play-sharp-fill
പല്ലനയാറിൻ തീരത്തിൽ പദ്മപരാഗ കുടീരത്തിൽ വിളക്കുവെക്കും യുവകന്യകയൊരു വിപ്ലവ ഗാനം കേട്ടു മാറ്റുവിൻ ചട്ടങ്ങളെ” എന്ന പ്രശസ്തമായ ഈ ഗാനം കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് പകർന്ന ഊർജ്ജം ചെറുതൊന്നുമായിരുന്നില്ല.

പല്ലനയാറിൻ തീരത്തിൽ പദ്മപരാഗ കുടീരത്തിൽ വിളക്കുവെക്കും യുവകന്യകയൊരു വിപ്ലവ ഗാനം കേട്ടു മാറ്റുവിൻ ചട്ടങ്ങളെ” എന്ന പ്രശസ്തമായ ഈ ഗാനം കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് പകർന്ന ഊർജ്ജം ചെറുതൊന്നുമായിരുന്നില്ല.

 

കോട്ടയം..
മലയാളകാവ്യലോകത്ത് പദസമ്പത്തു കൊണ്ടും നവോത്ഥാന ചിന്തകൾക്കൊണ്ടും ഏറ്റവും ആദരണീയനായിരുന്നു മഹാകവി കുമാരനാശാൻ .
ആശയഗാംഭീര്യനെന്നും സ്നേഹഗായകനെന്നുമൊക്കെ അറിയപ്പെട്ടിരുന്ന കുമാരനാശാന്റെ ഉജ്ജ്വല കവിതകളിലൂടെയാണ് വരേണ്യവർഗ്ഗത്തിന്റെ കുത്തകയായിരുന്ന കാവ്യസംസ്കൃതി സാധാരണ ജനങ്ങളിലേക്കെത്തുന്നത്.

ജാതി ചിന്തകൾക്കും സാമൂഹിക അനാചാരങ്ങൾക്കുമെതിരെ
തൂലിക പടവാളാക്കിയ ഈ
സ്നേഹഗായകന്റെ കവിതകളും ആശയങ്ങളുമെല്ലാം നമ്മുടെ പ്രിയപ്പെട്ട സിനിമകൾക്കും ചലച്ചിത്ര ഗാനങ്ങൾക്കുമൊക്കെ പ്രചോദനവും വിഷയവുമായി ഭവിച്ചിട്ടുണ്ട്.
1966-ലാണ് ആശാന്റെ പ്രസിദ്ധമായ “കരുണ” ചലച്ചിത്രമാകുന്നത്.
ഈ ചിത്രത്തിൽ
ഒ എൻ വി കുറുപ്പ് എഴുതി ദേവരാജൻ സംഗീതം പകർന്ന്
പി. സുശീല പാടിയ

“എന്തിനീ ചിലങ്കകൾ എന്തിനീ കൈവളകൾ എൻ പ്രിയൻ എന്നരുകിൽ വരില്ലയെങ്കിൽ … ”

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്ന ആശയസുന്ദരമായ ഗാനം വളരെ ജനപ്രീതി നേടിയെടുക്കുകയുണ്ടായി.
1973 – ൽ പുറത്തിറങ്ങിയ “ഇൻറർവ്യൂ “എന്ന ചിത്രത്തിൽ വയലാർ എഴുതിയ

“ഉത്തരമഥുരാപുരിയിൽ മദനോത്സവ മഥുരാപുരിയിൽ നൃത്തകലയുടെ നിധിയായി വാസവദത്ത വാണിരുന്നു ….”

എന്ന ഗാനവും കരുണയെ ആസ്പദമാക്കി തന്നെയാണ് രചിച്ചിട്ടുള്ളത്.
കുടുംബാസൂത്രണ ആശയങ്ങൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ട്
കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത
“ഒള്ളതുമതി ” എന്ന ചിത്രത്തിൽ കുമാരനാശാന്റെ വളരെ പ്രസിദ്ധമായ

“ഈ വല്ലിയിൽ നിന്നു ചെമ്മേ പൂക്കൾ പോകുന്നിതാ പറന്നമ്മേ …”

എന്ന പ്രശസ്ത കവിത ഉൾപ്പെടുത്തിയിരുന്നത് പാട്ടോർമ്മകളുടെ വായനക്കാരായ ചിലരെങ്കിലും ഓർക്കുണ്ടായിരിക്കും . എൽ.പി.ആർ വർമ്മയുടെ സംഗീത സംവിധാനത്തിൽ
എ.പി. കോമളവും രേണുകയുമാണ് ഈ ഗാനം പാടിയത് .
കുമാരനാശാന്റെ ഏറ്റവും വിപ്ലവാത്മകമായ മുദ്രാവാക്യമായിരുന്നു
“മാറ്റുവിൻ ചട്ടങ്ങളെ ” …..
കേരള മനസ്സാക്ഷിയെ ആവേശം കൊള്ളിച്ച ഈ പ്രശസ്തമായ മുദ്രാവാക്യവും , പല്ലനയാറിൻ തീരത്തുള്ള പത്മപരാഗ കുടീരവുമൊക്കെ വയലാർ “നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി ” എന്ന ചിത്രത്തിലെ ഒരു ഗാനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

“പല്ലനയാറിൻ തീരത്തിൽ പദ്മപരാഗ കുടീരത്തിൽ വിളക്കുവെക്കും
യുവകന്യകയൊരു
വിപ്ലവ ഗാനം കേട്ടു
മാറ്റുവിൻ ചട്ടങ്ങളെ
മാറ്റുവിൻ ചട്ടങ്ങളെ
മാറ്റുവിൻ മാറ്റുവിൻ മാറ്റുവിൻ….”

