മോദിയും ഷി. ജിൻപിങ്ങും ഇന്ന് മഹാബലിപുരത്ത് ; കാശ്മീർ ചർച്ചയാകും
സ്വന്തം ലേഖകൻ
ന്യൂഡൽഹി : ഇന്ത്യയും ചൈനയും തമ്മിലുള്ള രണ്ടാം അനൗദ്യോഗിക ഉച്ചകോടി യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്ള മഹാബലിപുരത്ത് ഇന്ന് നടക്കും. മഹാബലിപുരം ആദ്യമായല്ല ഇന്ത്യാ – ചൈനാ ബന്ധങ്ങൾക്ക് വേദിയാകുന്നത്. മഹാബലിപുരം ഇന്ത്യാ ചൈനാ ഉച്ചകോടിക്ക് വേദിയാകുന്നത് യാദൃച്ഛികമല്ല. ഇന്ത്യാ ചൈനാ ബന്ധത്തിന്റെ പൗരാണിക സാംസ്‌കാരിക വശങ്ങളെ പ്രതിനിധീകരിക്കുന്ന ഇടമാണ് മഹാബലിപുരം. ചൈനാ ബന്ധത്തിന് ഇന്ത്യ കൊടുക്കുന്ന പ്രാധാന്യത്തെയാണ് ഈ ചരിത്ര നഗരത്തിലെ സമ്മേളനം ചൂണ്ടിക്കാണിക്കുന്നത്.
അടുത്തകാലത്തായി ഇന്ത്യാ ചൈനാ ബന്ധം പല കാരണങ്ങളാൽ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ്. വൂഹാനിൽ നടന്ന ഒന്നാം അനൗദ്യോഗിക ഉച്ചകോടി ദോക്ലാം സംഘർഷത്തിന് ശേഷമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നത് ലക്ഷ്യമിട്ടായിരുന്നു. സംഘർഷത്തിന് അയവ് വരുത്തിയെങ്കിലും പിന്നീടുണ്ടായ സംഭവവികാസങ്ങൾ ശുഭകരമായിരുന്നില്ല. ഇന്ത്യയുടെ ന്യൂക്‌ളിയർ സപ്‌ളൈയേഴ്സ് ഗ്രൂപ്പിലേക്കുള്ള പ്രവേശനം തടസപ്പെടുത്തൽ ഭീകരവാദികളെ കരിമ്പട്ടികയിൽ പെടുത്തുന്നതിൽ ചൈനയുടെ എതിർപ്പ് , ശക്തിപ്പെടുന്ന ഇന്ത്യ യു.എസ് ബന്ധം എല്ലാറ്റിലുമുപരിയായി കാശ്മീരിൽ വരുത്തിയ ഭരണപരിഷ്‌കാരങ്ങൾ എന്നിവ കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയിലാക്കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാശ്മീർ വിഷയത്തിൽ മുൻപില്ലാത്ത വിധം കടുത്ത നിലപാടാണ് ചൈന അവലംബിച്ചത്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലും സുരക്ഷാസമിതിയിലും അകമഴിഞ്ഞ പിന്തുണയാണ് ചൈന പാകിസ്ഥാന് നൽകിയത്. എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യ വളരെ സംയമനത്തോടെയാണ് പ്രതികരിച്ചത്. കാശ്മീർ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണ്, ചൈനയുടെ അതിർത്തിയെയോ മറ്ര് പ്രശ്നങ്ങളെയോ ഇത് ബാധിക്കില്ലെന്ന നിലപാടാണ് ഇന്ത്യ എടുത്തത്. ഇന്ത്യയ്ക്ക് വേണമെങ്കിൽ ടിബറ്റ്, തായ്വാൻ, ഹോംങ്കോംഗ് പ്രശ്നങ്ങൾ എന്നിവ ഉയർത്തി ചൈനയെ പ്രതിരോധത്തിലാക്കാമായിരുന്നു. അതേസമയം കാശ്മീരിലെ യഥാർത്ഥ പ്രശ്നം ചൈനാ – പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി ചൈന വൻതോതിൽ സുരക്ഷാ സൈനികരെ നിയോഗിക്കുന്നതാണെന്ന് പറഞ്ഞിട്ടുമുണ്ട്. പാക് അധിനിവേശ കാശ്മീരിലെ ചൈനയുടെ സൈനിക സാന്നിദ്ധ്യമാണ് കാശ്മീരിന്റെ സ്ഥിതിയിൽ യഥാർത്ഥത്തിൽ പ്രശ്നമായിട്ടുള്ളത്.
