മരട് ഫ്‌ളാറ്റ് പൊളിക്കൽ : വൈദ്യുതിയും വെള്ളവും വിച്ഛേദിക്കാൻ സർക്കാർ നിർദേശം ; മനുഷ്യാവകാശ ലംഘനമെന്ന് ഫ്‌ളാറ്റുടമകൾ
സ്വന്തം ലേഖിക
കൊച്ചി: മരടിലെ ഫ്ളാറ്റ് പൊളിക്കാതെ മറ്റു വഴികൾ സർക്കാറിന് മുന്നിൽ ഇല്ലെന്ന് ബോധ്യമായതോടെ പൊളിച്ചു നീക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകുകയാണ്. സുപ്രീംകോടതിയിൽ നിന്നുണ്ടായ ശകാരമാണ് ഇക്കാര്യത്തിൽ നടപടികൾ വേഗത്തിലാക്കി. ഒക്ടോബർ നാലിന് പൊളിച്ചു തുടങ്ങുന്ന വിധത്തിലാണ് നഗരസഭ ഇക്കാര്യത്തിൽ ആസൂത്രണം തുടങ്ങിയത്. പൊളിക്കൽ തുടങ്ങി 60 ദിവസത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നഗരസഭയ്ക്കാണ് പൊളിക്കലിന്റെ ചുമതല. ചീഫ് എൻജിനിയർ നൽകിയ രൂപരേഖ ചെറിയ ഭേദഗതികളോടെ നഗരസഭാ സെക്രട്ടറി സർക്കാരിന് നൽകും. ഇതാണ് സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലത്തിനൊപ്പം നൽകുക.
ഫ്ളാറ്റ് പൊളിക്കുന്നതിന് പത്തിന കർമപദ്ധതിയാണ് തയ്യാറാക്കിയത്. തിങ്കളാഴ്ച കോടതിയുടെ രൂക്ഷമായ വിമർശനം നേരിട്ട സാഹചര്യത്തിലാണ് രൂപരേഖ തയ്യാറാക്കിയത്. വിവാദമായ നാലുഫ്ളാറ്റുകളിലേക്കുള്ള വൈദ്യുതിയും വെള്ളവും വിച്ഛേദിക്കാൻ കെ.എസ്.ഇ.ബി.ക്കും വാട്ടർ അഥോറിറ്റിക്കും നഗരസഭ നൽകി. സർക്കാർതലത്തിലെ നിർദ്ദേശത്തെത്തുടർന്നാണിത്. മൂന്നു ദിവസത്തിനകം നടപടി സ്വീകരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഫ്ളാറ്റുടമകളെ ഒഴിയാൻ പ്രേരിപ്പിക്കുന്നതിനാണ് ഈ നീക്കം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരടിലെ ഇപ്പോഴത്തെ സെക്രട്ടറി ഈ മാസം അഞ്ചിനാണ് ചുമതലയേറ്റിരുന്നത്. ഫ്ളാറ്റുകൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി നോട്ടീസ് നൽകാൻ നിലവിലെ സെക്രട്ടറി എത്തിയിരുന്നെങ്കിലും ഉടമകൾ കൈപ്പറ്റിയിരുന്നില്ല. തുടർന്ന് മതിലിൽ ഒട്ടിച്ച് മടങ്ങുകയായിരുന്നു. പൊളിക്കലിനുമുമ്പുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി സെക്രട്ടറി പറഞ്ഞിരുന്നു. എന്നാൽ, പൊളിക്കൽ ചുമതല ഐ.എ.എസ്. ഉദ്യോഗസ്ഥന് നൽകുകയും വെള്ളവും വൈദ്യുതിയും വിച്ഛേദിക്കാൻ നടപടി തുടങ്ങുകയും ചെയ്തതോടെ ഇക്കാര്യത്തിൽ സർക്കാർ കൂടുതൽ ഗൗരവം കാട്ടുന്നെന്നാണ് സൂചന.
ഫ്ളാറ്റുകൾ പൊളിക്കണമെന്ന വിധി പൂർണമായി നടപ്പാക്കാൻ സർക്കാരിന് താത്പര്യക്കുറവുണ്ടെന്ന നിരീക്ഷണമാണ് സുപ്രീംകോടതിയുടേത്. സർക്കാരെടുത്ത നടപടികൾ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നെങ്കിലും അതിന് കോടതി വേണ്ടത്ര പരിഗണന നൽകിയില്ലെന്നാണ് സർക്കാരിന്റെ നിരീക്ഷണം. കോടതി രൂക്ഷമായി വിമർശിച്ച സാഹചര്യത്തിൽ കെട്ടിടങ്ങൾ പൊളിക്കുകയല്ലാതെ മറ്റുമാർഗമില്ലെന്നും സർക്കാർ കരുതുന്നു.
പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഫോർട്ട്‌കൊച്ചി സബ് കളക്ടർ സ്നേഹിൽകുമാർ സിങ്ങിന് മരട് മുനിസിപ്പൽ സെക്രട്ടറിയുടെ പൂർണ അധികച്ചുമതല നൽകി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ഇതോടെ ഫ്ളാറ്റ് പൊളിക്കാനായി നിയമിക്കപ്പെടുന്ന കേരളത്തിലെ ആദ്യത്തെ ഉദ്യോഗസ്ഥാനയി മാറും സ്നേഹിൽകുമാർ. തീരദേശ പരിപാലന നിയമം (സി.ആർ.ഇസഡ്.) ലംഘിച്ച് നിർമ്മിച്ച ഫ്ളാറ്റുകൾ സമയബന്ധിതമായി പൊളിക്കുന്നതിന്റെ ഭാഗമായാണ് നിയമനമെന്ന് ഉത്തരവിൽ പറയുന്നു.
മരടിലെ ഇപ്പോഴത്തെ സെക്രട്ടറി എം. ആരിഫ് മുഹമ്മദ് ഖാന് പകരം നിയമനം സൂചിപ്പിച്ചിട്ടില്ല. പൊളിക്കൽ ഒഴികെയുള്ള നഗരസഭയിലെ മറ്റ് ഭരണച്ചുമതലകൾ അദ്ദേഹം തുടരുമോയെന്നും വ്യക്തമല്ല. 2016 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് സ്നേഹിൽകുമാർ. വെള്ളിയാഴ്ച സുപ്രീംകോടതി വീണ്ടും കേസ് പരിഗണിക്കുന്നതിന്റെ ഭാഗമായാണ് നിയമനമെന്ന് കരുതുന്നു.
തുടക്കം മുതൽ തന്നെയുള്ള കാര്യങ്ങൾ സർക്കാർ ഇക്കാര്യത്തിൽ ചെയ്യേണ്ടതുണ്ട. ഫ്ളാറ്റുകൾ പൊളിക്കാനുള്ള കമ്ബനികളെ കണ്ടെത്താൻ അപേക്ഷ ക്ഷണിക്കണം. തുടർന്ന് നഗരസഭാ ഭരണസമിതി യോഗംചേർന്ന് ഇതിനുള്ള പ്രമേയം പാസാക്കണം. ഇതിന് ശേഷം ഒക്ടോബർ മാസത്തോടെ ഫ്ളാറ്റ് സമുച്ചയങ്ങൾക്കും 750 മീറ്റർ ചുറ്റളവിലുള്ള കെട്ടിടങ്ങളിലെ താമസക്കാർക്കും പൊളിക്കലിനെക്കുറിച്ച് നഗരസഭ നോട്ടീസ് നൽകണം. നാലു ഫ്ളാറ്റുകളിലെയും താമസക്കാർക്ക് ഒഴിയാനുള്ള നോട്ടീസും കൊടുക്കണം. ഒക്ടോബർ മൂന്നോടെ പൊലീസ്, ജില്ലാ അധികൃതർ, അഗ്നിരക്ഷാസേന, ജല-വൈദ്യുതി വകുപ്പുകൾ എന്നിവരുമായി ചേർന്ന് ഒഴിപ്പിക്കൽ നടപടി ആസൂത്രണം ചെയ്തു തുടങ്ങും. നഗരസഭാധികൃതരും പ്രാദേശിക ഭരണകൂടവും സ്ഫോടവസ്തുക്കൾ സൂക്ഷിക്കാനുള്ള തയ്യാറെടുപ്പ് നടത്തണം. സ്ഫോടനത്തിലൂടെ തന്നെയാകും ്ഫ്ളാറ്റുകൾ പൊളിക്കുക. ഒകടോബർ നാലാം തിയ്യതിയോടെ പൊളിച്ചു തുടങ്ങും. അവശിഷ്ടങ്ങൾ അടക്കം നീക്കം ചെയ്യേണ്ടതുണ്ട്.
