play-sharp-fill
വീട്ടുജോലിക്കും കുഞ്ഞുങ്ങളെ നോക്കാനും ‘ക്വിക്ക് സെര്‍വ്’ റെഡി; നടപ്പാക്കുന്നത് കുടുംബശ്രീ; ഒരുമാസത്തിനുള്ളില്‍  പ്രവർത്തനസജ്ജമാകും

വീട്ടുജോലിക്കും കുഞ്ഞുങ്ങളെ നോക്കാനും ‘ക്വിക്ക് സെര്‍വ്’ റെഡി; നടപ്പാക്കുന്നത് കുടുംബശ്രീ; ഒരുമാസത്തിനുള്ളില്‍ പ്രവർത്തനസജ്ജമാകും

കോഴിക്കോട്: ഓഫീസും വീടും മുന്നോട്ടുകൊണ്ടുപോകാനുള്ള ഓട്ടത്തിനിടെ ആകെ നട്ടംതിരിഞ്ഞിരിക്കുമ്പോള്‍ ഒരു ഫോണ്‍വിളിക്കപ്പുറം വീട്ടുപണിക്കും കുഞ്ഞുങ്ങളെ നോക്കാനുമൊക്കെ ആളെ കിട്ടിയാലോ.

പാചകം മുതല്‍ പ്രായമായവരെ പരിചരിക്കല്‍വരെയുള്ള പലവിധ ജോലികള്‍ക്ക് കുടുംബശ്രീ ‘ക്വിക്ക് സെർവ്’ ടീം ഒരുങ്ങുന്നു. നഗരത്തില്‍ ഒരുമാസത്തിനുള്ളില്‍ ക്വിക്ക് സെർവ് പ്രവർത്തനസജ്ജമാകും.

ജനങ്ങളുടെ ജീവിതം ആയാസരഹിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്ത്രീകള്‍ക്കായി ഇത്തരമൊരു തൊഴില്‍പദ്ധതി തുടങ്ങുന്നത്. കോർപ്പറേഷൻ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. കോർപ്പറേഷൻ കുടുംബശ്രീ സമഗ്ര തൊഴില്‍ദാനപദ്ധതിയായ വീ ലിഫ്റ്റിലുള്‍പ്പെടുത്തിയാണ് ക്വിക്ക് സെർവ് പ്രവർത്തിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിടപ്പുരോഗികള്‍, വയോജനങ്ങള്‍, കുട്ടികള്‍ എന്നിവരുടെ പരിചരണം, സാധാരണയുള്ള വീട്ടുജോലികള്‍, ശുചീകരണം, പാചകം എന്നിവയാണ് ആദ്യഘട്ടത്തിലുണ്ടാവുക. മൂന്നുമുതല്‍ എട്ടുവരെ കുടുംബശ്രീ അംഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള സംരംഭക ഗ്രൂപ്പുകള്‍ക്കു കീഴിലാണ് ഇവർ പ്രവർത്തിക്കുക. പ്രത്യേക ഓഫീസും 24 മണിക്കൂർ പ്രവർത്തിക്കുന്ന കോള്‍ സെന്റർ സംവിധാനവുമെല്ലാം ഉണ്ടാകും.

ഓരോ ജോലിക്കുമനുസരിച്ച്‌ നിരക്ക് നിശ്ചയിക്കും. തൊഴില്‍ ലഭിക്കുന്നവർ അതിന്റെ നിശ്ചിതവിഹിതം സംരംഭകഗ്രൂപ്പിന് നല്‍കണം. നൂറുപേർക്കെങ്കിലും പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും എത്രത്തോളം സേവനം പ്രയോജനപ്പെടുന്നുണ്ടെന്ന് നോക്കിയശേഷം ആവശ്യമെങ്കില്‍ കൂടുതല്‍പ്പേർക്ക് നല്‍കുമെന്നും കോർപ്പറേഷൻ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി. ദിവാകരൻ പറഞ്ഞു.
സംസ്ഥാനത്തിന്റെ മറ്റു പലഭാഗങ്ങളിലും ക്വിക്ക് സെർവ് പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.