കുഞ്ഞ് പുണ്യദിനത്തില്‍ ജനിക്കണമെന്ന് കുടുംബം;ജനുവരി 22ന് പ്രസവിക്കണമെന്ന ആവശ്യവുമായി നിരവധി സ്ത്രീകള്‍!
സ്വന്തം ലേഖിക
ദില്ലി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22ന് കുഞ്ഞിന് ജന്മം നല്‍കാൻ നിരവധി അമ്മമാര്‍ ആഗ്രഹിക്കുന്നതായി ഡോക്ടറുടെ വെളിപ്പെടുത്തല്‍.
അന്ന് പ്രസവം നിശ്ചയിക്കാൻ കുടുംബങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും ഡോക്ടര്‍മാര്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരോടാണ് അമ്മമാര്‍ അഭ്യര്‍ത്ഥന നടത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിഷ്ഠാ ദിനത്തില്‍ തങ്ങള്‍ക്ക് കുട്ടികള്‍ ജനിക്കണമെന്ന് നിരവധി കുടുംബങ്ങള്‍ നിര്‍ബന്ധിക്കുന്നതായി വകുപ്പ് മേധാവി ഡോ സീമ ദ്വിവേദി വെളിപ്പെടുത്തി. പതിനഞ്ചോളം പേര്‍ ഇപ്പോള്‍ തന്നെ അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്. സാധാരണഗതിയില്‍ സാധാരണ പ്രസവങ്ങള്‍ ചെയ്തുനല്‍കാമെന്ന് ഉറപ്പ് നല്‍കാൻ കഴിയില്ല. എന്നാല്‍ ചില കേസുകളില്‍ സമയ പരിധിയില്‍ ദിവസം ക്രമീകരിക്കാൻ സാധിക്കും. ശസ്ത്രക്രിയ ആവശ്യമുള്ളവരോട് അത് വിശദീരിച്ചിട്ടുണ്ട്. അഭ്യര്‍ത്ഥനകള്‍ ഉള്‍ക്കൊള്ളുന്നതിനായി ജനുവരി 22 ന് ഏകദേശം 30 ഓപ്പറേഷനുകള്‍ നടത്താൻ ആശുപത്രി ക്രമീകരിച്ചിട്ടുണ്ടെന്നും ഡോ ദ്വിവേദി പറഞ്ഞു. ഒരു ദിവസം 14 മുതല്‍ 15 വരെ ഓപ്പറേഷനുകളാണ് ആശുപത്രിയില്‍ നടത്തിയിരുന്നത്.
പ്രത്യേക ദിവസത്തില്‍ കുഞ്ഞിന് ജന്മം നല്‍കുക എന്ന ആഗ്രഹം കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. “ഞങ്ങളുടെ കുഞ്ഞിന്റെ ജനനം രാമക്ഷേത്രത്തിന്റെ വരവിനൊപ്പം ആകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. വര്‍ഷങ്ങളായി രാമക്ഷേത്രത്തിനായി കാത്തിരിക്കുന്നു, ഞങ്ങളുടെ കുട്ടി ലോകത്തേക്ക് പ്രവേശിക്കുന്നത് ആ ഭാഗ്യ നിമിഷമായിരിക്കുമെന്നും ആയിരുന്നു ഗര്‍ഭിണിയുടെ കുടുംബത്തിന്റെ പ്രതികരണം.
ഒരു കുഞ്ഞ് നല്ല സമയത്ത് ജനിച്ചാല്‍ അത് കുഞ്ഞിന്റെ വ്യക്തിത്വത്തില്‍ നല്ല സ്വാധീനം ചെലുത്തുമെന്ന് ആളുകള്‍ വിശ്വസിക്കുന്നതാണ്, ഇത്തരം ആവശ്യങ്ങളുമായി കുടുംബങ്ങള്‍ എത്താൻ കാരണമെന്ന് സൈക്കോളജിസ്റ്റ് ദിവ്യ ഗുപ്ത പ്രതികരിച്ചു. അതേസമയം, ജനുവരി 22ന് അയോധ്യയില്‍ നടക്കുന്ന രാംലല്ലയുടെ പ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. രാം ലല്ലയുടെ പ്രാണ്‍-പ്രതിഷ്ഠാ ചടങ്ങുകള്‍ക്കുള്ള വൈദിക ചടങ്ങുകള്‍, പ്രധാന ചടങ്ങിന് ഒരാഴ്ച മുമ്ബ് ജനുവരി 16 ന് ആരംഭിക്കും.