മരടിലെ അനധികൃത ഫ്ളാറ്റുകൾ ഒഴിയണമെന്ന നഗരസഭാ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ളാറ്റുടമകൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. മരടിലെ ഫ്ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഹർജിയും രാജ്യത്തെ മറ്റൊരു കോടതിയും പരിഗണിക്കരുതെന്ന സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. നിയമ ലംഘനം നടത്തുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പാണ് മരട് വിധി എന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ഹോളി ഫെയ്ത്ത് അപ്പാർട്ട്മെന്റ്, ഗോൾഡൻ കായലോരം എന്നിവിടങ്ങളിലെ താമസക്കാരായ രണ്ട് പേരാണ് നഗരസഭയുടെ ഒഴിപ്പിക്കൽ നോട്ടീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടികാട്ടി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ സുപ്രീം കോടതി ഉത്തരവിനെക്കുറിച്ച് ഉടമകൾക്ക് അറിവില്ലെ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ജനങ്ങൾ അവർക്ക് ഇഷ്ടമുള്ളത് ചെയ്യും തുടർന്ന് അത് ക്രമപ്പെടുത്തിയെടുക്കാൻ ശ്രമിക്കും. ഇങ്ങനെ നിയമലംഘനം നടത്തുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പാണ് സുപ്രീം കോടതിവിധിയെന്നായിരുന്നു ഹൈക്കോടതി അറിയിച്ചത്.
മരടിലെ ഫ്ളാറ്റ് ഉടമകൾക്ക് ഒഴിപ്പിക്കൽ നടപടിയിൽ പരാതിയുണ്ടെങ്കിൽ വേഗം സുപ്രീംകോടതിയിൽ പോകു എന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മരടുമായി ബന്ധപ്പെട്ട് മറ്റ് കോടതികൾ ഒരു ഹർജിയും പരിഗണിക്കരുതെന്ന് സുപ്രീം കോടതി വിധികൂടി ചൂണ്ടികാട്ടി ഹർജി തള്ളുകയായിരുന്നു. ഉദ്യോഗസ്ഥർ നിയമലംഘനത്തിന് കൂട്ടുനിന്നതുകൊണ്ടാണ് നിരപരാധികളായ കുടുംബൾക്ക് ഈ ഗതിവന്നതെന്നായിരുന്നു ഫ്ളാറ്റ് ഉടമകളുടെ പ്രതികരണം. ഇതിനിടെ മരടിലെ നാല് പാർപ്പിട സമുച്ഛയങ്ങളിലെ യാഥാർത്ഥ താമസക്കാർ ആരൊക്കെ എന്നറിയുന്നതിനായി സംസ്ഥാന ഇന്റലിജൻസ് വിവര ശേഖരണം തുടങ്ങി. നഗരസഭ രേഖകളിൽ പല ഫ്ളാറ്റുകളും ഇപ്പോഴും നിർമ്മാതാക്കളുടെ പേരിലാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മരടിലെ ഫ്ളാറ്റുകൾ പൊളിച്ച് നീക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സുപ്രീം കോടതി. ഒരു ന്യായീകരണവും ഇല്ലെന്നും പൊളിച്ച് മാറ്റേണ്ടത് പൊളിച്ച് മാറ്റുക തന്നെ വേണം എന്ന് സംസ്ഥാന സർക്കാരിനോട് ആവർത്തിക്കുകയും ചെയ്തിരുന്നു കഴിഞ്ഞ ദിവസം. കോടതിയിൽ ഇന്നലെ നടന്ന രംഗങ്ങളും സർക്കാരിനോട് കോടതി ചോദിച്ച കാര്യങ്ങളും രൂക്ഷമായ ഭാഷയിലെ വിമർശനങ്ങളാണ്. ഇതിന് പിന്നാലെയാണ് ഇപ്പോൾ സർക്കാർ നിർണായക നീക്കങ്ങൾ നടത്തിയത്.കേസ് പരിഗണിച്ച ഉടൻ ചീഫ് സെക്രട്ടറി എവിടെ, വിളിക്കൂ, എന്ന് ജസ്റ്റിസ് അരുൺ മിശ്ര ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിക്കൊപ്പം അഡീഷണൽ ചീഫ് സെക്രട്ടറി ഉഷാ ടൈറ്റസും കോടതിയിൽ ഹാജരായിരുന്നു. എത്ര സമയം വേണം ഫ്‌ളാറ്റുകൾ പൊളിക്കാൻ എന്ന് കോടതി ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയത് കഴിഞ്ഞ ദിവസമാണ്.