
കൊല്ലം: ജീവനക്കാര്‍ക്ക് അര്‍ഹമായ സ്ഥാനക്കയറ്റം നല്‍കാതെ കെഎസ്ആര്‍ടിസിയില്‍ അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനിയര്‍ തസ്തികയില്‍ കരാര്‍ നിയമനം.15 പേര്‍ക്കാണ് ഇത്തരത്തില്‍ നിയമനം നല്‍കിയിട്ടുള്ളത്. നിയമനത്തിൽ കടുത്ത പ്രതിഷേധവുമായി കോര്‍പ്പറേഷനിലെ ജീവനക്കാര്‍ രംഗത്തെത്തി. നിയമനത്തിനുള്ള 15 പേരുടെ പട്ടിക ദിവസങ്ങള്‍ക്കുമുന്‍പ് തയ്യാറാക്കി. ഇവര്‍ക്ക് കഴിഞ്ഞദിവസംമുതല്‍ പരിശീലനവും തുടങ്ങി.
സ്ഥിരം ജീവനക്കാരുടെ അവധിദിവസങ്ങള്‍, ശബരിമല സീസണ്‍പോലെ സ്‌പെഷ്യല്‍ സര്‍വീസുകള്‍ ഉണ്ടാകുന്ന അവസരങ്ങള്‍ എന്നീ പ്രത്യേക സാഹചര്യങ്ങളില്‍മാത്രം ജോലിചെയ്യാനാണ് അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനിയര്‍മാരെ താത്കാലിക-ബദലി വ്യവസ്ഥയില്‍ നിയമിക്കുന്നെതന്നാണ് കോര്‍പ്പറേഷന്‍ വിശദീകരിക്കുന്നത്.
പാപ്പനംകോട്, കൊല്ലം, പാലക്കാട്, എടപ്പാള്‍ റീജണല്‍ വര്‍ക്ഷോപ്പ്, തിരുവനന്തപുരം സെന്‍ട്രല്‍, പാലക്കാട്, സുല്‍ത്താന്‍ ബത്തേരി, കോട്ടയം, കോഴിക്കോട്, കൊട്ടാരക്കര, ചേര്‍ത്തല എന്നിവിടങ്ങളിലാണ് ഇവര്‍ക്ക് നിയമനം നല്‍കുക. ദിവസവേതനമായി 1,200 രൂപയാണ് നല്‍കുക. 35,000 രൂപയാണ് പ്രതിമാസ ശമ്പളപരിധി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സര്‍വീസ് കാലത്ത് ജോലിയുടെ ഭാഗമായി കോര്‍പ്പറേഷന് ഏതെങ്കിലും തരത്തിലുള്ള നഷ്ടം ഇവര്‍മൂലമുണ്ടായാല്‍ അത് നികത്തിക്കൊള്ളാമെന്ന് 200 രൂപയുടെ മുദ്രപ്പത്രത്തില്‍ ഒപ്പിട്ടുനല്‍കുകയും വേണം. നിയമനങ്ങളെ ശക്തമായി എതിര്‍ക്കുകയാണ് കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍.
ചാര്‍ജ്മാന്‍, അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനിയര്‍ തസ്തികകളില്‍ വളരെയധികം ഒഴിവുകളുണ്ടായിട്ടും മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ക്ക് അര്‍ഹമായ സ്ഥാനക്കയറ്റം നല്‍കാന്‍ കോര്‍പ്പറേഷന്‍ മാനേജ്മെന്റ് തയ്യാറായിട്ടില്ല. വര്‍ക് ഷോപ്പുകളില്‍, ബസുകളുടെ അറ്റകുറ്റപ്പണിക്കും മേല്‍നോട്ടത്തിനും പരിചയസമ്പന്നരായ ജീവനക്കാര്‍ അനിവാര്യമാണ്.
എന്നാല്‍, പരിചയസമ്പത്തുള്ളവരെ മാറ്റിനിര്‍ത്തി, പുറത്തുനിന്നുള്ളവരെ പ്രധാന തസ്തികകളിലേക്ക് കൊണ്ടുവരുന്നതിലാണ് ജീവനക്കാര്‍ എതിര്‍പ്പുയര്‍ത്തുന്നത്. വിഷയം കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറുടെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്.