play-sharp-fill
കെഎസ്ഇബി കൊള്ളസംഘം; സമൂഹമാധ്യമങ്ങൾ വഴി വ്യാജപ്രചാരണം നടത്തിയ യുട്യൂബ് ചാനലിനെതിരെ കെഎസ്ഇബിയുടെ നിയമനടപടി; ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം എന്ന് കാണിച്ച് ചാനലിന് നോട്ടീസ്; ചാനലിന്‍റെ ആരോപണങ്ങൾക്ക് അക്കമിട്ട് കെഎസ്ഇബിയുടെ മറുപടി

കെഎസ്ഇബി കൊള്ളസംഘം; സമൂഹമാധ്യമങ്ങൾ വഴി വ്യാജപ്രചാരണം നടത്തിയ യുട്യൂബ് ചാനലിനെതിരെ കെഎസ്ഇബിയുടെ നിയമനടപടി; ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം എന്ന് കാണിച്ച് ചാനലിന് നോട്ടീസ്; ചാനലിന്‍റെ ആരോപണങ്ങൾക്ക് അക്കമിട്ട് കെഎസ്ഇബിയുടെ മറുപടി

തിരുവനന്തപുരം: സമൂഹമാധ്യമങ്ങൾ വഴി വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച് എബിസി മലയാളം ന്യൂസ് എന്ന യുട്യൂബ് ചാനലിനെതിരെ കെഎസ്ഇബി നിയമനടപടികൾ ആരംഭിച്ചിരുന്നു. വ്യാജവാർത്ത പ്രചരിപ്പിച്ച അതേ മാധ്യമങ്ങളിലൂടെ മാപ്പുപറയുകയും യഥാർത്ഥ വസ്തുതകൾ അറിയിക്കുകയും ചെയ്യാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം എന്ന് കാണിച്ച് ചാനലിന് നോട്ടീസ് അയച്ചു.

ചാനൽ നടത്തിപ്പുകാരായ വടയാർ സുനിൽ, ജി സിനുജി എന്നിവർക്ക് കെ എസ് ഇ ബി മുതിർന്ന അഭിഭാഷകനായ അഡ്വ. ബി. ശക്തിധരൻ നായർ വഴിയാണ് വക്കീൽ നോട്ടീസ് അയച്ചത്. ഇപ്പോൾ ചാനലിന്‍റെ ആരോപണങ്ങൾക്ക് കെഎസ്ഇബി മറുപടിയും നല്‍കിയിട്ടുണ്ട്.

ആരോപണം 1

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഎസ്ഇബി ഉപഭോക്താക്കളില്‍ നിന്ന് ആനുവല്‍ എസിഡി ഈടാക്കുന്നത് യാതൊരു മാനദണ്ഡവുമില്ലാതെയാണ്

വിശദീകരണം

കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014 റെഗുലേഷന്‍ 67 അനുസരിച്ച് വൈദ്യുതി വിതരണ യൂട്ടിലിറ്റി എല്ലാ ഉപഭോക്താക്കളില്‍ നിന്നും നിശ്ചിത തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടതുണ്ട്. ഇത് കണക്കാക്കുന്നതിനായി, എല്ലാ സാമ്പത്തിക വര്‍‍ഷവും ആദ്യ ക്വാര്‍‍ട്ടറില്‍ തൊട്ടുമുമ്പുള്ള സാമ്പത്തിക വര്‍‍ഷത്തെ ശരാശരി വൈദ്യുത ഉപയോഗം കണ്ടെത്തുന്നു.

ഇങ്ങനെ ലഭിച്ച ശരാശരി ഉപയോഗത്തിന് നിലവിലെ താരിഫില്‍ പ്രതിമാസ ബില്‍ തുക കണക്കാക്കുന്നു. രണ്ട് മാസത്തിലൊരിക്കല്‍ ബില്‍ ലഭിക്കുന്ന ഉപഭോക്താക്കള്‍‍ക്ക് 3 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബില്‍ തുകയും എല്ലാ മാസവും ബില്‍ ലഭിക്കുന്ന ഉപഭോക്താക്കള്‍‍ക്ക് 2 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബില്‍ തുകയുമാണ് ചട്ടങ്ങള്‍ പ്രകാരം സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടത്.

