play-sharp-fill
വിമാന സമരം ; ഉറ്റവരെയോ… പ്രിയപ്പെട്ടവളെയോ അവസാനമായൊന്ന് കാണാനാവാതെ മസ്കറ്റിൽ യുവാവിന്റെ മരണം

വിമാന സമരം ; ഉറ്റവരെയോ… പ്രിയപ്പെട്ടവളെയോ അവസാനമായൊന്ന് കാണാനാവാതെ മസ്കറ്റിൽ യുവാവിന്റെ മരണം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്രിയപ്പെട്ടവളെ അവസാനമായി ഒരു നോക്ക് കാണാനാവാതെ നമ്പി രാജേഷ് (40) ഈ ലോകത്തോട് വിട പറഞ്ഞു. ഭാര്യയെ ഒരു നോക്ക് കാണാൻ ദിവസങ്ങളോളം രാജേഷ് കാത്തിരുന്നെങ്കിലും വിമാന സർവീസ് മുടങ്ങിയതിനാല്‍ അവർക്ക് എത്താനായില്ല. ഒടുവില്‍ ആ ആഗ്രഹം സാധിക്കാതെ രാജേഷ് വിടവാങ്ങുക ആയിരുന്നു.

സമരം നടത്തി വിമാന സർവീസ് മുടക്കിയവരുടെ അലംഭാവമാണ് നമ്പി രാജേഷിന്റെ ഭാര്യ അമൃതയെ തീരാ ദുഃഖത്തില്‍ ആഴ്‌ത്തിയിരിക്കുന്നത്. കഴിഞ്ഞ ഏഴിന് മസ്‌കത്തില്‍ തളർന്നു വീണതിനെത്തുടർന്ന് കരമന നെടുങ്കാട് റോഡ് ടിസി 45/2548 ല്‍ നമ്പി രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജേഷിനെ കാണാൻ എട്ടിന് രാവിലെയുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലാണ് ഭാര്യ അമൃത സി.രവി ടിക്കറ്റ് ബുക്ക് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് കാബിൻ ജീവനക്കാരുടെ അപ്രതീക്ഷിത അവധിയെടുക്കല്‍ സമരം കാരണം എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനങ്ങള്‍ റദ്ദാക്കിയെന്ന വിവരം അമൃത അറിയുന്നത്. അടിയന്തരമായി മസ്‌കത്തില്‍ എത്തണമെന്നു കരഞ്ഞുപറഞ്ഞിട്ടും ആരും ചെവിക്കൊണ്ടില്ല. ഭർത്താവ് ഐസിയുവിലാണെന്നും തനിക്ക് പോയേ മതിയാകൂവെന്നും അമൃത പറഞ്ഞിരുന്നു. എന്നാല്‍ അവസാനമായി ഭർത്താവിനെ ജീവനോടെ ഒരുനോക്ക് കാണാനുള്ള അവരുടെ ശ്രമം വിഫലമായി.

അടുത്ത ദിവസം പകരം ടിക്കറ്റ് നല്‍കാമെന്ന വെറുംവാക്കു പറഞ്ഞ് അവർ അമൃതയെ തിരിച്ചയക്കുകയാണ് ചെയ്തത്. ഒമ്പതിനും അമൃത ടിക്കറ്റ് കിട്ടുമോയെന്ന് അന്വേഷിച്ചെങ്കിലും സമരം തീരാത്തതിനാല്‍ സർവീസ് പുനരാരംഭിച്ചിരുന്നില്ല. ഒടുവില്‍ യാത്ര റദ്ദാക്കി. ഇന്നലെ രാവിലെ ആശുപത്രിയില്‍ നമ്പി രാജേഷ് മരിച്ചു. ഭർത്താവിനെ അവസാനമായൊന്നു കാണാൻ കഴിയാത്ത വേദനയിലാണ് അമൃതയും കുടുംബവും.

മധുര സ്വദേശിയാണ് ഒമാനിലെ സ്‌കൂളില്‍ അഡ്‌മിനിസ്‌ട്രേറ്ററായി ജോലി ചെയ്യുന്ന അമൃതയുടെ ഭർത്താവ് നമ്പി രാജേഷ്. രണ്ടാംവർഷ നഴ്‌സിങ് വിദ്യാർത്ഥിയാണ് അമൃത. ഇവർക്ക് അഞ്ചും മൂന്നും വയസ്സുള്ള രണ്ട് മക്കളുണ്ട്.

ടിക്കറ്റിനായി നല്‍കിയ 38000 രൂപ ഉടൻ തിരിച്ചുനല്‍കിയിരുന്നെങ്കില്‍ മറ്റൊരു എയർലൈനില്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്യാമായിരുന്നു. അതിനുള്ള അവസരം പോലും എയർ ഇന്ത്യ എക്സ്‌പ്രസ് നല്‍കിയില്ല. എയർ ഇന്ത്യ എക്സ്‌പ്രസിന്റെ നിരുത്തരവാദിത്വപരമായ നടപടി അമൃതയ്ക്ക് നല്‍കിയത് ഒരിക്കലും നികത്താനാകാത്ത നഷ്ടവും വേദനയുമാണ്.