2.5 ലക്ഷം ചതുരശ്ര അടി വിസ്തൃതി ; 1.4 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഹൈപ്പർമാർക്കറ്റ്, ഒരേസമയം 400 പേർക്ക് ഇരിക്കാവുന്ന ഫുഡ്കോർട്ട് , 9000 ചതുരശ്ര അടി വിസ്തീർണമുള്ള ഫാമിലി എൻ്റർടെയ്ൻമെൻ്റ് സെൻ്റർ ; കേരളത്തിലെ അഞ്ചാമത്തെ ലുലു മാൾ ; കോട്ടയം ലുലു മാള്‍ ഡിസംബറില്‍ തുറക്കുമെന്ന പ്രഖ്യാപനവുമായി ലുലു ഗ്രൂപ്പ് ; ആദ്യ വർഷം 55 ലക്ഷത്തിലധികം ആളുകള്‍ എത്തുമെന്ന പ്രതീക്ഷയിൽ ലുലു ഗ്രൂപ്പ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം ലുലു മാള്‍ ഡിസംബറില്‍ തുറക്കുമെന്ന പ്രഖ്യാപനവുമായി ലുലു ഗ്രൂപ്പ്. ഡിസംബർ പകുതിയോടെ മാള്‍ തുറന്ന് പ്രവർത്തനം ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ഇന്ത്യയുടെ ഷോപ്പിംഗ് മാള്‍ ഡയറക്ടർ ഷിബു ഫിലിപ്പ് വ്യക്തമാക്കി.

2.5 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ കോട്ടയം എം സി റോഡിന് സമീപം മണിപ്പുഴയിലാണ് പുതിയ മാള്‍ തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലെ അഞ്ചാമത്തെ ലുലുമാളാണിത്. കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് ലുലുവിന് നിലവില്‍ സംസ്ഥാനത്ത് മാളുകളുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

” കേരളത്തിലെ ടയർ-3 വിപണികളിലുടനീളം ലുലു ഗ്രൂപ്പിൻ്റെ മിനി മാളുകള്‍ നിർമ്മിക്കുകയെന്ന വിപുലീകരണ പദ്ധതിയുടെ ഭാഗമാണ്.” ഷിബു ഫിലിപ്പ് പറഞ്ഞു. കോട്ടയത്തെ മാളിന് ജനങ്ങള്‍ക്കിടയില്‍ മികച്ച സ്വാധീനം ചെലുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാള്‍ പ്രവർത്തനം ആരംഭിച്ച്‌ ആദ്യ വർഷത്തില്‍ തന്നെ 55 ലക്ഷത്തിലധികം ആളുകള്‍ എത്തുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാടും കോഴിക്കോടും തുറന്നത് പോലുള്ള മിനി മാളാണ് കോട്ടയത്തേത്. 2023 ഡിസംബറിലാണ് സംസ്ഥാനത്തെ ആദ്യ മിനിമാള്‍ ലുലു ഗ്രൂപ്പ് പാലക്കാട് തുറന്നത്. കോട്ടയത്തിന് പിന്നാലെ പെരിന്തല്‍മണ്ണ, തിരൂർ, കൊട്ടിയം എന്നിവിടങ്ങളിലും ലുലു ഗ്രൂപ്പ് തങ്ങളുടെ മിനി മാളുകള്‍ തുറക്കും.

1.4 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ലുലു ഹൈപ്പർമാർക്കറ്റായിരിക്കും കോട്ടയം ലുലു മാളിന്റെ ശ്രദ്ധാ കേന്ദ്രം. അതോടൊപ്പം തന്നെ ലുലു ഫാഷൻ സ്റ്റോറും ലുലു കണക്റ്റും സജ്ജീകരിച്ചിട്ടുണ്ട്. എസ്‌ഡബ്ല്യുഎ ഡയമണ്ട്‌സ്, സെലിയോ, ലൂയിസ് ഫിലിപ്പ്, വാൻ ഹ്യൂസെൻ, മാമേർത്ത് എന്നിവയുള്‍പ്പെടെ ഫാഷൻ, ലൈഫ്‌സ്‌റ്റൈല്‍, ബ്യൂട്ടീ എന്നീ മേഖലയിലുടനീളമുള്ള 20-ലധികം പ്രാദേശിക, ദേശീയ, അന്തർദേശീയ ബ്രാൻഡുകളും മാളില്‍ ഉപഭോക്താക്കളെ വരവേല്‍ക്കാനായി തയ്യാറായി.

ഒരേസമയം 400 പേർക്ക് ഇരിക്കാവുന്ന ഫുഡ്കോർട്ടില്‍‍ ചിക്കിംഗ്, മക്‌ഡൊണാള്‍ഡ്‌സ്, കെ എഫ്‌ സി, കോസ്റ്റ കോഫി തുടങ്ങിയ നിരവധി പ്രമുഖ ഫുഡ് ബ്രാന്‍ഡുകളും തയ്യാറാണ്. അതോടൊപ്പം തന്നെ എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്ക് ആകർഷകമായ വിനോദ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന 9000 ചതുരശ്ര അടി വിസ്തീർണമുള്ള ഫാമിലി എൻ്റർടെയ്ൻമെൻ്റ് സെൻ്ററും മാളിൽ തയ്യാറാക്കിയിട്ടുണ്ട്.

അതേസമയം, കേരളത്തിന് പുറത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലുലു ഗ്രൂപ്പിന്റെ പുതിയ പദ്ധതികള്‍ പ്രാവർത്തികമായിക്കൊണ്ടിരിക്കുകയാണ്. ചെന്നൈ, അഹമ്മദാബാദ്, വിശാഖപട്ടണം തുടങ്ങിയ നഗരങ്ങളില്‍ ലുലു ഗ്രൂപ്പ് മാളുകള്‍ തുറക്കും. രാജ്യത്തെ ഏറ്റവും വലിയ മാളാണ് അഹമ്മദാബാദില്‍ തുറക്കാന്‍ പോകുന്നത്. ഇതിന്റെ സ്ഥലമേറ്റെടുക്കല്‍ പൂർത്തിയായി. മാളുകള്‍ക്ക് പുറമെ ശ്രീനഗർ, അമൃത്സർ, നോയിഡ എന്നിവിടങ്ങളില്‍ ഫുഡ് പ്രൊസസിങ് കേന്ദ്രങ്ങളും ലുലു ഗ്രൂപ്പ് സ്ഥാപിക്കും.