എന്ന പ്രശസ്തമായ ഈ ഗാനം കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് പകർന്ന ഊർജ്ജം ചെറുതൊന്നുമായിരുന്നില്ല.
എ .ഭീംസിങ്ങിന്റെ അവസാന ചിത്രമായ “മാറ്റൊലി “യിലും
ഈ മുദ്രാവാക്യത്തെ ആസ്പദമാക്കി ഒരു ഗാനം രചിക്കപ്പെട്ടിട്ടുണ്ട് .

“പല്ലനയാറ്റിൽ നിന്നിന്നും
മുഴങ്ങുമാ പല്ലവി കേട്ടുവോ ന്യായാസനങ്ങളേ …”

എന്നുതുടങ്ങുന്ന പാട്ടെഴുതിയത് ബിച്ചു തിരുമലയും സംഗീതം പകർന്നത് ജയവിജയന്മാരുമായിരുന്നു.
ആശാൻ്റെ പ്രശസ്ത കവിത “പൂക്കാല ” ത്തിലെ

“പൂക്കുന്നിതാ മുല്ല
പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവ് ….”

ഔസേപ്പച്ചൻ്റെ സംഗീതത്തിൽ
മമ്മൂട്ടി അഭിനയിച്ച “വജ്രം ” സിനിമയിലുണ്ടു്.
1907 – ൽ “മിതവാദി ” പത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട കുമാരനാശാന്റെ പ്രശസ്ത ഖണ്ഡകാവ്യം “വീണപൂവ് ” രോഗശയ്യയിലായിരുന്ന ശ്രീനാരായണ ഗുരുവിന്റെ അവസ്ഥ കണ്ടിട്ട് എഴുതപ്പെട്ടതാണെന്ന് പറയപ്പെടുന്നു.

വെട്ടൂർ രാമൻ നായരുടെ
“ജീവിക്കാൻ മറന്നുപോയ
സ്ത്രീ “എന്ന ചിത്രത്തിൽ വയലാർ എഴുതി എം എസ് വിശ്വനാഥൻ സംഗീതം പകർന്ന് യേശുദാസ് പാടിയ

“വീണ പൂവേ വീണ പൂവേ കുമാരനാശാന്റെ വീണ പൂവേ
വിശ്വദർശന ചക്രവാളത്തിലെ നക്ഷത്രമല്ലേ നീ
ഒരു ശുക്രനക്ഷത്രമല്ലേ നീ …”

എന്ന പ്രശസ്ത ഗാനം ആശാന്റെ മനോജ്ഞമായ കവിതകൾ തന്റെ പിൻഗാമികളായ കവികൾക്ക് എത്രമാത്രം പ്രചോദനമായിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നതായിരുന്നുവല്ലോ…?
കുമാരനാശാന്റെ കവിതകൾ , വ്യക്തിജീവിതം, പ്രണയം, കുടുംബം തുടങ്ങിയ എല്ലാ തലങ്ങളെയും സ്പർശിക്കുന്ന ഒരു ചലച്ചിത്രം തീയേറ്ററുകളിൽ എത്തിയിരുന്നു .
കെ പി കുമാരൻ രചനയും സാക്ഷാത്കാരവും നടത്തിയ “ഗ്രാമവൃക്ഷത്തിലെ കുയിൽ ” എന്ന ഈ ചിത്രത്തിൽ ആശാന്റെ ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, ചിന്താവിഷ്ടയായ സീത ,
വീണ പൂവ് തുടങ്ങിയ രചനകളിൽ നിന്നുള്ള കാവ്യശകലങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്.

ഗായകനും സംഗീത സംവിധായകനുമായ ശ്രീവത്സൻ ജെ മേനോനാണ് ഗ്രാമവൃക്ഷത്തിലെ കുയിലിൽ ആശാന്റെ വേഷം അവതരിപ്പിച്ചത്. ഒരു ചാനലും ഈ ചിത്രം സംപ്രേഷണം ചെയ്തതായി അറിവില്ല.
പണ്ടൊക്കെ ഇത്തരം ചിത്രങ്ങൾ ദൂരദർശനിലെങ്കിലും കാണാമായിരുന്നു .
സാങ്കേതിക വിദ്യകൾ പുരോഗമിച്ചതോടെ അതുമില്ലാതെയായി .
1873 ഏപ്രിൽ 12ന് തിരുവനന്തപുരം ജില്ലയിലെ കായിക്കരയിൽ ജനിച്ച കുമാരനാശാന്റെ ജന്മവാർഷിക ദിനമാണിന്ന്.

സിനിമയ്ക്കുവേണ്ടി കുമാരനാശാൻ ഗാനങ്ങളൊന്നും എഴുതിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ആശയ ഗാംഭീര്യമുള്ള കവിതകൾ പിൽക്കാലത്ത് മലയാള ചലച്ചിത്ര ഗാനശാഖയെ എത്രമാത്രം സ്വാധീനിച്ചു എന്നുള്ളതിന്

മേൽപ്പറഞ്ഞ ഗാനങ്ങൾ ഏറ്റവും നല്ല ഉദാഹരണങ്ങളാകുന്നു .
വയലാറിന്റെ വരികൾ കടമെടുക്കുകയാണെങ്കിൽ കുമാരനാശാൻ
വിശ്വദർശന ചക്രവാളത്തിലെ ഒരു ശുക്രനക്ഷത്രം തന്നെ .