ഉപഭോക്താവിന്റെ നിലവിലെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇങ്ങനെ കണക്കാക്കുന്ന തുകയേക്കാള്‍ കുറവാണെങ്കില്‍, കുറവുള്ള തുക ബില്ലില്‍ പ്രത്യേകം രേഖപ്പെടുത്തി സ്വീകരിക്കുന്നു. ശരാശരി ഉപയോഗം കുറഞ്ഞിട്ടുണ്ടെങ്കില്‍ അധികമുള്ള ഡെപ്പോസിറ്റ് തുക ബില്ലില്‍ കുറവ് ചെയ്ത് നല്‍കുന്നു. സെക്യൂരിറ്റി നിക്ഷേപത്തിന് ബാങ്ക് നിരക്കിലുള്ള പലിശയും എല്ലാ വര്‍‍ഷവും നല്‍കുന്നുണ്ട്.

ആരോപണം – 2

അഡ്വാന്‍‍സ് എന്ന ശീര്‍‍ഷകത്തില്‍ അഡീഷണല്‍ ക്യാഷ് ഡെപ്പോസിറ്റിന്റെ പലിശയായി ബില്ലില്‍ കുറവുചെയ്തു നല്‍കിയിരിക്കുന്ന തുക കെഎസ്ഇബി അന്യായമായി ഉപഭോക്താവില്‍ നിന്നും ഈടാക്കിയ തുകയാണെന്ന അസത്യ പ്രസ്താവന

വിശദീകരണം

മേല്‍ സൂചിപ്പിച്ചതുപോലെ ഉപഭോക്താവിന്റെ ശരാശരി ഉപയോഗം കുറഞ്ഞിട്ടുണ്ടെങ്കില്‍ അധികമുള്ള ഡെപ്പോസിറ്റ് തുക ബില്ലില്‍ കുറവു ചെയ്ത് തിരികെ നല്‍കും. അഡ്വാന്‍സ് എന്ന ശീര്‍‍ഷകത്തിലാണ് ബില്ലില്‍ ഈ തുക കുറവുചെയ്ത് നല്‍കുക.

അവതാരകന്‍ വീഡിയോയില്‍ കാണിച്ച് വിശദീകരിക്കുന്ന ബില്ലില്‍ ഇപ്രകാരം കുറവു ചെയ്തിരിക്കുന്ന തുക കെഎസ്ഇബി അന്യായമായി ഈടാക്കിയതാണ് എന്ന അസത്യ പ്രസ്താവന തെറ്റിദ്ധാരണാജനകമാണ്.

ആരോപണം – 3

ഇന്ത്യയിലെ ഏറ്റവും വലിയ കൊള്ളസംഘമാണ് കെഎസ്ഇബി. കെഎസ്ഇബി ജനങ്ങളെ കൊള്ളയടിക്കുന്നു തുടങ്ങിയ ആവര്‍‍ത്തിച്ചുള്ള പരാമര്‍ശങ്ങള്‍.

വിശദീകരണം

ജനങ്ങളുടെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമാണ് കെഎസ്ഇബി ലിമിറ്റഡ്. രാജ്യത്ത് നിലവിലുള്ള വൈദ്യുതി നിയമം അനുസരിച്ച് രൂപീകരിക്കപ്പെട്ട് പ്രവര്‍‍ത്തിക്കുന്ന സ്ഥാപനമാണ് ഇത്. കെഎസ്ഇബിയുടെ വരവ് ചെലവ് കണക്കുകള്‍ ആഭ്യന്തരവും ബാഹ്യവുമായ കൃത്യവും വിശദവുമായ ഓഡിറ്റുകള്‍ക്ക് വിധേയമാണ്.

സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനും സി ആന്റ് എജിയും ഉള്‍‍പ്പെടെ കെഎസ്ഇബിയുടെ വരവുചെലവു കണക്കുകള്‍ നിശിതമായ പരിശോധനകള്‍‍ക്ക് വിധേയമാക്കുന്നുണ്ട്. ആ സാഹചര്യത്തില്‍ മേല്‍ പറഞ്ഞ പരാമര്‍‍ശം തികച്ചും വസ്തുതാ വിരുദ്ധവും കെഎസ്ഇബിയെ അപമാനിക്കുന്നതുമാണ്.

