മാലിന്യങ്ങളുടെ കൂട്ടത്തിലിട്ട് പ്ലാസ്റ്റിക് ദേശീയ പതാക കത്തിച്ച സംഭവം; നിലമ്പൂരിൽ ഒരാള്‍ അറസ്റ്റില്‍
സ്വന്തം ലേഖിക
മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ പ്ലാസ്റ്റിക് ദേശീയ പതാക കത്തിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു.
സംഭവത്തില്‍ പൂവത്തിപ്പൊയില്‍ കുന്നത്ത് കുഴിയില്‍ വീട്ടില്‍ ചന്ദ്രന്‍ എന്നയാളെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു. വഴിക്കടവ് പഞ്ചായത്തിന് മുന്‍വശമുള്ള റോഡില്‍ മാലിന്യങ്ങളുടെ കൂട്ടത്തില്‍ ഇട്ട് പ്ലാസ്റ്റിക് നിര്‍മിത ദേശീയ പതാക കത്തിച്ചെന്നാണ് പൊലീസിന് ലഭിച്ച പരാതി. യുവമോര്‍ച്ച നേതാക്കളാണ് പരാതി നല്‍കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പഞ്ചായത്തിന് മുന്‍വശം കച്ചവടം നടത്തുന്നയാളാണ് ചന്ദ്രന്‍. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
അതേസമയം, സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താനുള്ള ‘ഹര്‍ ഘര്‍ തിരംഗ’ പ്രചാരണം രാജ്യം അഭിമാനപൂര്‍വ്വം ഏറ്റെടുത്തിരിക്കുകയാണ്. ‘ഹര്‍ ഘര്‍ തിരംഗ’യുടെ ഭാഗമായി കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വീടുകളില്‍ പതാക ഉയര്‍ത്തി.
ഇന്നലെ ആരംഭിച്ച് സ്വാതന്ത്ര്യദിനം വരെ പതാക ഉയര്‍ത്താനാണ് സര്‍ക്കാരിന്റെ ആഹ്വാനം. സ്വാതന്ത്ര്യത്തിന്‍റെ വജ്ര ജൂബിലി ജയന്തി വീടുകളില്‍ പതാക ഉയര്‍ത്തി ആഘോഷിക്കുകയാണ് രാജ്യം. വീടുകളിലും സ്കൂളിലും സ്ഥാപനങ്ങളിലുമെല്ലാം ഇന്നലെ രാവിലെ തന്നെ ദേശീയ പതാകകള്‍ ഉയര്‍ന്നു.
കേന്ദ്ര സാംസ്കാരിക വകുപ്പ് ഇരുപത് കോടി ദേശീയ പതാകകളാണ് ‘ഹര്‍ ഘര്‍ തിരംഗ’യുടെ ഭാഗമായി വിതരണം ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഭാര്യ സൊണാല്‍ ഷായും ഡൽഹിയിലെ വീട്ടില്‍ പതാക ഉയര്‍ത്തി.