കേരളത്തിൽ നിന്നുള്ള എംപിമാർ ലക്ഷദ്വീപിൽ എത്തുന്നത് കലാപം ഉണ്ടാക്കാൻ: കോൺഗ്രസ് എം.പിമാർക്ക് ലക്ഷദ്വീപിൽ എത്തുന്നതിന് വിലക്ക്; സന്ദർശനം വിലക്കി അഡ്മിനിസ്‌ട്രേറ്റർ
തേർഡ് ഐ ബ്യൂറോ
കൊച്ചി: ലക്ഷദ്വീപിന് പിൻതുണ അർപ്പിച്ച് രംഗത്തിറങ്ങിയ മലയാളികളെ വെല്ലുവിളിച്ച് വീണ്ടും കേന്ദ്ര സർക്കാരും, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററും. ലക്ഷദ്വീപിലേയ്ക്കു പോകുന്നതിന് അനുവാദം ചോദിച്ച കോൺഗ്രസ് എം.പിമാർക്ക് അനുവാദം നൽകാതെയാണ് ഇപ്പോൾ കേന്ദ്ര സർക്കാരും, അഡ്മിനിസ്‌ട്രേറ്ററും രംഗത്തെത്തിയിരിക്കുന്നത്.
ലക്ഷദ്വീപ് സന്ദർശനത്തിന് /യാത്രാനുമതി തേടി കോൺഗ്രസ് എംപിമാർ സമർപ്പിച്ച അപേക്ഷ ദ്വീപ് കളക്ടർ തള്ളിയതോടെയാണ് വീണ്ടും വിവാദം ഉയർന്നിരിക്കുന്നത്. ഹൈബി ഈഡൻ, ടി എൻ പ്രതാപൻ എന്നിവരുടെയും മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ ലീഗൽ അഡൈ്വസർ രാകേഷ് ശർമയുടെയും അപേക്ഷകളാണു കലക്ടർ എസ്.അസ്ഗർ അലി നിരസിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എംപിമാരുടെ സന്ദർശനം ലക്ഷദ്വീപിലെ സമാധാന അന്തരീക്ഷം തകർക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് പറഞ്ഞാണ് അനുമതി നിഷേധിച്ചത്.
ബോധപൂർവ്വം ലക്ഷദ്വീപിലെ സമാധാന അന്തരീക്ഷം തകർക്കാനാണ് എംപിമാരുടെ സന്ദർശനം ലക്ഷ്യമാക്കുന്നതെന്ന് കലക്ടർ പറഞ്ഞു. എംപിമാർ ലക്ഷദ്വീപ് സന്ദർശിച്ചാൽ ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകും.
ദ്വീപിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തകരാൻ എംപിമാരുടെ സന്ദർശനം ഇടയാക്കും. സന്ദർശനത്തിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യം മാത്രമാണെന്നും ലക്ഷദ്വീപ് കലക്ടർ വ്യക്തമാക്കി.
കഴിഞ്ഞ മാസം ഇവർ ലക്ഷദ്വീപ് യാത്രയ്ക്ക് അനുമതി തേടിയപ്പോൾ 7 ദിവസം ക്വാറന്റീൻ നിർബന്ധമാണെന്നു ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ചിരുന്നു. ക്വാറന്റീനും കോവിഡ് മാനദണ്ഡങ്ങളും പാലിക്കാൻ തയാറാണെന്ന് എംപിമാർ അറിയിച്ചിട്ടും അനുമതി നൽകാൻ അഡ്മിനിസ്ട്രേഷൻ തയാറായില്ല.
ഇതിനെതിരെ എംപിമാർ ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണനയ്ക്കു വന്നപ്പോൾ എംപിമാർക്കു സന്ദർശനത്തിനുള്ള അനുമതി നിരസിച്ചിട്ടില്ലെന്നും കോവിഡ് സാഹചര്യം പരിഗണിച്ചു യാത്ര മാറ്റിവയ്ക്കാൻ ആവശ്യപ്പെടുക മാത്രമാണു ചെയ്തതെന്നും അധികൃതർ ഹൈക്കോടതിയെ അറിയിച്ചു.
10 ദിവസത്തിനകം തീരുമാനമെടുത്ത് അറിയിക്കണമെന്നു ഹൈക്കോടതി അഡ്മിനിസ്ട്രേഷനോടു നിർദേശിച്ചു. പിന്നീട് ചില രേഖകൾ കൂടുതലായി സമർപ്പിക്കണമെന്നു ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ആവശ്യപ്പെട്ടു. ആവശ്യപ്പെട്ട രേഖകളുൾപ്പെടെ വീണ്ടും സമർപ്പിച്ച അപേക്ഷകളാണു ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി കലക്ടർ തള്ളിയത്. കലക്ടറുടെ നടപടിക്കെതിരെ അപ്പീൽ സമർപ്പിക്കുമെന്നും അന്യായമായ ഉത്തരവ് ഹൈക്കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും എംപിമാരും രാകേഷ് ശർമയും അറിയിച്ചു.
നേരത്തെ ഇടത് എംപിമാരുടെ അപേക്ഷയും നിർദ്ദേശം ഉന്നയിച്ച് ലക്ഷദ്വീപ് ഭരണകൂടം തള്ളിയിരുന്നു. ലക്ഷദ്വീപ് സന്ദർശിക്കണമെങ്കിൽ എംപിമാർ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിർദേശമാണ് ലക്ഷദ്വീപ് ഭരണകൂടം മുന്നോട്ട് വച്ചിരുന്നത്. സന്ദർശനാനുമതി നിഷേധിച്ച് നൽകിയ മറുപടിയിലാണ് ഈ നിബന്ധനയുള്ളത്. എംപിയുടെ സ്വഭാവ സർട്ടിഫിക്കറ്റ് സ്‌പോൺസർ ഹാജരാക്കണം. അത് മജിസ്‌ട്രേറ്റോ നോട്ടറിയോ അറ്റസ്റ്റ് ചെയ്യണമെന്നും നിർദേശമുണ്ട്. ബിനോയ് വിശ്വം, തോമസ് ചാഴിക്കാടൻ, ശ്രേയാംസ് കുമാർ, കെ സോമപ്രസാദ്, വി ശിവദാസൻ, എഎം ആരിഫ്, ജോൺ ബ്രിട്ടാസ് തുടങ്ങിയവർക്കാണ് ദ്വീപ് ഭരണകൂടത്തിന്റെ ഇത്തരമൊരു നിർദ്ദേശം.
ഇതിനിടെ ദ്വീപിൽ വീണ്ടും കൂട്ട പിരിച്ചുവിടലിന് ഭരണകൂടം ഉത്തരവിട്ടു. കായിക വകുപ്പിൽ നിന്നും 151 പേരെയാണ് പിരിച്ച് വിട്ട് ഉത്തരവിറങ്ങിയത്. രണ്ട് മാസം മുൻപ് 191 പേരെ കായിക വകുപ്പിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് അധികൃതരുടെ വിശദീകരണം.