സഹോദരിയുടെ വിവാഹത്തിന് മുൻപ് പ്രണയിച്ച് വിവാഹം കഴിച്ചു; ബന്ധുക്കൾ കുറ്റപ്പെടുത്തിയതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു; പിന്നാലെ ഭാര്യയും ജീവനൊടുക്കി
സ്വന്തം ലേഖകൻ
മധുര: സഹോദരിയുടെ വിവാഹത്തിന് മുൻപ് പ്രണയിച്ച് വിവാഹം കഴിച്ചതിൻറെ പേരിൽ ബന്ധുക്കൾ കുറ്റപ്പെടുത്തിയതിനെ തുടർന്ന് മനംനൊന്ത് യുവാവ് ജീവനൊടുക്കി. തമിഴ്നാട്ടിലെ മധുരയിലെ അവണിപുരത്താണ് സംഭവം.
ശിവഗംഗ സ്വദേശിയായ പ്രസാദ്(23)ആണ് ജീവനൊടുക്കിയത്. അതെസമയം പ്രസാദിൻറെ മരണവിവരം അറിഞ്ഞ ഭാര്യ മുത്തുമാരി(21)യും ജീവനൊടുക്കി. ദമ്പതികൾക്ക് അഞ്ച് മാസം പ്രായമുള്ള കുഞ്ഞുമുണ്ട്. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഒന്നര വർഷം മുൻപാണ് പ്രസാദും മുത്തുമാരിയും വിവാഹിതരായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അവണിപുരത്തെ വാടകവീട്ടിലാണ് ഇവർ കഴിഞ്ഞിരുന്നത്. കഴിഞ്ഞയിടെ ശിവഗംഗയിലെ സ്വന്തം വീട്ടിലേക്കുപോയ പ്രസാദ് ബന്ധുക്കളുടെ കുറ്റപ്പെടുത്തലുകൾ കാരണം മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു.
ഇതിനു പിന്നാലെ മുത്തുമാരിയെയും കുഞ്ഞിനെയും മുത്തുമാരിയുടെ വീട്ടുകാർ കൂട്ടിക്കൊണ്ടുപോയി. എന്നാൽ,പ്രസാദിൻറെ മരണത്തോടെ മുത്തുമാരി കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. പ്രസാദിൻറെ ഷർട്ട് ധരിച്ച് പോക്കറ്റിൽ ഫോട്ടോയും വച്ചാണ് മുത്തുമാരി തൂങ്ങിമരിച്ചത്.