കെഎസ്ഇബി തൊഴിലാളി സമരം ഒത്തുതീർന്നു, എസ്ഐഎസ്എഫ് വിന്യാസം ഇനി 2 ഓഫീസുകളിൽ മാത്രം എസ് ഐ എസ് എഫ് സെക്യുരിറ്റി കെഎസ്ഇബി ആസ്ഥാനത്തെ രണ്ട് ഓഫീസുകളിൽ മാത്രമായി ചുരുക്കും
സ്വന്തം ലേഖിക
തിരുവനന്തപുരം: കെഎസ്ഇബിയിലെ ഇടത് ട്രേഡ് യൂണിയനുകളുടെ അനിശ്ചിതകാല സമരം ഒത്തുതീർന്നു. സമരക്കാർക്ക് വഴങ്ങിയ സർക്കാർ എസ്ഐഎസ്എഫ് സെക്യുരിറ്റി വിന്യാസത്തിൽ ഇറക്കിയ ഉത്തരവ് പിൻവലിക്കുമെന്ന് ഉറപ്പ് നൽകി.
എസ്ഐഎസ്എഫ് സെക്യുരിറ്റി കെഎസ്ഇബി ആസ്ഥാനത്തെ രണ്ട് ഓഫീസുകളിൽ മാത്രമായി ചുരുക്കും. ഗേറ്റുകൾ, പ്രധാനകവാടം, ചെയർമാന്റെ ഓഫീസ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ നിന്ന് എസ്ഐഎസ്എഫിനെ ഒഴിവാക്കാനും ചർച്ചയിൽ തീരുമാനമായി. ഉന്നയിച്ച വിഷയങ്ങളിൽ തുടർ ചർച്ചകൾ നടത്താമെന്ന ഉറപ്പ് ലഭിച്ചെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു. സമരം ചെയ്ത തൊഴിലാളികൾക്കെതിരെ നടപടിയുമുണ്ടാകില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെഎസ് ഇബി തൊഴിലാളി സമരം ചരിത്ര വിജയമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പ്രതികരിച്ചു. ചെയർമാനും ബോർഡും തൊഴിലാളികളും കെഎസ് ഇബിയ്ക്ക് വേണ്ടി തന്നെയാണ് പ്രവർത്തിക്കുന്നത്. രണ്ട് കൂട്ടരുടേയും പരാതികൾ അന്വേഷിച്ച് പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. വൈദ്യുതി നിരക്കിൽ മാറ്റം വരുത്തുന്നത് ആലോചനയിലുണ്ട്.
പകൽ വൈദ്യുതി നിരക്ക് കുറയ്ക്കുന്നതും രാത്രി നിരക്ക് കൂട്ടുന്നതുമാണ് ആലോചനയിലുള്ളത്. വ്യവസായികൾക്ക് ഇത് ഗുണം ചെയ്യും. രാത്രി നിരക്ക് കൂട്ടാതെ പറ്റില്ലെന്ന സ്ഥിതിയാണെന്നും മന്ത്രി വിശദീകരിക്കുന്നു. ലൈൻമാൻ പ്രമോഷൻ നടപ്പാക്കണമെന്ന സുപ്രീം കോടതി ഉത്തരവ് രണ്ടാഴ്ചയ്ക്കകം നടപ്പാക്കും. കെ എസ് ഇ ബി ചെയർമാന് ഇക്കാര്യത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.