play-sharp-fill
വിനോദയാത്ര നൊമ്പര യാത്രയായി; സഹപാഠികളുടെ അപ്രതീക്ഷിത വിയോഗത്തിൽ നടുങ്ങി   മംഗളം എഞ്ചിനീയറിങ്‌ കോളേജ്

വിനോദയാത്ര നൊമ്പര യാത്രയായി; സഹപാഠികളുടെ അപ്രതീക്ഷിത വിയോഗത്തിൽ നടുങ്ങി മംഗളം എഞ്ചിനീയറിങ്‌ കോളേജ്

സ്വന്തം ലേഖകൻ

കോട്ടയം: സഹപാഠികളുടെ വിയോഗത്തിൽ വിറങ്ങലിച്ച് മംഗളം
എഞ്ചിനീയറിങ്‌ കോളേജ്.


മംഗലാപുരത്തേക്കു പഠനയാത്രയ്ക്ക് പോയ സംഘത്തിലെ മൂന്ന് വിദ്യാര്‍ത്ഥികളാണ് കടലില്‍ മുങ്ങിമരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം കുഴിമറ്റം നെല്ലിക്കല്‍ ചേപ്പാട്ടുപറമ്പില്‍ അനിലിന്റെ മകന്‍ അമല്‍ സി. അനില്‍ (21), ഉദയംപേരൂര്‍ ചിറമേല്‍ ജോണ്‍സന്റെ മകന്‍ ആന്റണി ഷിനോയി (21), പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ എ.സി. റെജിയുടെ മകന്‍ അലന്‍ റെജി (21)എന്നിവരാണു മരിച്ചത്‌.

77 വിദ്യാര്‍ഥികളും നാല്‌ അധ്യാപകരും ഉള്‍പ്പെടുന്ന സംഘം രണ്ടു ബസുകളിലായി ബുധനാഴ്‌ച വൈകിട്ടാണു മംഗളം എന്‍ജിനീയറിങ്‌ കോളജില്‍നിന്നു യാത്ര തിരിച്ചത്‌. ബി.ടെക്‌ കമ്പ്യൂട്ടര്‍ സയന്‍സ്‌ അവസാനവര്‍ഷ വിദ്യാര്‍ത്ഥികളായിരുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ്‌ ഒന്നരയോടെ കര്‍ണാടകയിലെ ഉഡുപ്പിക്കു സമീപം മാല്‍പ്പെ സെന്റ്‌ മേരീസ്‌ ബീച്ചിലായിരുന്നു അപകടം. ബീച്ചിലെ കല്‍ക്കെട്ടിടിഞ്ഞ്‌ വെള്ളത്തിലേക്ക് വീണ മൂവരും ശക്‌തമായ തിരയില്‍പ്പെട്ടു. അമലിനെയും അലനെയും ഉടന്‍തന്നെ കരയ്‌ക്കെടുത്തെങ്കിലും ആശുപത്രിയില്‍ എത്തിക്കുന്നതിനു മുൻപ് മരണം സംഭവിച്ചു.

അഗ്നിശമന സേനാംഗങ്ങള്‍ നടത്തിയ തെരച്ചിലില്‍ വൈകിട്ട്‌ അഞ്ചോടെയാണു ഷിനോയിയുടെ മൃതദേഹം കണ്ടെത്തിയത്‌. മൃതദേഹങ്ങള്‍ മണിപ്പാല്‍ കിംസ്‌ ആശുപത്രിയിലേക്കു മാറ്റി. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്കായി മന്ത്രി വി.എന്‍. വാസവന്റെ നിര്‍ദേശപ്രകാരം ഡി.ജി.പി. അനില്‍കാന്ത്‌ കര്‍ണാടക ഡി.ജി.പിയുമായി ബന്ധപ്പെട്ടു.

അമലിന്റെ മാതാവ്‌ ബിന്ദു, സഹോദരി ആതിര. അലന്റെ മാതാവ്‌ സിനു. സഹോദരി അലീന. ആന്റണിയുടെ മാതാവ്‌ മിനി, സഹോദരി ഷിന്നു. മൂവരുടെയും സംസ്‌കാരം പിന്നീട്‌.