
ധോണി വരുന്നു,ടീം ഇന്ത്യയിലേക്ക്;പുതിയ റോളിൽ.പരാജയത്തിന്റെ പടുകുഴിയിൽ നിന്നും രക്ഷകനായി മുൻ നായകനെ പരീക്ഷിക്കാൻ ബിസിസിഐ. 1983-ന് ശേഷം ഇന്ത്യയ്ക്കായി ലോകകപ്പ് ഉയർത്തിയതും ടി20 ചാമ്പ്യൻസ് ട്രോഫി എന്നിവ ഇന്ത്യ നേടിയതും ധോണിയുടെ മികവുറ്റ ക്യാപ്റ്റൻസിയുടെ കീഴിലായിരുന്നു.
ഇന്ത്യ തുടർച്ചയായി രണ്ടാം തവണയും ടി20 ലോകകപ്പ് ഫൈനലിൽ കടക്കാതെ പുറത്തായതിന് ശേഷം മാറ്റത്തിനായി ആരാധകർ മുറവിളി കൂട്ടുകയാണ്. ടീമിലെ മുതിർന്ന താരങ്ങളെയും പരിശീലകനെയും ഇതിന്റെ ഭാഗമായി മാറ്റണമെന്ന ആവശ്യവും ഒരു വിഭാഗം ആരാധകർ ഉന്നയിക്കുകയുണ്ടായി.പരിശീലക സ്ഥാനത്തേയ്ക്ക് പല പ്രഗത്ഭരുടെയും പേരുകൾ പറഞ്ഞു കേട്ടെങ്കിലും ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഉയർന്നുവന്ന പേരുകളിൽ ഒന്നാണ് മുൻ ഇന്ത്യൻ നായകനായ മഹേന്ദ്ര സിംഗ് ധോണി. ടി20 ലോകകപ്പിലെ അന്തസില്ലാത്ത തോൽവിയ്ക്ക് പിന്നാലെ ഇന്ത്യൻ ടീമിലെ സീനിയർ താരങ്ങൾക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർന്ന് വന്നത്. നിർണായകമായ സെമി ഫൈനൽ മത്സരത്തിൽ നായകനായ രോഹിത് ശർമയടക്കമുള്ള സീനിയർ താരങ്ങൾ പ്രതീക്ഷയ്ക്ക് ഉതകുന്ന തരത്തിലുള്ള പ്രകടനം കാഴ്ച വെയ്ക്കാതെ വന്നതോടെ ബിസിസിഐയും താരങ്ങളെ പോലെ കണക്കിന് പഴി കേട്ടു. ആ സമയത്തെല്ലാം ധോണി എന്ന മുൻ ഇന്ത്യൻ നായകന്റെ പേര് ചർച്ചയായി. ഇങ്ങനെ ചർച്ചയാകുന്നതിന് വ്യക്തമായ കാരണമുണ്ടായിരുന്നു. 1983-ന് ശേഷം ഇന്ത്യയ്ക്കായി ലോകകപ്പ് ഉയർത്തിയതും ടി20 ചാമ്പ്യൻസ് ട്രോഫി എന്നിവ ഇന്ത്യ നേടിയതും ധോണിയുടെ മികവുറ്റ ക്യാപ്റ്റൻസിയുടെ കീഴിലായിരുന്നു.
അത് കൊണ്ട് തന്നെ ഇന്ത്യ ടി20 ലോകകപ്പിലെ മോശം പ്രകടനം ആവർത്തിച്ചപ്പോഴെല്ലാം ധോണിയുടെ കീഴിൽ സമ്മർദ്ദങ്ങളെ അതിജീവിച്ച് നേട്ടിയ നിർണായക വിജയങ്ങൾ ചർച്ചയായി മാറി. എന്നാൽ ആരാധകർ ഉന്നയിച്ച വിഷയം ബിസിസിഐയും പരിഗണിച്ചതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. വരുന്ന ടി20 ലോകകപ്പിനായി മികവുറ്റ ഇന്ത്യൻ ടീമിനെ വാർത്തെടുക്കുന്നതിന്റ ഭാഗമായി മഹേന്ദ്ര സിംഗ് ധോണിയെ പരിശീലകനായി നിയമിക്കാനാണ് ബിസിസിഐയുടെ തീരുമാനം.ഡയറക്ടർ പദവിയിലേയ്ക്ക് ധോണിയെ കൊണ്ട് വരുമെന്നാണ് സൂചന. ഇതിനെക്കുറിച്ച ഔദ്യോഗികമായ തീരുമാനം പുറത്ത് വന്നിട്ടില്ലെങ്കിലും വിഷയം ബിസിസിഐ ഗൗരവകരമായി തന്നെ പരിഗണിക്കുന്നുവെന്നാണ് ക്രിക്കറ്റ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇതിനായി ഉടനെ ധോണിയുമായി ചർച്ച നടത്തുമെന്നാണ് വിവരം.
ധോണി ടീം വിട്ടതിന് ശേഷം ഇന്ത്യ ഐസിസി കിരീടങ്ങളൊന്നും തന്നെ നേടിയിട്ടില്ല എന്നതാണ് ധോണിയുടെ പരിചയസമ്പത്ത് ടി20 ടീമിനായി ഉപയോഗിക്കാനായി ബിസിസിഐയെ പ്രേരിപ്പിക്കുന്ന ഘടകം. കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പിൽ ധോണി ടീമിനോടൊപ്പം പ്രവർത്തിച്ച് നിർദേശങ്ങൾ നൽകിയിരുന്നെങ്കിലും ഇത്തവണ സ്ഥിരം പദവിയിലേയ്ക്ക് ധോണിയെ കൊണ്ട് വരാനാണ് ബിസിസിഐ തയ്യാറെടുക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
