കോട്ടയത്തെ ഞെട്ടിച്ച് വീണ്ടും അരുംകൊല;  കാൽപാദം മുറിച്ച് മാറ്റി റോഡിലിട്ടു; മൃതദ്ദേഹം ഒരു കിലോമീറ്റർ അകലെയുള്ള തോട്ടത്തിൽ ഉപേക്ഷിച്ചു; പ്രതികൾ പൊലീസ് കസ്റ്റഡിയിൽ

കോട്ടയത്തെ ഞെട്ടിച്ച് വീണ്ടും അരുംകൊല; കാൽപാദം മുറിച്ച് മാറ്റി റോഡിലിട്ടു; മൃതദ്ദേഹം ഒരു കിലോമീറ്റർ അകലെയുള്ള തോട്ടത്തിൽ ഉപേക്ഷിച്ചു; പ്രതികൾ പൊലീസ് കസ്റ്റഡിയിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: കോട്ടയത്തെ ഞെട്ടിച്ച് വീണ്ടും അരുംകൊല. യുവാവിനെ വെട്ടിക്കൊന്ന് മൃതദേഹം രണ്ടിടങ്ങളിലായി ഉപേക്ഷിച്ചു.

പത്തനാട് മുണ്ടത്താനം സ്വദേശി മനേഷ് തമ്പാന്‍ ആണ് കൊല്ലപ്പെട്ടത്. കോട്ടയം കങ്ങഴ ഇടയപ്പാറ കവലയില്‍ രക്തസാക്ഷി കുടീരത്തിന് തൊട്ടുമുന്‍പില്‍ ഇന്ന് ഉച്ചയോടെയാണ് ഒരാളുടെ കാല്‍പ്പാദം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം കറുകച്ചാല്‍ പോലീസില്‍ അറിയിച്ചതോടെ പൊലീസ് സംഘം ഉടന്‍ എത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവിടെ നിന്നും ഒരു കിലോമീറ്റര്‍ അകലെ റബര്‍ തോട്ടത്തില്‍ മൃതദേഹം കണ്ടെത്തിയത്.

പോലീസ് നടത്തിയ അന്വേഷണത്തില്‍ പത്തനാട് മുണ്ടത്താനം സ്വദേശി മനേഷ് തമ്പാന്‍ ആണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. മൃതദേഹം കണ്ടെത്തിയതിന് തൊട്ടുപിന്നാലെ കടയനിക്കാട് സ്വദേശി ജയേഷ്, കുമരകം സ്വദേശി സച്ചു ചന്ദ്രന്‍ എന്നിവര്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് മണിമല പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

കാലങ്ങളായുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. കൊല്ലപ്പെട്ട മനേഷ് തമ്പാനെതിരെ കൊലപാതകശ്രമം അടക്കം നിരവധി കേസുകളുണ്ട്. ഫെബ്രുവരിയില്‍ അറസ്റ്റിലായ ഇയാള്‍ ജാമ്യത്തില്‍ കഴിയുകയായിരുന്നു.

ജില്ലാ പോലീസ് മേധാവി അടക്കം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വിവരങ്ങള്‍ ശേഖരിക്കാനാണ് പോലീസ് തീരുമാനം.

ഇതുസംബന്ധിച്ച്‌ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ മാത്രമേ അന്തിമമായ വ്യക്തത കൈവരു എന്നാണ് ജില്ലാ പോലീസ് മേധാവി ഡി ശില്പ വ്യക്തമാക്കുന്നത്. പ്രതികളെ മണിമല പോലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യുന്നത്.

സംഭവം സംബന്ധിച്ച്‌ നിരവധി വിവരങ്ങള്‍ ഇനിയും പോലീസിന് അന്വേഷിച്ച്‌ കണ്ടെത്താന്‍ ഉണ്ട്. കൊലപാതകം എപ്പോള്‍ നടന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് പ്രതികളില്‍ നിന്ന് ചോദിച്ചു മനസ്സിലാക്കിയിട്ടുണ്ട്.

കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളും പോലീസ് തെരഞ്ഞു വരികയാണ്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക എന്ന പ്രാഥമിക വിവരത്തിലേക്ക് ആണ് പോലീസ് എത്തുന്നത്. നേരത്തെ നടന്ന കൊലപാതക ശ്രമവുമായി ബന്ധപ്പെട്ടുള്ള പ്രതികാരം ആണോ എന്ന് സംശയമാണ് പോലീസ് പങ്കുവെക്കുന്നത്. കാല്‍പാദം മുറിച്ച്‌ കൊണ്ട് വെച്ചത് എന്തിനുവേണ്ടിയാണ് എന്ന സംശയവും പോലീസ് മുന്നോട്ടു വെക്കുന്നു.

ഇയാള്‍ക്ക് പല രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധങ്ങളും ചിത്രങ്ങളും പുറത്തു വരുന്നുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് മറ്റോ നേതാക്കള്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുത്തത് ആകാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ സജീവ പ്രവര്‍ത്തകനായി ആളുണ്ടായിരുന്നു എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പോലീസ് പറയുന്നു. ഇയാളുടെ കാല്‍പാദം എപ്പോഴാണ് ഇടയപ്പാറ ടൗണില്‍ കൊണ്ട് വെച്ചത് എന്ന് ആരും കണ്ടിട്ടില്ല. ഇയാളുടെ മൃതദേഹം കണ്ടെത്തിയ റബ്ബര്‍തോട്ടം ആളൊഴിഞ്ഞ സ്ഥലമായിരുന്നു.

ഇയാളുടെ ശരീരത്തില്‍ മറ്റ് കാര്യമായ പരിക്കുകള്‍ ഒന്നുമില്ല എന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം.
എന്നാല്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായ ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമമായ വ്യക്തത വരൂവെന്നും പൊലീസ് പറയുന്നു.