിട്ടിട്ട് എന്തുകാര്യം ? ദേശീയപാതയാണെങ്കിലും പിഡബ്ല്യുഡി, തദ്ദേശഭരണ സ്ഥാപന റോഡുകളാണെങ്കിലും അപകടം ഒഴിവാക്കാനുള്ള നടപടികൾ കലക്ടർമാർ ഉറപ്പാക്കണം. ഒരു കുഴിയാണെങ്കിൽ പോലും എൻജിനീയർക്കും കരാറുകാർക്കും മറ്റ് ഉത്തരവാദപ്പെട്ടവർക്കുമെതിരെ നടപടിയെടുക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച വിവിധ ഹർജികളിലാണു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. നിലവിലെ കരാറുകാർ വഴിയോ പുതിയ ആളുകൾ വഴിയോ ഒരാഴ്ചയ്ക്കകം ദേശീയപാതയിലെ കുഴികൾ മൂടണം. ഹർജി 19നു പരിഗണിക്കുമ്പോൾ റോഡിൽ കുഴികളില്ലെന്നാകണം അറിയിക്കേണ്ടതെന്നു പൊതുമരാമത്ത് വകുപ്പിനും തദ്ദേശഭരണ സ്ഥാപനങ്ങൾക്കും കോടതി നിർദേശം നൽകി.
12നു പരിഗണിക്കാനിരുന്ന ഹർജികളാണ് എറണാകുളം നെടുമ്പാശേരി അത്താണിയിൽ ഹാഷിം എന്നയാളുടെ മരണത്തെത്തുടർന്ന് അമിക്കസ് ക്യൂറിയുടെ അപേക്ഷപ്രകാരം ഇന്നലെ പരിഗണിച്ചത്. അപകടം സംബന്ധിച്ചും പാതയിൽ തകർന്നുകിടക്കുന്ന മറ്റു സ്ഥലങ്ങൾ സംബന്ധിച്ചും ദേശീയപാതാ അതോറിറ്റി അന്വേഷിക്കണം. എൻജിനീയർമാർ, കരാറുകാർ എന്നിങ്ങനെ ആർക്കാണ് ഉത്തരവാദിത്തമെന്നു വ്യക്തമാക്കി റിപ്പോർട്ട് നൽകണം.
ചാലക്കുടി, കൊടുങ്ങല്ലൂർ, ഒരുമനയൂർ എന്നിവിടങ്ങളിലെ റോഡുകളുടെ ശോച്യാവസ്ഥയും അമിക്കസ് ക്യൂറി വിനോദ് ഭട്ട് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. അപകടത്തിലെ മരണം ഞെട്ടിച്ചെന്നു കോടതി പറഞ്ഞു. കോടതി ഉത്തരവനുസരിച്ചു നന്നാക്കുന്ന റോഡുകളും വൈകാതെ തകരുകയാണ്. ടോൾ പിരിക്കുന്ന കമ്പനിക്കോ ഉത്തരവാദപ്പെട്ട മറ്റുള്ളവർക്കോ റോഡുകൾ നല്ല രീതിയിൽ പരിപാലിക്കാൻ ബാധ്യതയുണ്ട്. വിജിലൻസ് അന്വേഷണം സംബന്ധിച്ചു നേരത്തേ നൽകിയ നിർദേശം നിലനിൽക്കുമെന്നും വ്യക്തമാക്കി.
ദേശീയപാതാ അതോറിറ്റി തിരുവനന്തപുരം റീജനൽ ഓഫിസറെ ഹർജിയിൽ ഹൈക്കോടതി കക്ഷിചേർത്തു. അടുത്ത തവണ കരാറിന്റെ പകർപ്പ് ഹാജരാക്കാമെന്ന് ദേശീയപാതാ അതോറിറ്റിയുടെ അഭിഭാഷകൻ അറിയിച്ചു.