എൻ.കെ. പ്രേമചന്ദ്രൻ മികച്ച പാർലമെന്റ് അംഗം
സ്വന്തം ലേഖകൻ
ന്യൂഡൽഹി : എൻ.കെ. പ്രേമചന്ദ്രനും മല്ലികാർജുന ഖാർഗെയും മികച്ച പാർലമെന്റ് അംഗങ്ങൾ. ഫെയിം ഇന്ത്യ മാഗസിനും ഏഷ്യ പോസ്റ്റും ഏർപ്പെടുത്തിയ അവാർഡിനാണ് ഇരുവരും അർഹരായത്. വ്യത്യസ്ത മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി 25 വിഭാഗങ്ങളിലായി ഏർപ്പെടുത്തിയ അവാർഡിന് ദക്ഷിണേന്ത്യയിൽനിന്ന് ഇവർ രണ്ടുപേർമാത്രമേ അർഹരായുള്ളൂ. ജനുവരിയിൽ ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണംചെയ്യും.
മന്ത്രിമാർ ഒഴികെയുള്ള അംഗങ്ങളെയാണ് അവാർഡിന് പരിഗണിച്ചത്. മികച്ച നിലവാരം പുലർത്തിയ എം.പി. എന്ന വിഭാഗത്തിലാണ് പ്രേമചന്ദ്രന് പുരസ്‌കാരം. ബഹുജനസമ്മതി, പൊതുവിഷയങ്ങളിലുള്ള ഇടപെടലുകൾ, ലോക്സഭയിലെ ചർച്ചകളിലെ പങ്കാളിത്തം, പൊതുതാത്പര്യ വിഷയങ്ങൾ മുൻനിർത്തിയുള്ള ചോദ്യങ്ങൾ, ജനാധിപത്യ ശാക്തീകരണത്തിനായി കൊണ്ടുവന്ന സ്വകാര്യബില്ലുകൾ, വിവിധ വിഷയങ്ങളിലുള്ള അറിവ്, പൊതുജനങ്ങൾക്ക് നൽകുന്ന സഹായം, പൊതുജനങ്ങൾക്ക് എപ്പോഴും എം.പി.യെ സമീപിക്കാനുള്ള സാഹചര്യം, മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് കമ്മിറ്റി പരിഗണിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group