ആരോപണം – 4

കെഎസ്ഇബി കൊള്ളക്കാര്‍ നടത്തുന്ന വെട്ടിപ്പാണ് വൈദ്യുത ബില്ലിലുള്ളത്

വിശദീകരണം

വൈദ്യുതിയുടെ നിരക്ക് നിശ്ചയിക്കുന്നത് കെഎസ്ഇബി അല്ല. കെഎസ്ഇബിക്കോ സര്‍‍ക്കാരിനോ ഏകപക്ഷീയമായി വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാനാവില്ല. സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍‌ എന്ന Quasi-Judicial സ്ഥാപനത്തിനാണ് വൈദ്യുതി നിരക്ക് നിശ്ചയിക്കാനുള്ള അധികാരം.

വരവും ചെലവും വിശദമാക്കി റെഗുലേറ്ററി കമ്മീഷനു മുമ്പാകെ കെഎസ്ഇബി നല്‍കുന്ന താരിഫ് പെറ്റീഷനില്‍മേല്‍ വിവിധ ജില്ലകളില്‍ വച്ച് പൊതുജനങ്ങളുടെയും വിവിധ ഉപഭോക്തൃ സംഘടനകളുടെയും അഭിപ്രായം കൂടി ആരാഞ്ഞശേഷം വിശദമായ പരിശോധനകള്‍ നടത്തിയിട്ടാണ് റെഗുലേറ്ററി കമ്മീഷന്‍ വൈദ്യുതി താരിഫ് നിശ്ചയിക്കുന്നത്.

ഫിക്സഡ് ചാര്‍ജ്ജ്, എനര്‍ജി ചാര്‍‍ജ്ജ്, മീറ്റര്‍ വാടക, ഇലക്ട്രിസിറ്റി ഡ്യൂട്ടി, ഫ്യുവല്‍ സര്‍‍ചാര്‍ജ്ജ് എന്നിങ്ങനെ പല ഘടകങ്ങള്‍ ചേര്‍‍ന്നതാണ് വൈദ്യുതി ബില്‍. രാജ്യത്ത് നിലവിലുള്ള വൈദ്യുതി നിയമം അനുശാസിക്കുന്നത് പ്രകാരമാണ് വൈദ്യുതി വിതരണ കമ്പനികള്‍ ഇത്തരത്തില്‍ വിവിധ ഘടകങ്ങള്‍ ചേര്‍‍ത്തുള്ള ബില്‍ തയ്യാറാക്കുന്നത്. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതി ബില്ലിന് ഇതുപോലെ പല ഘടകങ്ങള്‍ ഉണ്ടായിരിക്കും.

ആരോപണം – 5

ഫ്യുവല്‍ സര്‍ചാര്‍‍ജ്ജിനെക്കുറിച്ച് തികച്ചും അവാസ്തവവും തെറ്റിദ്ധാരണാജനകവുമായ ആരോപണങ്ങള്‍.

വിശദീകരണം

വൈദ്യുതി വിതരണ യൂട്ടിലിറ്റികള്‍ നിശ്ചിത കാലയളവിലേയ്ക്കുള്ള മൊത്തം റവന്യൂ ആവശ്യകത (Aggregate Revenue Requirement – ARR) മുന്‍‍കൂര്‍ തയ്യാറാക്കി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ മുമ്പാകെ സമര്‍‍പ്പിക്കേണ്ടതുണ്ട്. ഏതെല്ലാം സ്രോതസ്സുകളില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ ഉദ്ദേശിക്കുന്നു, അവ ഓരോന്നിനും പ്രതീക്ഷിക്കുന്ന ചെലവ് എന്നിവ കൂടാതെ ഓപ്പറേഷന്‍ & മെയിന്റനന്‍സ് ചെലവ്, ഭരണപരമായ ചെലവുകള്‍, പൊതുചെലവുകള്‍ എന്നിങ്ങനെ എല്ലാ വിവരങ്ങളും സാമാന്യ തത്വങ്ങളുടെയും മുന്‍ അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ കണക്കാക്കി ARR-ല്‍ ഉള്‍‍പ്പെടുത്തും.

