യുദ്ധം മതിയായി; യുക്രെെന്‍ സൈന്യത്തില്‍ ചേര്‍ന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് തിരിച്ച് നാട്ടിലേക്ക് മടങ്ങണം; സര്‍ക്കാരിന്റെ സഹായം തേടി മാതാപിതാക്കള്‍; എത്രയും പെട്ടെന്ന് സൈനികേഷിനെ കണ്ടെത്തി മടക്കി കൊണ്ട് വരാമെന്ന് വിദേശകാര്യ മന്ത്രാലയം
സ്വന്തം ലേഖിക
കോയമ്പത്തൂര്‍: റഷ്യന്‍ അധിനിവേശത്തെ ചെറുക്കാന്‍ യുക്രെെന്‍ സൈന്യത്തില്‍ ചേര്‍ന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി സൈനികേഷ് തിരിച്ച് നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറാണെന്ന് പിതാവ് രവിചന്ദ്രന്‍ വ്യക്തമാക്കി.
മകന്റെ ആവശ്യം വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് സൈനികേഷിനെ കണ്ടെത്തി മടക്കി കൊണ്ട് വരാമെന്ന് അവര്‍ ഉറപ്പ് നല്‍കിയതായും രവിചന്ദ്രന്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
താന്‍ മകനുമായി മൂന്ന് ദിവസം മുൻപാണ് സംസാരിച്ചതെന്നും അന്ന് തിരിച്ച് നാട്ടിലേക്ക് മടങ്ങിവരാന്‍ അവന്‍ സമ്മതം അറിയിച്ചിരുന്നതായും രവിചന്ദ്രന്‍ പറഞ്ഞു. അതിന് ശേഷം ഇതുവരെയായും തനിക്ക് മകനുമായി സംസാരിക്കാന്‍ സാധിച്ചിട്ടില്ലെന്നും എത്രയും പെട്ടെന്ന് മകനെ നാട്ടിലേക്ക് മടക്കിയെത്തിക്കാമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഉറപ്പുനല്‍കിയതായും സൈനികേഷിന്റെ പിതാവ് പറഞ്ഞു.
അതേസമയം സൈനികേഷിനെ യുദ്ധമുഖത്ത് നിന്നും കണ്ടെത്തുകയെന്നത് ഇനി ദുഷ്കരമായിരിക്കുമെന്നാണ് ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നത്.
യുദ്ധം തുടങ്ങുന്നതിന് മുൻപും അതിന് ശേഷവും യുക്രെെന്‍ വിടണമെന്ന ഒരു മുന്നറിയിപ്പുകളും സൈനികേഷ് വകവച്ചിരുന്നില്ലെന്നും ഇന്നേവരെ യുക്രെെനിലെ ഇന്ത്യന്‍ എംബസിയുമായി സൈനിഖേഷ് ബന്ധപ്പെട്ടിട്ടില്ലെന്നും ഈ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
മാതാപിതാക്കള്‍ യുക്രെെന്‍ വിട്ട് ഇന്ത്യയിലേക്ക് മടങ്ങിവരുന്നതിനെ കുറിച്ച് പറയുമ്പോള്‍ എന്തെങ്കിലും ഒഴിവുകഴിവുകള്‍ പറഞ്ഞ് മാറിനില്‍ക്കുകയായിരുന്നു സൈനികേഷെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.