സഹകരണ ബാങ്കിലെ ക്രമക്കേടിനെ തുടര്‍ന്ന് ഒളിവിലായിരുന്ന സഹകരണ സംഘം പ്രസിഡന്‍റ് മുണ്ടേല മോഹനൻ മരിച്ചനിലയിൽ; മൃതദേഹം കണ്ടെത്തിയത് സ്വന്തം റിസോര്‍ട്ടിന് പുറകിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണ സംഘം പ്രസിഡന്‍റ് മുണ്ടേല മോഹനനെ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെൽഫെയര്‍ സഹകരണ ബാങ്കിലെ ക്രമക്കേട് പരാതിയെ തുടര്‍ന്ന് ഒളിവിലായിരുന്നു.
ഇന്ന് രാവിലെ കാട്ടാക്കട അമ്പൂരി തേക്കുപാറയിലെ സ്വന്തം റിസോര്‍ട്ടിന് പുറകിലാണ് മോഹനനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മോഹനന്‍റെ ഉടമസ്ഥതയിൽ രണ്ട് റിസോര്‍ട്ടുകളാണ് ഇവിടെയുള്ളത്. ആത്മഹത്യയാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.
വെള്ളറട പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. പ്രശ്നത്തിലുള്ള പല സഹകരണ ബാങ്കുകള്‍ക്ക് സമാനമായി മുണ്ടേല വെല്‍ഫെയര്‍ സഹകരണ സംഘത്തിന്‍റെ ബാങ്കിലും ക്രമക്കേട് ആരോപണം ഉയര്‍ന്നിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പല കേസുകളും ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നുണ്ട്. നിക്ഷേപകര്‍ പണം ചോദിച്ചിട്ടും കൊടുക്കുന്നില്ലെന്ന പരാതിയുമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് നിക്ഷേപകര്‍ ബാങ്കിന് മുന്നിൽ സമരം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പ്രസിഡന്‍റ് ഒളിവിൽ പോയത്. പരാതികളില്‍ സഹകരണ വകുപ്പിന്‍റെ അന്വേഷണം നടക്കുന്നതിനിടെയാണ് മുണ്ടേല മോഹനനെ മരിച്ച നിലയിൽ കണ്ടെത്തിയത്.