
സ്വന്തം ലേഖകൻ
കോട്ടയം ∙ അതിരമ്പുഴയ്ക്കു പിന്നാലെ കോട്ടയം നഗരസഭാ ഒന്നാം വാർഡിൽ അടിച്ചിറയ്ക്കു സമീപം 5 വീടുകളിലും മോഷണശ്രമം. വീടുകളുടെ സമീപം രണ്ടോ മൂന്നോ പേരുടെ കാൽപാടുകൾ കണ്ടെത്തിയെന്നും നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടിനു ശേഷമാണു മോഷണശ്രമം നടന്നത്. ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി. അതിരമ്പുഴയിൽ കണ്ടെത്തിയ ആയുധ ധാരികളായ മോഷ്ടാക്കളുടെ സംഘം തന്നെയാണോ ഇതിനു പിന്നിലെന്നും അന്വേഷിക്കുന്നതായും പൊലീസ് പറഞ്ഞു. തമിഴ് മോഷണസംഘമായ കുറുവ സംഘമാണോ ഇവർ എന്ന അന്വേഷണം തുടരുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെ അതിരമ്പുഴയിൽ ഒരു വീട്ടിൽക്കൂടി മോഷണശ്രമം നടന്നു. വേളാങ്കണ്ണി യാത്രയ്ക്കു ശേഷം ഇന്നലെ രാവിലെ തിരികെ എത്തിയ അതിരമ്പുഴ മറ്റംകവല കറുകച്ചേരിൽ സിബി ലൂക്കോസിന്റെ വീടിന്റെ പിൻവശത്തെ ജനൽ പൊളിച്ചു വാതിൽ തുറന്നുകിടക്കുന്നതായി കണ്ടെത്തി. ഇതോടെ അതിരമ്പുഴയിൽ മോഷണശ്രമം നടന്ന വീടുകളുടെ എണ്ണം ഏഴായി. അതിരമ്പുഴയ്ക്കു പുറമേ ഏറ്റുമാനൂർ നഗരസഭ, നീണ്ടൂർ, ആർപ്പൂക്കര, കാണക്കാരി, മണർകാട് പഞ്ചായത്തുകളിലും അതീവജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
മോഷണശ്രമം നടന്ന വീടുകളിലെല്ലാം പിൻഭാഗത്തെ വാതിലാണു തുറക്കാൻ ശ്രമിച്ചത്. വാതിലിന്റെ ഉള്ളിൽ നിന്നുള്ള കൊളുത്തോ പൂട്ടോ തിരിച്ചറിഞ്ഞ്, ആ ഭാഗത്തു കമ്പി പോലുള്ള ആയുധം ഉപയോഗിച്ചു പുറത്തു നിന്നു ശക്തമായി ഇടിച്ചാണു തുറക്കുന്നതെന്നാണു സംശയം. മോഷണശ്രമം നടന്ന വീടുകളിലെല്ലാം വാതിലിൽ ഇങ്ങനെ ഇടിച്ചതിന്റെ പാടുകൾ വ്യക്തമാണ്.
മോഷണശ്രമം നടന്ന അതിരമ്പുഴ നീർമലക്കുന്നേൽ മുജീബിന്റെ വീടിന്റെ ഭിത്തിയിൽ പ്രത്യേക അടയാളം കണ്ടെത്തി. ചുണ്ണാമ്പു പോലുള്ള മിശ്രിതം ഉപയോഗിച്ചുണ്ടാക്കിയതാണ് അടയാളം. പകൽ വീടും പരിസരവും നിരീക്ഷിച്ച ശേഷം അടയാളം പതിച്ചതാകാമെന്നു കരുതുന്നു.
