കുമരകത്ത് കൂടുതൽ കാഴ്ചകളില്ല; സ്വദേശ സഞ്ചാരികൾ ആലപ്പുഴയിലേയ്ക്ക്. പ്രാദേശിക വിനോദ സഞ്ചാര മേഖല സഞ്ചാരികളില്ലാതെ നട്ടം തിരിയുന്നു.
കുമരകം : നക്ഷത്ര ഹോട്ടലുകൾ സഞ്ചാരികളെ കൊണ്ട് നിറയുമ്പോൾ കുമരകത്തിന്റെ പ്രാദേശിക വിനോദസഞ്ചാരമേഖല സഞ്ചാരികളില്ലാതെ നട്ടം തിരിയുന്നു. കുമരകത്ത് കേവലം കായൽ യാത്രമാത്രം ആസ്വദിച്ച് മടങ്ങേണ്ടുന്നതിനാൽ, കൂടുതൽ കാഴ്ചകൾ ലഭിക്കുന്ന ആലപ്പുഴയിലേയക്ക് സ്വദേശ സഞ്ചാരികൾ യാത്രചെയ്യുകയാണ്.
കുമരകത്തേയ്ക്ക് സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന കനാൽ ടൂറിസം ഇല്ലാതാകുന്നതും പ്രകൃതി സൗന്ദര്യം നശിപ്പിക്കപ്പെടുന്നതും പുത്തൻ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാത്തതുമാണ് തിരിച്ചടിയാകുന്നത്.
ക്രിസ്തുമസ്സ് പുതുവർഷ ആഘോഷങ്ങൾക്ക് ഹോട്ടലുകളിൽ സഞ്ചാരികൾ തിങ്ങി നിറഞ്ഞപ്പോൾ നല്ല ശതമാനം ഹൗസ് ബോട്ടുകളും നിശ്ചലാവസ്ഥയിലായത് പ്രാദേശീക ടൂറിസം സംഭരകരെ ആശങ്കയിലാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിൽ (ഡി.ടി.പി.സി) , ഉത്തരവാദിത്വ ടൂറിസം മിഷൻ ( ആർ.ടി) എന്നിവ കുമരകത്ത് പ്രവർത്തിക്കുന്നുണ്ട്. ഇവർ സഞ്ചാരികളെ ആകർഷിക്കാൻ ഉതകുന്ന പദ്ധതികൾ ആവിഷ്കരിക്കുന്നില്ലെന്ന ആക്ഷേപം നിലനിൽക്കുന്നു.
കോടികൾ മുടക്കിയ ടൂറിസം പദ്ധതികൾ നശിക്കുന്നു.കോടികൾ മുടക്കി നിർമ്മിച്ച മാലിക്കായൽ കായലോരപാർക്ക് , നാൽ പങ്ക് ഹൗസ് ബോട്ട് ടെർമിനൽ തുടങ്ങിയ പൂർത്തീകരിച്ച പദ്ധതികൾ കാടുകയറി നശിക്കുകയാണ്. ഡി.ടി.പി.സി ക്ക് കൈമാറാൻ തയ്യാറെടുത്ത നാലുപങ്ക് ടെർമിനൽ കുമരകം പഞ്ചായത്ത് നിർബന്ധപൂർവ്വം ഏറ്റെടുത്തെങ്കിലും അവിടെ യാതൊന്നും ചെയ്യാൻ പഞ്ചായത്തിന് സാധിച്ചിട്ടില്ല. സൂര്യാസ്തമനം ഭംഗിയോടെ കാണാൻ കഴിയുന്ന മാലിക്കായൽ കായലോരപാർക്ക് ഏറ്റുക്കാൻ ആളില്ലാത്ത നിലയിലാണ്. പുത്തൻതോട് ടൂറിസം ഹബ് പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങി.
കുമരകം ഗ്രാമത്തിന്റെ ഭംഗി ആസ്വദിക്കുവാന് സഹായകരമാകുന്നതാണ് കനാന് ക്രൂയിസ്. അനധികൃത കൈയ്യേറ്റങ്ങളും സ്വകാര്യ പാലം നിർമ്മാണങ്ങളും ജലാശയങ്ങൾക്ക് ആഴമില്ലാത്തതും കനാൽ ടൂറിസത്തെ തടസ്സപ്പെടുന്നു. കുമരകം അയ്മനം തിരുവാർപ്പ് പഞ്ചായത്തുകളുടെ ഇടതോടുകൾക്ക് ആഴം വർദ്ധിപ്പിച്ച് പാലങ്ങൾ ഉയർത്തി സ്ഥാപിച്ചാൽ, കനാൽ ടൂറിസവും, കായലിൽ അടിഞ്ഞുകൂടുന്ന എക്കൽ കൂനകൾ നീക്കം ചെയ്താൽ കായൽ ടൂറിസവും വിജയകരമാകും. ടൂറിസത്തിന്റെ പേരിൽ കോൺക്രീറ്റ് മന്ദിരങ്ങൾ പണിതുയർത്തുന്നതിന് പകരം കുമരകത്തിന്റെ പ്രകൃതി സംരക്ഷണത്തിന് പദ്ധതികൾ രൂപീകരിക്കണം.