വെള്ളൂർ പഞ്ചായത്തിൽ മോഷ്ടാക്കൾ വിലസുന്നു: വിടിന്റെ പിൻവാതിൽ പൊളിച്ച് മോഷ്ടാവ് അകത്തുകയറി: വീട്ടുകാർ ഉണർന്നതിനാൽ രക്ഷപ്പെട്ടു:
സ്വന്തം ലേഖകൻ
തലയോലപ്പറമ്പ്: വെള്ളൂര്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മോഷണം വ്യാപകമായത് പോലീസിനും ജനങ്ങൾക്കും തലവേദനയായി.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ വെള്ളൂര്‍ വാമനസ്വാമി ക്ഷേത്രത്തിനു സമീപത്തെ രണ്ടു വീട്ടിലും ഒരു വ്യാപാര സ്ഥാപനത്തിലും മോഷണശ്രമം നടന്നു.
വെള്ളൂര്‍ ജംഗ്ഷനിൽ പ്രവര്‍ത്തിക്കുന്ന ടി.ഇ. ഷാജഹാന്റെ ഉടമസ്ഥതയിലുള്ള കടയിലും, അയ്യനാംകുഴി സുധാകരന്റെ വീട്ടിലും സമീപത്തെ മറ്റൊരു വീട്ടിലുമാണ് മോഷ്ടാക്കള്‍ കയറിയത്. ആറു മാസത്തിനുള്ളില്‍ ഷാജഹാന്റെ വ്യാപാര സ്ഥാപനത്തില്‍ രണ്ടാം തവണയാണ് മോഷണം നടക്കുന്നത്. മുന്‍പ് ഇവിടെ നിന്നും 18,000 രൂപയോളം നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം പൂട്ട് തകര്‍ത്ത് അകത്തു കയറിയ മോഷ്ടാക്കൾ കടയ്ക്കുള്ളിലെ സാധനങ്ങളും മറ്റും വലിച്ചുവാരിയിട്ട് പരിശോധന നടത്തിയെങ്കിലും പണം ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നു ഷാജഹാന്‍ പറഞ്ഞു.
വീടുകളുടെ പിന്നിലെ കതക് കുത്തി തുറന്നാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ മോഷ്ടാവ് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഏകദേശം 50 വയസിനു മുകളില്‍ പ്രായം തോന്നിക്കുന്ന മുണ്ടും ഫുള്‍കൈ ഷര്‍ട്ടും ധരിച്ചിരുന്ന ആളാണ് വീടിനുള്ളില്‍ പ്രവേശിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മോഷണം പതിവാകുന്നത് കണക്കിലെടുത്ത് പോലീസ് പട്രോളിംഗ് ശക്തിപ്പെടുത്തി മോഷ്ടാക്കളെ പിടികൂടുന്നതിന് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു