ആരോപണത്തിൽ വിശദീകരണം നൽകേണ്ടത് കെൽട്രോൺ’; ക്യാമറയുടെ വിലയോ സാങ്കേതിക കാര്യങ്ങളോ മോട്ടോര്‍ വാഹനവകുപ്പിന് അറിയില്ല; ആന്റണി രാജു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: എഐ ക്യാമറകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് കെല്‍ട്രോൺ ആണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു.
ക്യാമറകളുടെ വില സംബന്ധിച്ചും സാങ്കേതിക കാര്യങ്ങൾ സംബന്ധിച്ചും പറയേണ്ടത് പദ്ധതി തയ്യാറാക്കിയ കെൽട്രോൺ ആണെന്നും മന്ത്രി പറഞ്ഞു. എഐ ക്യാമറകൾ സ്ഥാപിച്ചതിൽ വലിയ അഴിമതിയുണ്ടെന്നായിരുന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പദ്ധതി തയ്യാറാക്കിയത് കെൽട്രോണാണ്. കെൽട്രോൺ സർക്കാർ സ്ഥാപനമാണ്. ഡിപിആർ അടക്കം തയ്യാറാക്കിയത് അവരാണ്. ആരോപണത്തിൽ മുഴുവൻ വിശദീകരണവും നൽകേണ്ടത് കെൽട്രോൺ ആണ്. അഞ്ച് വർഷം കഴിഞ്ഞാൽ മാത്രമേ മോട്ടോർ വാഹന വകുപ്പിന് കൈമാറൂ. ആരോപണങ്ങൾക്ക് കെൽട്രോൺ വിശദീകരണം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും’ ആന്റണി രാജു വ്യക്തമാക്കി.
2018ലാണ് പദ്ധതി കെൽട്രോണിനെ ഏൽപ്പിക്കുന്നത്. 2021ലാണ് താൻ മന്ത്രിയായത്. അതിന് മുമ്പ് തന്നെ പദ്ധതി ആവിഷ്‌കരിച്ചു കഴിഞ്ഞിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇരുചക്ര വാഹനങ്ങൾ മൂലമുണ്ടാകുന്നതാണ് കേരളത്തിലെ 58 ശതമാനം അപകടങ്ങളും. ഈ അപകടങ്ങൾ കുറയ്ക്കുക എന്നതാണ് ഇപ്പോൾ എഐ ക്യാമറയിലൂടെ ലക്ഷ്യമിടുന്നത്. ക്യാമറകൾ സ്ഥാപിച്ചതിന് ശേഷം നിയമലംഘകരുടെ എണ്ണം കുറഞ്ഞതായും മന്ത്രി അറിയിച്ചു.