
ലൈംഗിക ചൂഷണത്തിനിരയായ പെൺകുട്ടിയെ പ്രതികളായ മാതാപിതാക്കൾക്ക് വിട്ട് നല്കി സിഡബ്ല്യൂസി
സ്വന്തംലേഖിക
കുമളി:ലൈംഗിക ചൂഷണത്തിന് ഇരയായതിനെ തുടർന്ന് നിർഭയയുടെ സംരക്ഷണത്തിൽ ആക്കിയിരുന്ന പെൺകുട്ടിയെ പ്രതികൾക്കിടയിലേക്ക് തന്നെ വിട്ടുകൊടുത്ത് ചൈൽഡ് വെൽഫെയർ കമ്മിറ്റി(സിഡബ്ല്യുസി)യുടെ അന്യായം. പെൺകുട്ടിയുമായി ബന്ധപ്പെട്ടുള്ള ഒരു കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കാൻ ഇരിക്കവെയാണ് തിരുവനന്തപുരം സിഡബ്ല്യുസി വളരെ തിടുക്കപ്പെട്ടെന്നപോലെ കുട്ടിയെ തിങ്കളാഴ്ച്ച സഹോദരനൊപ്പം പറഞ്ഞയച്ചത്. ഇതുവരെ കുട്ടി കഴിഞ്ഞുവന്നിരുന്ന നിർഭയ ഹോമിന്റെ ചുമതലയുള്ള കേരള മഹിള സമാക്യയോ, കുട്ടിയെ തിരുവനന്തപുരം സിഡബ്ല്യുസിയുടെ കീഴിലേക്ക് മാറ്റി ഉത്തരവിട്ട ജില്ല കളക്ടറോ അറിയാതെയാണ് ഇപ്പോഴത്തെ നീക്കം. പ്രതികളുടെ അടുത്തേക്ക് തന്നെയാണ് പറഞ്ഞു വിടുന്നതെന്നതിനാൽ പെൺകുട്ടിയുടെ ജീവൻ തന്നെ അപകടത്തിലായേക്കാമെന്ന അവസ്ഥയാണ് മുന്നിലുള്ളത്.കുമളി സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ കാമുകൻ കൂടിയായ എസ്റ്റേറ്റ് ഉടമയാണ് നിരന്തരമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കി കൊണ്ടിരുന്നത്. ഈ വിവരം കുട്ടിയുടെ സഹോദരനിലൂടെ ചൈൽഡ് ലൈൻ അറിയുന്നതോടെയാണ് ലൈംഗിക പീഡനത്തിൽ നിന്നും കുട്ടി മോചിതയാകുന്നത്. കുട്ടിയുടെ സംരക്ഷണം ഇടുക്കി സിഡബ്ല്യുസിക്ക് കീഴിലാക്കുകയും എസ്റ്റേറ്റ് ഉടമയേയും പെൺകുട്ടിയുടെ മാതാവിനെയും ഒന്നും രണ്ടും പ്രതികളാക്കി കേസ് എടുക്കുകയും ചെയ്തു. കുമളിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഈ കേസും, തിരുവനന്തപുരം സിഡബ്ല്യുസിയുടെ കീഴിൽ നിൽക്കുമ്പോൾ വീട്ടിൽ പോയ സമയത്ത് പെൺകുട്ടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മുണ്ടക്കയം സ്റ്റേഷനിലുള്ള മറ്റൊരും കേസും കാഞ്ഞിരപ്പള്ളി കോടതിയിൽ 164 മൊഴിയെടുക്കാൻ എത്തിയ സമയത്ത് സ്വന്തം അച്ഛൻ കോടതിയിൽ എത്തി പെൺകുട്ടിയെ മൊഴി തിരുത്താൻ ഉപദ്രവിച്ച സംഭവത്തിൽ കാഞ്ഞിരപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത വേറൊരു കേസും നിലവിലുണ്ട്. പെൺകുട്ടിക്ക് ഇത്തരം ആക്രമണങ്ങൾ പലയിടത്തായി നടക്കുന്നതുകൊണ്ട് എല്ലാ കേസുകളും തിരുവനന്തപുരത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മഹിള സമാക്യ ഹൈക്കോടതിയിൽ നൽകിയ പരാതിയാണ് ഇന്നു പരിഗണിക്കുന്നത്. അതിനു മുന്നേയാണ് തിരുവനന്തപുരം സിഡബ്ല്യുസിയുടെ തീർത്തും നിയമവിരുദ്ധമെന്നു ചൂണ്ടിക്കാണിക്കുന്ന പ്രവർത്തി നടന്നത്. ഉത്തരവാദിത്വപ്പെട്ടവരോട് കൂടിയാലോചിക്കാതെ, പ്രതികളെ സഹായിക്കാനെന്ന പോലെ ചെയ്തിരിക്കുന്ന പ്രവർത്തിയാണിതെന്നാണ് ആരോപണം.