പ്രേംകുമാര്‍ ഒരേസമയം പ്രേമിച്ചത് സുഹൃത്തുക്കളായ പെണ്‍കുട്ടികളെ; നഗ്നദൃശ്യങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തി പണം തട്ടി; ഭീഷണി പതിവായതോടെ ഇന്‍സ്റ്റാഗ്രാം സുഹൃത്തിന്റെ സഹായത്തോടെ കാമുകനെ കൊലപ്പെടുത്തി പെൺകുട്ടികൾ; പെണ്‍കുട്ടികളും കൂട്ടാളികളും പിടിയിലായിട്ടും മുഖ്യപ്രതി ഇപ്പോഴും കാണാമറയത്ത്
സ്വന്തം ലേഖിക
ചെന്നൈ: പ്രണയം നടിച്ച് സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി പണം തട്ടിയ കാമുകനെ കൊലപ്പെടുത്താന്‍ പെണ്‍കുട്ടികളെ സഹായിച്ച യുവാവിനെ കണ്ടെത്താനാകാതെ പൊലീസ്.
കോളേജ് വിദ്യാര്‍ത്ഥിയായ പ്രേംകുമാര്‍ എന്ന 21കാരനെ കൊലപ്പെടുത്താന്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനികളെ സഹായിച്ച തമിഴ്നാട് റെഡ്‌ഹില്‍സ് സ്വദേശി അശോക് ഇപ്പോഴും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവള്ളൂര്‍ ജില്ലയിലെ റെഡ്ഹില്‍സിനടുത്ത് ഈച്ചംകാട്ടുമേട് ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികളെ പ്രണയം നടിച്ച് വലയില്‍ വീഴ്ത്തി സ്വകാര്യ ദൃശ്യങ്ങള്‍ കൈക്കലാക്കിയ പ്രേംകുമാര്‍ പിന്നീട് ഇവരെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.
ഭീഷണി പതിവായതോടെയാണ് ഇരുവരും സുഹൃത്തായ അശോകിന്റെ സഹായത്തോടെ യുവാവിനെ കൊന്ന് കുഴിച്ച് മൂടിയത്. വിദ്യാര്‍ഥിനികളെയും അശോകിന്റെ മൂന്നു കൂട്ടാളികളെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
പ്രേംകുമാറിന്റെ ഫോണ്‍ കണ്ടെത്തിയതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.
ഇച്ചങ്ങാട് സ്വദേശികളായ പത്താം ക്ലാസ് വിദ്യാര്‍ഥിനികള്‍ വണ്ടല്ലൂര്‍ മൃഗശാലയില്‍വച്ചാണു താമ്പരം ഒട്ടേരി സ്വദേശി പ്രേംകുമാര്‍ എന്ന 21കാരനെ പരിചയപ്പെടുന്നത്. രണ്ടു പേരുമായും പ്രേംകുമാര്‍ ‘പ്രണയ’ത്തിലായെങ്കിലും പെണ്‍കുട്ടികള്‍ പരസ്പരം ഇതറിഞ്ഞിരുന്നില്ല.
ഇതിനിടെ ഇരുവരുടെയും സ്വകാര്യചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇവ പുറത്തുവിടാതിരിക്കാന്‍ പണം നല്‍കണമെന്നായി പിന്നീട് ഇയാളുടെ ഭീഷണി.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രണ്ടു പേരില്‍നിന്നുമായി ഒരു ലക്ഷം രൂപ പ്രേംകുമാര്‍ തട്ടിയെടുത്തു. ഇതിനുശേഷമാണ് പെണ്‍കുട്ടികള്‍ രണ്ടു പേരും പ്രേംകുമാറിന്റെ ചതി തിരിച്ചറിയുന്നത്.
ശല്യം സഹിക്കാനാകാതെ പെണ്‍കുട്ടികളില്‍ ഒരാള്‍, ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട റെഡ്‌ഹില്‍സ് സ്വദേശി അശോകിന്റെ സഹായം തേടുകയായിരുന്നു. പ്രേംകുമാറിന്റെ ഫോണ്‍ വാങ്ങി, ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാനാണ് സഹായം അഭ്യര്‍ഥിച്ചത്.
അശോകിന്റെ നിര്‍ദേശപ്രകാരം പണം നല്‍കാനെന്ന വ്യാജേന കഴിഞ്ഞ വെള്ളിയാഴ്ച പെണ്‍കുട്ടികള്‍ പ്രേംകുമാറിനെ ഷോളാവരം ടോള്‍ പ്ലാസയ്ക്കു സമീപത്തേയ്ക്കു വിളിച്ചുവരുത്തി. ഇവിടെവച്ച് അശോകും മൂന്നു കൂട്ടാളികളും ചേര്‍ന്ന് പ്രേംകുമാറിനെ തട്ടിക്കൊണ്ടു പോകുകയും പിന്നീട് ഇച്ചങ്ങാട് ഗ്രാമത്തില്‍ എത്തിച്ച് മര്‍ദിച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടുകയുമായിരുന്നു.
ഒഴിഞ്ഞ പ്രദേശത്തു രക്തക്കറ കണ്ട നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ചു സ്ഥലത്തെത്തിയ പൊലീസാണു മൃതദേഹം കണ്ടെത്തിയത്. വൈകാതെ പെണ്‍കുട്ടികളെയും അശോകിന്റെ മൂന്നു സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു.