തോക്ക് വേണ്ടേ വേണ്ട പന്ത് പിന്നെയും നോക്കാം: മന്ത്രി എം.എം മണി
സ്വന്തംലേഖകൻ
കോട്ടയം :സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന പ്രദര്‍ശന നഗരിയിലെ പോലീസ് സ്റ്റാളിലെത്തിയ വൈദ്യുതി മന്ത്രി എം.എം മണിയോട് ‘സാര്‍, ഇത് സെല്‍ഫ് ലോഡ് റൈഫിളാണ് ഒന്നെടുത്തു നോക്കിക്കോളൂ’ എന്നു പറഞ്ഞപ്പോള്‍ ‘ തോക്ക് വേണ്ടേ വേണ്ട, പ്രശ്‌നമായാലോ ‘ എന്ന മറുപടി കാണികള്‍ക്കിടയില്‍ ചിരി പടര്‍ത്തി. പിന്നീടെത്തിയത് എക്‌സൈസ് വകുപ്പിന്റെ സ്റ്റാളിലാണ്. പന്ത് പിന്നെയും നോക്കാമെന്ന് പറഞ്ഞ് എറിഞ്ഞ പന്ത് ബാസ്‌ക്കറ്റില്‍ വീഴാഞ്ഞപ്പോള്‍ ‘ഉന്നം അത്ര പോരാ ‘ എന്ന് മന്ത്രിയുടെ കമന്റ്. ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു, സബ് കളക്ടര്‍ ഈശ പ്രിയ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി.കെ.തോമസ്, മുന്‍ എം.എല്‍.എ വി.എന്‍ വാസവന്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് നാഗമ്പടം മൈതാനിയിലെ പ്രദര്‍ശന നഗരി സന്ദര്‍ശിച്ചത്. ഓരോ സ്റ്റാളുകളിലും കയറിയിറങ്ങിയ മന്ത്രി എല്ലാവരോടും കുശലാന്വേഷണവും നടത്തി. ‘ഇത് കലക്കിയിട്ടുണ്ട്’ എന്നു പറഞ്ഞു കൊണ്ടാണ് കൃഷി വകുപ്പിന്റെ സ്റ്റാളിലേക്ക് കയറിച്ചെന്നത്. കാബേജ് കൊണ്ടുണ്ടാക്കിയ മയിലും പച്ചമുളകു കൊണ്ട് നിര്‍മ്മിച്ച കോഴിയും അദ്ദേഹം വീക്ഷിച്ചു. ഗവ.ചില്‍ഡ്രന്‍സ് ഹോം സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ട്രോഫികള്‍ കണ്ട മന്ത്രി സമ്മാനം നേടിയ കുട്ടികളെ അഭിനന്ദനം അറിയിച്ചു. കുടുംബശ്രീ സ്റ്റാളിലെത്തിയ മന്ത്രിയോട് ഇത് ഇടുക്കിയിലെ തേനാ’ എന്ന് പറഞ്ഞ കുടുംബശ്രീക്കാരോട് ‘ഞാനത് ഒത്തിരി കുടിച്ചിട്ടുണ്ടെന്ന് ചിരിയോടെ മറുപടി നല്‍കി.