എന്നാൽ ഈ വിഷയത്തിൽ പ്രതികരണം ആരാഞ്ഞ് വിളിച്ചപ്പോൾ തിരുവനന്തപുരം ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. എൻ. സുനന്ദയ്ക്ക് ഈ കുട്ടിയെ റിലീസ് ചെയ്ത കാര്യം ഓർമ വരുന്നില്ലെന്നാണ് പറഞ്ഞത്. ഫയൽ നോക്കിയിട്ട് മാത്രമെ പറയാൻ കഴിയൂ എന്നായിരുന്നു സിപിഎം നേതാവ് കൂടിയായ ചെയർപേഴ്സന്റെ മറുപടി. ഓരോ ദിവസവും ഒത്തിരി കുട്ടികളെ സിഡബ്ല്യുസി ഇത്തരത്തിൽ റിലീസ് ചെയ്യാറുള്ളതുകൊണ്ടാണ് ഏതൊക്കെ കുട്ടികളെയാണ് വിട്ടതെന്ന കാര്യം ഓർത്തെടുക്കാൻ കഴിയാത്തതെന്നാണ് അഡ്വ. സുനന്ദ പറയുന്നത്. സിഡബ്ല്യുസി ചെയർപേഴ്സൺ ആയ അഡ്വ. എൻ സുനന്ദയും മെംബർമാരായ അഡ്വ. ധന്യ ആർ. വി സീതമ്മാൾ എന്നിവർ ഒപ്പിട്ടാണ് കുട്ടിയുടെ റിലീസിംഗ് ഓഡർ പുറത്തിറക്കിയിരിക്കുന്നത്. ഏറെ പ്രമാദമായ കേസുകളിലെ സാക്ഷി കൂടിയാണ് പ്രസ്തുത പെൺകുട്ടി എന്നിരിക്കെ കൂടിയാണ്, ആ കുട്ടിയെ റിലീസ് ചെയ്ത കാര്യം ചെയർപേഴ്സണ് അറിയില്ലെന്നു പറയുന്നത്.മുഖ്യപ്രതിക്ക് ഇപ്പോഴും പെൺകുട്ടിയുടെ വീട്ടിൽ സ്വാധീനമുണ്ട്. അമ്മയും അച്ഛനും പെൺകുട്ടിക്കെതിരായ അക്രമണങ്ങളിൽ പ്രതികളാണ്. സഹോദരനും മുഖ്യ പ്രതിയുമായി അടുത്ത ബന്ധമുണ്ട്. മൂത്ത സഹോദരിയും പ്രതികളുടെ സ്വാധീനത്തിൽ തന്നെ നിൽക്കുന്നതാണ്. ഇവർക്കിടയിലേക്കാണ് പെൺകുട്ടി ചെല്ലുന്നത്. നിർഭയയുടെ സംരക്ഷണയിൽ കഴിയുമ്പോൾ തന്നെ ലൈംഗിക പീഡന കേസിൽ മൊഴി മാറ്റാൻ പെൺകുട്ടിക്കു മേൽ പ്രതികളായവരുടെ നിരന്തര സമ്മർദ്ദവും അക്രമണവും നടന്നിട്ടുണ്ടെന്നിരിക്കെയാണ് ഇപ്പോൾ പൂർണമായും പ്രതികളുടെ കൈകളിലേക്ക് തന്നെ പെൺകുട്ടിയെ പറഞ്ഞയച്ചിരിക്കുന്നത്. കാഞ്ഞിരപ്പിള്ളി കോടതിയിൽ എത്തി പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിക്കാനും വധഭീഷണി മുഴക്കാൻ പിതാവ് തയ്യാറായ സംഭവും വ്യക്തമായ അറിയാവുന്നവരാണ് തിരുവനന്തപുരം സിഡബ്ല്യുസി. മുൻപ് അച്ഛന്റെയും സഹോദരന്റെയും സരക്ഷണയിൽ വിട്ട സമയങ്ങളിൽ പെൺകുട്ടി ആത്മഹത്യശ്രമവും നടത്തിയിട്ടുണ്ട്. ഈ വിവരങ്ങളൊക്കെ മുൻപിൽ ഉള്ളപ്പോൾ തന്നെയാണ്, പ്രതികളെ സഹായിക്കാനെന്ന ആരോപണം ശരിവയ്ക്കുന്നതുപോലെ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ ഇപ്പോഴത്തെ നടപടി ഉണ്ടായിരിക്കുന്നത്.