
കോഴിക്കോട്: എത്ര പ്രവർത്തിച്ചാലും കൂടുതല്‍ കല്ലേറ് കിട്ടുന്ന വകുപ്പ് ആണ് ആരോഗ്യ വകുപ്പെന്ന് മന്ത്രി കെ മുരളീധരൻ.
വയനാട് മെഡിക്കല്‍ കോളേജ് ചിലരുടെ വാശിക്ക് തുടങ്ങിയ പോലെയാണ്. വികസനത്തിന് സ്ഥലം ഇല്ല. ചുറ്റിലും വനഭൂമിയാണ്. വനം വകുപ്പ് സ്ഥലം കിട്ടാൻ വലിയ പ്രതിസന്ധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ കോളേജില്‍ രോഗികളെ നിലത്ത് കിടത്തരുത് എന്ന് പറഞ്ഞു. അത് ഒരു ദിവസം കൊണ്ട് നടപ്പിലാക്കാൻ കഴിയില്ല എന്ന് അറിയാം. താഴെ തട്ടിലെ ആശുപത്രികള്‍ വികസിക്കണം. ആരോഗ്യ മേഖലയെ സ്വകാര്യവത്കരിക്കുന്നു എന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു. ‘കായകല്‍പ്പം’ ജനസമ്പര്‍ക്ക പരിപാടിക്കായാണ് കെ മുരളീധരൻ എത്തിയത്.
ആശുപത്രി വികസനത്തിന് സിഎസ്‌ആർ ഫണ്ട് ഉപയോഗിക്കണം എന്നാണ് പറഞ്ഞത്. നിലത്ത് കിടത്തരുത് എന്ന് പറഞ്ഞത് സ്വകാര്യ ആശുപത്രിയെ സഹായിക്കാനാണെന്ന് പ്രചരിപ്പിച്ചു. സ്വകാര്യവത്കരണം നടത്തുകയാണ് എങ്കില്‍ തനിക്ക് പുറത്ത് ഇറങ്ങാൻ ആകുമോയെന്നും മന്ത്രി ചോദിച്ചു. പരാതി വന്നാല്‍ അന്വേഷിക്കും, ശരിയാണെല്‍ നടപടി എടുക്കും. വൻ സാമ്പത്തിക ബാധ്യതയോടെയാണ് വകുപ്പ് ഏറ്റെടുത്തത്. മുൻ മന്ത്രി മുഹമ്മദ് റിയാസ് പരിപാടിയില്‍ പങ്കെടുക്കാത്തതിലും മുരളി വിമര്‍ശനം ഉന്നയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഴയ കണക്ക് പറയും എന്ന് പേടിച്ചാണോ വരാത്തതെന്നാണ് വിമർശനം. ആരോഗ്യവകുപ്പില്‍ അഴിച്ചു പണി വേണം. ഒന്നും രാഷ്ട്രീയപരമായ മാറ്റം അല്ല, ഭരണപരമായ മാറ്റമാണ്. സ്ഥലം മാറ്റത്തില്‍ സമരത്തിനും പ്രതിഷേധത്തിന് വഴങ്ങില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സമരം കണ്ടില്ലല്ലോ എന്നും മന്ത്രി പറഞ്ഞു. ആരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ട് മനസ്സിലാക്കി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന ‘കായകല്‍പ്പം’ ജനസമ്പര്‍ക്ക പരിപാടി നടത്തുന്നത്.







