എന്തേലും സംഭവിച്ചാല്‍ വരാന്‍ പോകുന്നത് അവര്‍ വെള്ളം കുടിക്കാതെയും, നമ്മള്‍ വെള്ളം കുടിച്ചും ചാകും,”മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് രാഷ്ട്രീയം കളിക്കുന്നുവെന്ന് എം എം മണി
സ്വന്തം ലേഖകൻ
ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് രാഷ്ട്രീയം കളിക്കുകയാണ്. എന്തേലും സംഭവിച്ചാല്‍ വരാന്‍ പോകുന്നത് അവര്‍ വെള്ളം കുടിക്കാതെയും, നമ്മള്‍ വെള്ളം കുടിച്ചും ചാകുമെന്ന് മുന്‍ മന്ത്രിയും സി പി എം നേതാവുമായ എം എം മണി പറഞ്ഞു.
നേരത്തെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി പ്രചാരണങ്ങള്‍ നടന്നപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അനാവശ്യ ഭീതി പരത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനു പിന്നാലെയാണ് എം എം മണിയുടെ പ്രസ്താവന. ഇടുക്കി നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കര്‍ഷക ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ മന്ത്രി.
താന്‍ പല പ്രാവശ്യം അണക്കെട്ടിനുള്ളില്‍ പോയിട്ടുണ്ടെന്നും ശര്‍ക്കരയും സുര്‍ക്കിയും ചുണ്ണാമ്പും ഉപയോഗിച്ച അതിന്റെ അകം കാലിയാണെന്നും അദ്ദേഹം പറഞ്ഞു. “അണക്കെട്ടിന്റെ പുറത്ത് സിമന്റും കമ്പിയും പൂശിയെന്ന് ന്യായം പറഞ്ഞിട്ട് കാര്യമില്ല. അതിന്റെ മുകളില്‍ സിമന്റ് പൂശിയാല്‍ നില്‍ക്കുമോ. എന്തേലും സംഭവിച്ചാല്‍ വരാന്‍ പോകുന്നത് അവര്‍ വെള്ളം കുടിക്കാതെയും ചാകും, നമ്മള്‍ വെള്ളം കുടിച്ചും ചാകും,” മന്ത്രി പറഞ്ഞു.
വണ്ടിപ്പെരിയാറില്‍ നിന്ന് ആയിരക്കണക്കിന് അടി ഉയരത്തില്‍ ബോംബ് പോലെ മുല്ലപ്പെരിയാര്‍ നില്‍ക്കുകയാണെന്നും തമിഴ്നാട് ഇതുവച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും എം എം മണി ആരോപിച്ചു. പുതിയ ഡാമല്ലാതെ വേറെ മാര്‍ഗമില്ലെന്നും എല്‍ ഡി എഫ് സര്‍ക്കാരിന്റെ നിലപാടും ഇതു തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്നാട് സര്‍ക്കാര്‍ കൂടി മനസുവച്ചാല്‍ ഈ പ്രശ്നം പെട്ടെന്ന് തീരുമെന്നും അദ്ദേഹം വ്യക്തമാക്കി.