Spread the love

കൊച്ചി: മഫ്തി ഡ്യൂട്ടിക്കിറങ്ങുന്ന പൊലീസുകാർ ഉന്നത അധികാരികളുടെ പ്രത്യേക ഉത്തരവും തിരിച്ചറിയല്‍ കാർഡും കരുതണമെന്ന് ഹൈക്കോടതി.

video
play-sharp-fill

പട്രോളിംഗിനിടെ ആരെയെങ്കിലും ചോദ്യം ചെയ്യുന്നെങ്കില്‍ തിരിച്ചറിയല്‍ കാർഡ് കാണിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. മയക്കുമരുന്ന് കൈവശംവച്ചെന്ന് സംശയിച്ച്‌ ചോദ്യം ചെയ്ത മഫ്തി പൊലീസുകാർക്കു നേരെ കുരുമുളക് സ്‌പ്രേ തളിച്ച്‌ രക്ഷപ്പെട്ടെന്ന കേസിലെ പ്രതി കോട്ടയം സ്വദേശി ഷിബിൻ ഷിയാദിന് മുൻകൂർ ജാമ്യം അനുവദിച്ചാണ് കോടതിയുടെ നിരീക്ഷണം.

പൊലീസിന്റെയും സി.ബി.ഐയുടെയും മാത്രമല്ല, ജഡ്ജിയുടെപോലും വ്യാജ സ്ഥാനമാനങ്ങളും യൂണിഫോമും ദുരുപയോഗം ചെയ്ത് പലരും തട്ടിപ്പ് നടത്തുന്നുണ്ട്. മഫ്ടിയിലെത്തുന്ന പൊലീസുകാരെ ജനം ചോദ്യംചെയ്താല്‍ കുറ്റപ്പെടുത്താനാകില്ല. പൊലീസുകാരും സ്വന്തം സുരക്ഷ കണക്കിലെടുത്ത് യൂണിഫോം അണിയുന്നതാണ് ഉചിതമെന്ന് കോടതി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒക്ടോബർ 24ന് ലഹരിമരുന്ന് സ്പെഷ്യല്‍ പരിശോധനയ്‌ക്കു പോയ വാകത്താനം സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ഹർജിക്കാരനും കൂട്ടരും ആക്രമിച്ചെന്നാണ് പരാതി. ആക്രമണം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. പൊലീസുകാർ യൂണിഫോമിലായിരുന്നില്ലെന്നും തിരിച്ചറിയല്‍ കാർഡ് കാണിച്ചില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് പറയാനാകില്ലെന്നും വാദിച്ചു.

തുടർന്നാണ് കോടതി വിഷയം വിശദമായി പരിശോധിച്ചത്. മഫ്ടി ഡ്യൂട്ടിയെക്കുറിച്ച്‌ നാഗരിക സുരക്ഷാ സംഹിതയിലോ പൊലീസ് ആക്ടിലോ പറയുന്നില്ല. മേലധികാരിയുടെ ഉത്തരവുണ്ടെങ്കില്‍ മാത്രം മഫ്തിയില്‍ ഡ്യൂട്ടി ചെയ്യാമെന്നാണ് പൊലീസ് മാന്വലില്‍ പറയുന്നത്. ഈ കേസില്‍ എസ്.പിയുടെ പ്രത്യേക ഉത്തരവ് പ്രോസിക്യൂഷൻ ഹാജരാക്കി. ഉത്തരവില്‍ മഫ്തി ഡ്യൂട്ടി നിർദ്ദേശിച്ചിട്ടില്ലെന്ന് കോടതി കണ്ടെത്തി. കുരുമുളക് സ്‌പ്രേ പ്രയോഗിച്ചുവെന്നതാണ് ചുമത്തിയ ഏക ജാമ്യമില്ലാ വകുപ്പ്. ഇത് അന്വേഷണത്തില്‍ തെളിയേണ്ടതാണെന്നു വിലയിരുത്തിയാണ് ഉപാധികളോടെ മുൻകൂർ ജാമ്യം നല്‍കിയത്. മൂന്നാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു.