ആവേശത്തേരിലേറി ഗവി; പുഷ്പ കിരീടം സമ്മാനിച്ചും ആരതിയുഴിഞ്ഞും ജനീഷ് കുമാറിന് സ്വീകരണമൊരുക്കി തോട്ടം തൊഴിലാളികള്‍
സ്വന്തം ലേഖകൻ
ഗവി: പ്രകൃതിമനോഹരമായ ഗവിയുടെ മണ്ണില്‍ എത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. കെ.യു ജനീഷ് കുമാറിനെ ആരതിയുഴിഞ്ഞും പുഷ്പ കിരീടം സമ്മാനിച്ചും ശ്രീലങ്കന്‍ അഭയാര്‍ത്ഥികളായ തോട്ടം തൊഴിലാളികള്‍ സ്വീകരിച്ചു. സ്വീകരണ പര്യടനം ഗവിയിലെത്തിയപ്പോള്‍ ആവേശത്തേരിലായിരുന്നു തോട്ടം തൊഴിലാളികള്‍. മറ്റു മേഖലകളില്‍ നിന്നും വിഭിന്നമായ സ്വീകരണമായിരുന്നു ഗവിയിലേത്. ശ്രീലങ്കന്‍ ആചാര പ്രകാരമായിരുന്നു ജനീഷ് കുമാറിനെ തോട്ടംതൊഴിലാളികള്‍ വരവേറ്റത്. സ്വീകരണം ഏറ്റുവാങ്ങുന്നതിനായി വൈകുന്നേരത്തോടെ പച്ചക്കാലം ചെക്‌പോസ്റ്റില്‍ എല്‍ഡിഎഫ് നേതാക്കള്‍ക്ക് ഒപ്പം സ്ഥാനാര്‍ത്ഥിയെത്തിയപ്പോള്‍ ചെങ്കൊടിയേന്തി നിരവധി തൊഴിലാളികളായിരുന്നു അവിടെ കാത്തുനിന്നത്. എല്ലാവരെയും അഭിവാദ്യം ചെയ്ത ശേഷം അവിടെ നിന്ന് ഒട്ടനവധി വാഹനങ്ങളുടെ അകമ്പടിയോടെ തുറന്ന ജീപ്പിലായിരുന്നു പര്യടന യാത്ര തുടര്‍ന്നത്.
സ്വീകരണം ഏറ്റുവാങ്ങുവാന്‍ കൊച്ചുപമ്പയിലെത്തിയപ്പോള്‍ കുട്ടികളും അമ്മമാരും ഉള്‍പ്പെടെ നിരവധിപ്പേര്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ പൂക്കളും ദീപങ്ങളുമായി കാത്തുനില്‍ക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ക്കൊപ്പമെത്തിയ സ്ഥാനാര്‍ത്ഥിയെ കണ്ടപ്പോള്‍ അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള മുദ്രാവാക്യം വിളികളും അന്തരീക്ഷത്തില്‍ ഉയര്‍ന്നു. ലയത്തില്‍ താമസത്തിക്കുന്ന തൊഴിലാളികള്‍ക്ക് കിടപ്പാടമൊരുക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ച തങ്ങളുടെ എംഎല്‍എയെ പരമ്പരാഗത ആചാരപ്രകാരം ആരതിയുഴിഞ്ഞും മഞ്ഞള്‍വെള്ളം തളിച്ചുമാണ് ശ്രീലങ്കന്‍ അഭയാര്‍ത്ഥികളായ തൊഴിലാളികള്‍ സ്വീകരിച്ചത്. കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ദീപങ്ങളുമായി സ്ഥാനാര്‍ത്ഥിക്ക് അകമ്പടിയേകി. മുദ്രാവാക്യവിളികളുമായി പുരുഷ തൊഴിലാളികളും ഒപ്പം കൂടിയപ്പോള്‍ ഗവി തിരഞ്ഞെടുപ്പ് ആവേശത്തില്‍ മുഴുകി. ഘോഷയാത്രയുടെ അകമ്പടിയോടെ സ്വീകരണ വേദിയിലെത്തിയ സ്ഥാനാര്‍ത്ഥിയെ സിപിഐ ജില്ലാ സെക്രട്ടറി എ.പി ജയന്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരിച്ചുകൊണ്ട് സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു.സിപിഐഎം പെരുനാട് ഏരിയ സെക്രട്ടറി എസ്. ഹരിദാസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ലേഖ സുരേഷ്, ജിജോ മോഡി,ഏരിയ കമ്മിറ്റിയംഗം പി.ആര്‍ പ്രമോദ്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി റ്റി.എ നിവാസ്, ലോക്കല്‍ കമ്മിറ്റിയംഗം ശ്രീന ഷിബു, ബ്ലോക്ക് പഞ്ചായത്തംഗം പി.എസ് സുജ, ജി.ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്ലാവരുടെയും സ്‌നേഹാദരവ് ഏറ്റുവാങ്ങിയ സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥനയും നടത്തിയ ശഷം പ്രവര്‍ത്തകര്‍ക്കൊപ്പം ഗവിയിലേക്ക് യാത്ര തിരിച്ചു. അവിടെയും ആരെയും അതിശയിപ്പിക്കുന്ന സ്വീകരണമായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. തങ്ങളുടെ എല്ലാ ആവശ്യങ്ങള്‍ക്കും ഒപ്പം നിന്ന് പ്രവര്‍ത്തിച്ച എംഎല്‍എ സ്ഥാനാര്‍ത്ഥിയായി വീണ്ടും എത്തിയപ്പോള്‍ സ്വീകരിക്കാന്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നിരവധിയാളുകളാണ് തടിച്ചുകൂടിയത്. പുഷ്പങ്ങള്‍ വിതറിയും കര്‍പ്പൂരം ഉഴിഞ്ഞുമായിരുന്നു അവര്‍ സ്ഥാനാര്‍ത്ഥിയെ തങ്ങളുടെ നാട്ടിലെക്ക് സ്വീകരിച്ചത്. വാര്‍ഡ് അംഗം ഗങ്കമ്മ മുനിയാണ്ടി, ലോക്കല്‍ കമ്മിറ്റിയംഗം എ.രാജന്‍, ബ്രാഞ്ച് സെക്രട്ടറി വി. കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ മാലയണിയിച്ച് തൊഴിലാളികള്‍ സ്ഥാനാര്‍ത്ഥിക്ക് പിന്തുണയറിച്ചു. കാലങ്ങളായുള്ള പരാതി പരിഹരിക്കാന്‍ ഒപ്പം നിന്ന എംഎല്‍എയെ സ്‌നേഹ ചുംബനങ്ങള്‍ നല്‍കിയാണ് ലയത്തില്‍ താമസമാക്കിയ അമ്മമാര്‍ സ്വീകരിച്ചത്.
ഗവിയിലെ തൊഴിലാളി സമൂഹത്തിന്റെ പിന്തുണയേറ്റുവാങ്ങിയ സ്ഥാനാര്‍ത്ഥി പിന്നീട് മീനാറിലെ സ്വീകരണ യോഗത്തിലേക്കാണ് പോയത്. രാത്രിയേറെ വൈകിയെങ്കിലും മീനാറിലെത്തിയപ്പോള്‍ പ്രവര്‍ത്തകരെപ്പോലും അതിശയിപ്പിക്കുന്ന സ്വീകരണമായിരുന്നു ജനീഷ് കുമാറിന് തൊഴിലാളികള്‍ ഒരുക്കിയത്. മീനാറില്‍ നടന്ന സ്വീകരണ പര്യടനത്തിന്റെ സമാപന സമ്മേളനം സിപിഐഎം പെരുനാട് ഏരിയ സെക്രട്ടറി എസ്. ഹരിദാസ് ഉദ്ഘാടനം ചെയ്തു. സിപിഐ മീനാര്‍ ബ്രാഞ്ച് സെക്രട്ടറി രാജതുര അദ്ധ്യക്ഷത വഹിച്ചു. മറുപടി പ്രസംഗം നടത്തിയ സ്ഥാനാര്‍ത്ഥി ലയത്തിലെ തൊഴിലാളികള്‍ നല്‍കിയ കട്ടന്‍കാപ്പി കുടിച്ചും വോട്ടഭ്യര്‍ത്ഥന നടത്തിയുമാണ് ഗവിയില്‍ നിന്ന് മടങ്ങിയത്.