video
play-sharp-fill

അവധികള്‍ തൊഴിലുടമക്ക് സ്ത്രീകള്‍ക്ക് ജോലി നല്‍കാന്‍ താല്‍പര്യം ഇല്ലാതെയാക്കും ; ആർത്തവ അവധി വിപരീതഫലം ഉണ്ടാക്കുമെന്ന് സുപ്രീംകോടതി ; മാതൃകാ നയം രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു

അവധികള്‍ തൊഴിലുടമക്ക് സ്ത്രീകള്‍ക്ക് ജോലി നല്‍കാന്‍ താല്‍പര്യം ഇല്ലാതെയാക്കും ; ആർത്തവ അവധി വിപരീതഫലം ഉണ്ടാക്കുമെന്ന് സുപ്രീംകോടതി ; മാതൃകാ നയം രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു

Spread the love

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: ആര്‍ത്തവ അവധിക്ക് നയം രൂപീകരിക്കുന്നത് വിപരീതഫലം ഉണ്ടാക്കിയേക്കുമെന്ന് സുപ്രീംകോടതി. ആര്‍ത്തവ അവധി തീരുമാനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയ പരിധിയില്‍ വരുന്ന കാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. നയപരമായ കാര്യത്തില്‍ ഇടപെടാനില്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചു.

വിഷയത്തില്‍ മാതൃകാ നയം രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. ഇതിനായി ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും സംസ്ഥാനങ്ങളുമായും ചര്‍ച്ച നടത്താനും കോടതി നിര്‍ദേശിച്ചു. പരാതിക്കാര്‍ക്ക് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയ സെക്രട്ടറിക്ക് മുമ്പാകെ വിഷയം ഉന്നയിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആര്‍ത്തവ അവധി തൊഴില്‍ മേഖലയില്‍ കൂടുതല്‍ പങ്കാളിത്തത്തിന് സ്ത്രീകളെ പ്രചോദിപ്പിക്കും. അതേസമയം ഇത്തരം അവധികള്‍ തൊഴിലുടമക്ക് സ്ത്രീകള്‍ക്ക് ജോലി നല്‍കാന്‍ താല്‍പര്യം ഇല്ലാതെയാക്കും. ഇത് വിപരീതഫലം ഉണ്ടാക്കും. സ്ത്രീകളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് അവര്‍ക്ക് ദോഷകരമായി മാറിയേക്കാം. അത് കോടതി ആഗ്രഹിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ആര്‍ത്തവ നയം രൂപീകരിക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. അഭിഭാഷകനായ ശൈലേന്ദ്ര ത്രിപാഠിയാണ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളായ ബീഹാറും കേരളവും മാത്രമാണ് നിലവില്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നല്‍കുന്നതെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.