ആഗോളതലത്തിൽ ഇന്ത്യയുടെ നയതന്ത്രം വിജയം കാണുന്ന സാഹചര്യമാണുള്ളത്. ഏഷ്യാ പസഫിക്കിൽ ചൈനയെ നേരിടുന്നതിന്റെ ഭാഗമായി, അമേരിക്കയും ഇന്ത്യയും ആസ്ട്രേലിയയും ജപ്പാനും ചേർന്ന് രൂപീകരിച്ചിട്ടുള്ള ചതുർരാഷ്ട്ര സഖ്യത്തിലെ വിദേശമന്ത്രിമാരുടെ സമ്മേളനം ന്യൂയോർക്കിൽ നടന്നത് ചൈന ശ്രദ്ധിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഇക്കഴിഞ്ഞ അമേരിക്കൻ സന്ദർശനം ചൈനയ്ക്ക് മറ്രൊരു സന്ദേശമാണ്. ഇതുപോലെ റഷ്യയും ജപ്പാനും പശ്ചിമേഷ്യയുമൊക്കെയായി ഇന്ത്യയ്ക്കുള്ള ബന്ധം ചൈനയെ അലോസരപ്പെടുത്തുന്നുണ്ട്.
ചൈനയുടെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് ബീജിംഗിൽ നടന്ന വൻ പരേഡ് അവരുടെ സൈനിക ശേഷിയുടെ വിളംബരം കൂടിയായിരുന്നു. ലോകത്ത് ഏറ്രവും പ്രഹരശേഷിയുള്ള മിസൈലാണ് അവിടെ പ്രദർശിപ്പിച്ചത്. മറ്റ് പല രാജ്യങ്ങളും ഇക്കാര്യത്തിൽ ആശങ്ക അറിയിച്ചപ്പോൾ ഇന്ത്യ സംയമനം പാലിച്ചു. അതേസമയം ഇന്ത്യ അരുണാചലിൽ നടത്തിയ സംയുക്ത സൈനിക അഭ്യാസത്തിൽ ചൈന മുറുമുറുക്കുകയും ചെയ്തു. വഷളാകുന്ന ബന്ധത്തിന്റെ സൂചനകളായാണ് വിദഗ്ദ്ധർ ഇതിനെ വിലയിരുത്തുന്നത്. ഈ സംഭവപരമ്പരകളുടെ ഫലമായി ഇന്ത്യാ പാക് നിഴൽയുദ്ധം വിവിധതലങ്ങളിൽ നടക്കുകയാണ്. അതിനാൽത്തന്നെ പരസ്പരം സംശയം വർദ്ധിക്കുകയും സഹകരണം കുറഞ്ഞുവരുന്ന സാഹര്യമാണ് നിലവിലുള്ളത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശക്തിയും അയൽപക്കക്കാരനുമായ ചൈനയുമായുള്ള ഈ അസ്വാരസ്യം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ ആശങ്കാജനകമാണ്.
ആഗോള രാഷ്ട്രീയത്തിൽ പല രീതിയിലുള്ള സമ്മർദ്ദങ്ങളാണ് ചൈന നേരിടുന്നത്. സാമ്പത്തിക കുതിപ്പിന്റെ ശക്തിക്ഷയം ചൈനയ്ക്കൊരു പ്രശ്നം തന്നെയാണ്. അമേരിക്കയുമായുള്ള വ്യാപാരയുദ്ധം കടുത്ത പ്രതിസന്ധിയാണ് ചൈനയ്ക്ക് സൃഷ്ടിച്ചിട്ടുള്ളത്. അതേസമയം മറ്റ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം വലിയ പ്രശ്നങ്ങൾ നേരിടുന്നുമില്ല. ഈ സാഹചര്യവും ഷീ ജിൻ-പിങിനെ മഹാബലിപുരത്തേക്ക് വരാൻ പ്രേരിപ്പിച്ചിട്ടുണ്ട്.
അടുത്ത കാലത്ത് ഇന്ത്യാ ചൈനാ ബന്ധം വഷളാക്കിയത് കാശ്മീരിലെടുത്ത നിലപാടാണ്. എന്നാൽ ഇക്കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിൽ കാശ്മീർ വിഷയം ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞത്. ഇന്ത്യ കാശ്മീരിലെടുത്ത നിലപാടിനോട് ചേർന്ന് നിൽക്കുന്നതാണ് ചൈനീസ് പ്രതികരണം. പാക് പ്രധാനമന്ത്രിയും സൈനിക മേധാവിയും ചൈന സന്ദർശിച്ച ഉടനെ നടത്തിയ ഈ പ്രസ്താവന എന്തുകൊണ്ടും ശുഭസൂചകമാണ്.