ഇത് വിശദമായി പരിശോധിച്ച്, പൊതുജനങ്ങള്‍‍ക്കും ഉപഭോക്താക്കള്‍‍ക്കും പറയാനുള്ളതും കേട്ടതിനുശേഷമാണ് റെഗുലേറ്ററി കമ്മീഷന്‍ വരും വര്‍‍ഷങ്ങളിലേക്ക് വൈദ്യുതി താരിഫ് അനുവദിച്ചു നല്‍കുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും, യഥാര്‍ത്ഥ സാഹചര്യത്തില്‍ മുന്‍കൂട്ടി കണക്കാക്കിയ ചെലവുകളില്‍ നിന്നും ഏറ്റകുറച്ചിലുകള്‍ സ്വാഭാവികമാണ്. മഴയുടെ അളവ് പ്രതീക്ഷിച്ചതിലും കുറയുക, വിപണിയില്‍ കല്‍‍ക്കരിയുടെ വില ക്രമാതീതമായി ഉയരുക എന്നിങ്ങനെ നിരവധി കാരണങ്ങളാല്‍ ചെലവ് കൂടാം.

ഇത്തരത്തില്‍ വൈദ്യുതി വാങ്ങല്‍ ചെലവിലും ഇന്ധന ചെലവിലും വ്യതിയാനം ഉണ്ടെങ്കില്‍ ഇന്ധന സര്‍ചാര്‍ജ്ജ് അപേക്ഷകളിലൂടെ ത്രൈമാസ ക്ലെയിമുകള്‍ സമര്‍പ്പിക്കണം എന്നാണ് നിയമം അനുശാസിക്കുന്നത്. റെഗുലേറ്ററി കമ്മീഷന്‍ മുന്‍കൂട്ടി വിജ്ഞാപനം ചെയ്തിട്ടുള്ള ഫോര്‍മുല അനുസരിച്ചായിരിക്കും ഈ അപേക്ഷകളില്‍ തീരുമാനം ഉണ്ടാവുക.

ഇത്തരത്തില്‍ വൈദ്യുതി അധികമായി കൂടിയ വിലയ്ക്ക് വാങ്ങേണ്ടി വന്നതിന്റെ കണക്കുകള്‍ പരിശോധിച്ച് റെഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ചു നല്‍കിയതു പ്രകാരമാണ് വൈദ്യുതി ബില്ലില്‍ ഇന്ധന സര്‍ചാര്‍ജ്ജ് ഈടാക്കുന്നത്. അല്ലാതെ കെ.എസ്.ഇ.ബി. സ്വമേധയാ അടിച്ചേല്‍പ്പിക്കുന്ന തുകയല്ല ഫ്യുവല്‍ സര്‍ചാര്‍ജ്ജ്.

ആരോപണം – 6

ഫിക്സഡ് ചാര്‍ജ്ജ് ഈടാക്കി ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു എന്ന വസ്തുതാവിരുദ്ധമായ പരാമര്‍ശം.

വിശദീകരണം

വൈദ്യുതി ബില്ലിന് പ്രധാനമായും രണ്ട് ഭാഗങ്ങളാണുള്ളത്. ഫിക്സഡ് ചാര്‍‍ജ്ജും എനര്‍ജി ചാര്‍‍ജ്ജും. വിതരണ ലൈസന്‍സിയുടെ സ്ഥിരം ചെലവുകളാണ് ഫിക്സഡ് ചാര്‍ജ്ജായി താരിഫില്‍ പ്രതിഫലിക്കുന്നത്. ഉദാഹരണത്തിന് കെഎസ്ഇബി രാജ്യത്തെ നിരവധി വൈദ്യുതി പദ്ധതികളുമായി വൈദ്യുതി വാങ്ങല്‍ കരാറുകളിലേര്‍പ്പെട്ടിട്ടുണ്ട്.

ഇവിടങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങിയാലും ഇല്ലെങ്കിലും കരാര്‍ ചെയ്ത‍ നിരക്കില്‍ കപ്പാസിറ്റി ചാര്‍ജ്ജ് നല്‍കേണ്ടതുണ്ട്. ഇത്തരത്തില്‍ ഉത്പാദനം, പ്രസരണം, ഓപ്പറേഷന്‍, മെയിന്റനന്‍സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട സ്ഥിരം സ്വഭാവമുള്ള ചെലവുകളാണ് ഫിക്സഡ് ചാര്‍ജ്ജായി താരിഫിലൂടെ ഉപഭോക്താക്കളില്‍ നിന്ന് സ്വീകരിക്കുന്നത്. ഇത് നിയമപ്രകാരം, സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിലൂടെ അംഗീകരിച്ചു നല്‍കിയ താരിഫ് അടിസ്ഥാനത്തിലാണ് ഈടാക്കുന്നത്.

