മഥുര ഷാഹി ഈദ്ഗാഹ് പള്ളിയിലെ സര്‍വേ തടഞ്ഞ് സുപ്രീംകോടതി.
സ്വന്തം ലേഖിക
മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളിയില്‍ സര്‍വേ നടത്താൻ അനുമതി നല്‍കിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി.ഷാഹി ഈദ്ഗാഹ്-കൃഷ്ണ ജന്മഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് പള്ളിയില്‍ പരിശോധന നടത്താന്‍ മൂന്നംഗ അഭിഭാഷക കമ്മിഷനെ നിയമിച്ച നടപടിക്കെതിരെ മസ്ജിദ് കമ്മിറ്റിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപങ്കര്‍ ദത്തയും അടങ്ങുന്ന ബെഞ്ച് സ്‌പെഷ്യല്‍ ലീവ് പെറ്റീഷനില്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിനിടെയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
“കമ്മീഷണറെ നിയമിക്കുന്നതിനുവേണ്ടി അവ്യക്തമായ അപേക്ഷ സമര്‍പ്പിക്കാൻ സാധിക്കില്ല. ഉദ്ദേശ്യംവളരെ വ്യക്തമായിരിക്കണം. എല്ലാം കോടതിക്ക് വിടാൻ കഴിയില്ല,” ബെഞ്ച് പറഞ്ഞു. അതേസമയം, തര്‍ക്കത്തില്‍ ഹൈക്കോടതിക്ക് മുമ്ബാകെയുള്ള നടപടികള്‍ തുടരുമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഹിന്ദു സംഘടനകള്‍ക്ക് നോട്ടീസും അയച്ചു. കേസ് ജനുവരി 23 ന് വീണ്ടും പരിഗണിക്കും.
ഷാഹി ഈദ്ഗാഹ് മസ്ജിദ് സ്ഥിതി ചെയ്യുന്ന പ്രദേശം ഉള്‍പ്പെടെയുള്ള തര്‍ക്കഭൂമി ശ്രീകൃഷ്ണ ഭഗവാന്റെ സ്ഥലമായി പ്രഖ്യാപിക്കണമെന്നതാണ് നിലവില്‍ അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയിലുള്ള പ്രധാന ഹര്‍ജി. മസ്ജിദ് നീക്കം ചെയ്യാൻ ഉത്തര്‍പ്രദേശ് സുന്നി സെൻട്രല്‍ വഖഫ് ബോര്‍ഡ് ഉള്‍പ്പെടെയുള്ളവര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
കൃഷ്ണന്റെ ജന്മസ്ഥലത്താണ് മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബ് മസ്ജിദ് നിര്‍മിച്ചതെന്ന് അവകാശപ്പെട്ടാണ് ഹിന്ദു സംഘടനകള്‍ പള്ളിയില്‍ സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നത്.
മസ്ജിദിന്റെ 13.37 ഏക്കര്‍ ഭൂമിയുടെ പൂര്‍ണ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് ഹിന്ദു വിഭാഗം മഥുര കോടതിയിലും ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഈ ഹര്‍ജി 1991ലെ ആരാധനാലയ നിയമത്തിനെതരെന്ന് പള്ളി കമ്മിറ്റിയും വാദിച്ചിരുന്നു. അങ്ങെനയൊരു പ്രശ്നത്തില്‍ തീര്‍പ്പുകല്പിക്കാൻ ബാക്കിനില്‍ക്കെ സര്‍വേ നടത്താനുള്ള അപേക്ഷ അനുവദിക്കാൻ ഹൈക്കോടതിക്ക് സാധിക്കില്ലെന്നായിരുന്നു മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ തസ്നീം അഹമ്മദിയുടെ പ്രധാന വാദം.
ഷാഹി ഈദ് ഗാഹ്-കൃഷ്ണജന്മഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് മസ്ജിദില്‍ പരിശോധന നടത്താന്‍ കമ്മീഷനെ നിയോഗിക്കാന്‍ അനുമതി നല്‍കിയ ഡിസംബര്‍ 14ന്റെ തൊട്ടടുത്ത ദിവസം തന്നെ സ്റ്റേ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയെങ്കിലും സുപ്രീംകോടതി നിരസിച്ചിരുന്നു. മസ്ജിദിന്റെ ചില ഭിത്തികളില്‍ താമരയുടെ കൊത്തുപണികള്‍ ഉണ്ടെന്നും ഹിന്ദു പുരാണങ്ങളിലെ സര്‍പ്പ ദൈവമായ ദേവനായ ‘ഷേഷ്‌നാഗ്’-നോട് സാമ്യമുള്ള രൂപങ്ങള്‍ പള്ളിയിലുണ്ടെന്നും ഹര്‍ജിക്കാര്‍ അവകാശപ്പെട്ടിരുന്നു.