നവീൻ ബാബുവിനെ അപമാനിക്കാനുള്ള അവസരം ഒരുക്കിയത് ജില്ലാ കളക്ടർ; ദിവ്യയ്‌ക്ക് എത്താൻ വേണ്ടി രാവിലെ തീരുമാനിച്ച പരിപാടി ഉച്ചയിലേക്ക് മാറ്റി; ദിവ്യയ്‌ക്ക് ഗൂഢലക്ഷ്യമുണ്ട്; സിപിഎം സംസ്ഥാന കമ്മിറ്റി വിഷയത്തിൽ ഇടപെടണം; രേഖാമൂലം പാര്‍ട്ടിക്ക് കത്ത് നൽകുമെന്ന് സിപിഎം നേതാവ് മലയാലപ്പുഴ മോഹനൻ
മലയാലപ്പുഴ: എഡിഎം നവീൻ ബാബുവിനെ അപമാനിക്കാനുള്ള അവസരം ഒരുക്കിയത് കണ്ണൂർ ജില്ലാ കളക്ടർ എന്ന് സിപിഎം നേതാവ് മലയാലപ്പുഴ മോഹനൻ. ദിവ്യയ്‌ക്ക് ആ വേദിയിൽ എത്തിച്ചേരുവാൻ വേണ്ടി രാവിലെ തീരുമാനിച്ച പരിപാടി ഉച്ചയിലേക്ക് മാറ്റി.
ഇതിന്റെ പിന്നിൽ കളക്ടറാണ്. വേണ്ടെന്നു പറഞ്ഞിട്ടും നിർബന്ധിച്ച് യാത്രയയപ്പ് യോഗം സംഘടിപ്പിക്കുകയായിരുന്നു എന്നും മോഹനൻ ആരോപിച്ചു. കളക്ടർക്കെതിരെയും അന്വേഷണം വേണം. ദിവ്യയെ യാത്രയയപ്പ് ചടങ്ങിലേക്ക് വിളിച്ചു വരുത്തിയതും ജില്ലാ കളക്ടർ ആണെന്ന് മോഹനൻ ആരോപിച്ചു.
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യക്കെതിരെ നിലവിലെ നടപടി പോരെന്നും മലയാലപ്പുഴ മോഹനൻ ആവശ്യപ്പെട്ടു. കണ്ണൂർ ജില്ലാ കമ്മിറ്റി തീരുമാനമെടുത്ത് അവസാനിപ്പിക്കേണ്ട കാര്യമല്ല ഇത്. സിപിഎം സംസ്ഥാന കമ്മിറ്റി ഈ വിഷയത്തിൽ ഇടപെടണം. എല്ലാ ജില്ലാ കമ്മിറ്റികൾക്കും തുല്യ അധികാരമാണ് ഉള്ളതെന്നും മലയാലപ്പുഴ മോഹനൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ഷണിക്കപ്പെടാതെ നവീൻ ബാബുവിന്‍റെ യാത്രയയപ്പിൽ പങ്കെടുത്ത ദിവ്യയ്‌ക്ക് ഗൂഢലക്ഷ്യമുണ്ട്. ദിവ്യക്കെതിരെ അന്വേഷണം വേണം. രേഖാമൂലം പാര്‍ട്ടിക്ക് കത്ത് നൽകും. ആവശ്യം പാർട്ടി നേതൃത്വത്തെ അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗമാണ് മലയാലപ്പുഴ മോഹനൻ. സിപിഎം കോന്നി ഏരിയാ കമ്മിറ്റി അംഗവും ആണ്.