അതിരമ്പുഴയിൽ 7 വീടുകളിൽ മോഷണശ്രമം ഉണ്ടായെങ്കിലും ഒരിടത്തും നഷ്ടമുണ്ടായിട്ടില്ല. ആറാം വാർഡ് കുരിയാലിപ്പാടം നഫീസ മൻസിലിൽ മുഹമ്മദ് യാസിറിന്റെ ഭാര്യയുടെ കാലിൽ ധരിച്ചിരുന്ന മെറ്റൽ പാദസരം സ്വർണമാണെന്നു കരുതി മോഷ്ടിച്ചതാണ് ഏകനഷ്ടം. മറ്റുള്ള വീടുകളിലെല്ലാം തന്നെ ശബ്ദം കേട്ടു വീട്ടുകാരോ അയൽക്കാരോ ഉണരുകയോ വളർത്തുനായ്ക്കൾ കുരയ്ക്കുകയോ ചെയ്തപ്പോൾ സംഘം അവിടെ നിന്നു കടന്നു.
മുഹമ്മദ് യാസിറിന്റെ വീട്ടിൽ മോഷണം നടന്ന മുറിയിൽ 4 പേരുൾപ്പെടെ വീട്ടിൽ 7 പേരുണ്ടായിരുന്നിട്ടും ആരും ഉണർന്നില്ല. രാവിലെ വീട്ടിൽ എല്ലാവർക്കും പതിവില്ലാത്ത ക്ഷീണവും മയക്കവും അനുഭവപ്പെടുകയും ചെയ്തെന്നും മയക്കിക്കിടത്താനുള്ള മരുന്നു സ്പ്രേ ചെയ്തെന്നു സംശയിക്കുന്നതായും ഗൃഹനാഥൻ മുഹമ്മദ് യാസിർ പറഞ്ഞു.
ഈ മേഖലകളിൽ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അതിരമ്പുഴ പഞ്ചായത്ത് ഏഴാം വാർഡിൽ മോഷണശ്രമം നടന്ന യാസ്മിന്റെ വീടിനടുത്തുള്ള സിസിടിവിയിലാണ് അടിവസ്ത്രം മാത്രം ധരിച്ചു വടിവാൾ,കോടാലി ഉൾപ്പെടെ മാരകായുധങ്ങളുമായി ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കു നടന്നുപോകുന്ന മൂന്നംഗ സംഘത്തിന്റെ ദൃശ്യം പതിഞ്ഞത്.
ഇതിനിടെ ഇന്നലെ രാവിലെ അതിരമ്പുഴയിൽ കണ്ട നാടോടിസ്ത്രീകളുടെ സംഘത്തെ നാട്ടുകാർ തടഞ്ഞ് പൊലീസിൽ ഏൽപിച്ചു. നാട്ടുകാർ സംശയം പ്രകടിപ്പിച്ചതിനാൽ ഇവരെപ്പറ്റി അന്വേഷണം നടത്തിയതായും ഇവരെ വിട്ടയച്ചതായും ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ആർ.രാജേഷ് കുമാർ പറഞ്ഞു. സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തുന്ന നാടോടിസംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
വീട്ടിൽ നിന്ന് ഒന്നും നഷ്ടപ്പെട്ടില്ലെന്നു ഗൃഹനാഥൻ സിബി പറഞ്ഞു. കഴിഞ്ഞ ദിവസം ലഭിച്ച ദൃശ്യങ്ങളിലുള്ളവർ കുറുവ സംഘാംഗങ്ങൾ എന്ന് ഉറപ്പിക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്നു ഡിവൈഎസ്പി ജെ.സന്തോഷ് കുമാർ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരൻ എന്നിവർ പറഞ്ഞു. ദൃശ്യങ്ങളിൽ ഉള്ളവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പ്രവർത്തനരീതിയുടെയും വേഷത്തിന്റെയും അടിസ്ഥാനത്തിലാണു കുറുവ സംഘമാണെന്നു സംശയിക്കുന്നത്.
പാലക്കാടിന്റെ അതിർത്തിപ്രദേശങ്ങളിൽ കുറുവ സംഘം എന്ന ആയുധധാരികളായ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. അതിരമ്പുഴയിൽ എത്തിയ മോഷണസംഘത്തിനും ഇതേ സമാനതകൾ കണ്ടെത്തിയതോടെയാണു കുറുവ സംഘമെന്ന സംശയത്തിലേക്ക് എത്തിയത്.