170 ഗ്രാം എംഡിഎംഎയുമായി കോട്ടയം സ്വദേശിയും നൈജീരിയൻ സ്വദേശിയും പിടിയിൽ; വാളയാർ പോലീസും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പ്രതികളെ അതിസാഹസികമായി പിടികൂടിയത് ബാംഗ്ലൂരിൽ നിന്ന്
സ്വന്തം ലേഖിക
വാളയാർ: 170 ഗ്രാം എംഡിഎംഎയുമായി നൈജീരിയൻ സ്വദേശിയുൾപ്പെടെ രണ്ട് പേർ പിടിയിൽ.
വാളയാർ പോലീസും , ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൂടി കഴിഞ്ഞ മാസം പിടികൂടിയ എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് നടത്തിയ തുടരന്വേഷണത്തിൽ
വാളയാർ പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ( DANSAF) ചേർന്ന് ബാംഗ്ലൂരിൽ നിന്നാണ് കോട്ടയം സ്വദേശിയേയും , നൈജീരിയൻ സ്വദേശിയേയും അതിസാഹസികമായി പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതികളിൽ നിന്നും 170 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പാലക്കാട് ജില്ലാ പോലീസ് പിടികൂടുന്ന വലിയ എംഡിഎംഎ കേസാണിത്.
ബാംഗ്ലൂരിൽ റൂമെടുത്ത് താമസിച്ചാണ് നൈജീരിയൻ സ്വദേശി മൊമിൻ അൻസെൽ മിയും (32 വയസ്സ് ), കോട്ടയം പാലാ സ്വദേശി അബിജിത്ത് കുമാറും ( 29 വയസ്സ് ) ലഹരി കച്ചവടം നടത്തിയിരുന്നത്. കേരളത്തിലേക്ക് ലഹരി എത്തിക്കുന്നതിലെ മുഖ്യകണ്ണികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു.
വാളയാറിൽ കഴിഞ്ഞ മാസം രജിസ്റ്റർ ചെയ്ത കേസിൽ മണ്ണാർക്കാട് സ്വദേശി ജിത്തു (24) ,കോട്ടയം സ്വദേശി നിഖിൽ ഷാജി (27, പത്തനംതിട്ട സ്വദേശി ജബിൻ വർഗ്ഗീസ് (26), എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വാളയാർ പോലീസും , ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബാംഗ്ലൂരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.
ബാംഗ്ലൂരിൽ എംഡിഎംഎ വില്പനയുടെ മുഖ്യ ഉറവിടം ആഫ്രിക്കൻ സ്വദേശികളാണ്. ഇവർക്ക് കേരളത്തിലേക്ക് ലഹരി കടത്തുന്നവരുമായി അടുത്ത ബന്ധമുണ്ട്. സാഹസിക നീക്കത്തിലൂടെയാണ് കേരളാ പോലിസ് നൈജീരിയക്കാരനെ പിടികൂടിയത്.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് , പാലക്കാട് എ.എസ്.പി. ഷാഹുൽ ഹമീദ് . എന്നിവരുടെ നിർദ്ദേശപ്രകാരം നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. എം. അനിൽ കുമാറിൻ്റെ നേതൃത്വത്തിൽ വാളയാർ ഇൻസ്പെക്ടർ അജീഷ് .എ, എസ്.ഐ ഹർഷാദ്.എച്ച്, എസ്.ഐ. സുജികുമാർ , എ.എസ്.ഐ .ജയകുമാർ , ഫെലിക്സ് ഹൃദയരാജ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ റഹിം മുത്തു, ഷിബു.ബി, ലൈജു. കെ എന്നിവരാണ് ബാംഗ്ലൂരിൽ എത്തി പ്രതികളെ പിടികൂടിയത്.