ആരോപണം – 7

ഉപഭോക്താവ് കാശുകൊടുത്ത് വാങ്ങിയ മീറ്ററിന് എല്ലാ മാസവും കെഎസ്ഇബി അനധികൃതമായി വാടക വാങ്ങുന്നു എന്ന വ്യാജ ആരോപണം.

വിശദീകരണം

വൈദ്യുതി കണക്ഷന്‍ നല്‍കുമ്പോള്‍ മീറ്ററിന്റെ വില ഈടാക്കാന്‍ വൈദ്യുതി നിയമം അനുവദിക്കുന്നില്ല എന്നതാണ് വസ്തുത. ഒരു ഉപഭോക്താവില്‍ നിന്നും കെഎസ്ഇബി അത് വാങ്ങുന്നുമില്ല. നിലവിലെ വൈദ്യുതി ശൃംഖലയില്‍ നിന്നും തങ്ങളുടെ കെട്ടിടത്തിലേക്ക് വൈദ്യുതിയെത്തിക്കാന്‍ ആവശ്യമായ പ്രവര്‍ത്തികള്‍ക്കുവേണ്ട ചെലവ് മാത്രമേ കെഎസ്ഇബി ഈടാക്കുകയുള്ളൂ.

ഇതില്‍ മീറ്റര്‍ വില ഉള്‍‍പ്പെടുന്നില്ല. മീറ്റര്‍ വാടക വാങ്ങുന്നത് കെഎസ്ഇബി സ്വയം എടുത്ത ഏതെങ്കിലും തീരുമാന പ്രകാരമല്ല എന്നതും ശ്രദ്ധേയമാണ്. സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുള്ള Kerala Electricity Supply Code 2014-ലെ 68(2) എന്ന വകുപ്പ് അനുസരിച്ചാണ് മീറ്റര്‍ വാടക സ്വീകരിക്കുന്നത്.

വാടക നിരക്ക് നിശ്ചയിക്കുന്നത് റെഗുലേറ്ററി കമ്മീഷനാണ്. മീറ്റര്‍ കേടാവുകയാണെങ്കില്‍ അത് മാറ്റിവെയ്ക്കേണ്ട ഉത്തരവാദിത്തവും കെഎസ്ഇബിയുടേതാണ്. ഉപഭോക്താവ് സ്വയം മീറ്റര്‍ വാങ്ങി അംഗീകൃത ലാബില്‍‍ ടെസ്റ്റ് ചെയ്ത് നല്‍കുന്നപക്ഷം മീറ്റര്‍ വാടക ഒഴിവാകുകയും ചെയ്യും.

ആരോപണം – 8

ബില്‍ തുക തൊട്ടടുത്ത പൂര്‍‍ണ്ണ സംഖ്യയിലേയ്ക്ക് റൗണ്ട് ഓഫ് ചെയ്യുന്നത് കൊള്ളയാണ്

വിശദീകരണം

വിവിധ ഘടകങ്ങള്‍ കൂട്ടിയെടുക്കുന്ന ബില്‍ തുക 50 പൈസയില്‍‌ താഴെയാണെങ്കില്‍ തൊട്ടു താഴെയുള്ള പൂര്‍ണ്ണ സംഖ്യയിലേയ്ക്കും 50 പൈസയോ അതിനു മുകളിലോ ആണെങ്കില്‍ തൊട്ടടുത്ത പൂര്‍ണ്ണ സംഖ്യയിലേയ്ക്കും ആണ് റൗണ്ട് ഓഫ് ചെയ്യുന്നത്. ഇങ്ങനെ റൗണ്ട് ഓഫ് ചെയ്യുന്നതുകൊണ്ട് കെഎസ്ഇബി അനധികൃതമായി വരുമാനം ഉണ്ടാക്കുന്നു എന്ന ആരോപണം വസ്തുതാവിരുദ്ധമാണ്.

ആരോപണം – 9

ഗാര്‍ഹിക താരിഫില്‍ എനര്‍ജി ചാര്‍‍ജ്ജ് ടെലിസ്കോപ്പിക് ശൈലിയില്‍ കണക്കാക്കുന്നത് സംബന്ധിച്ച വസ്തുതാവിരുദ്ധവും അപകീര്‍‍ത്തികരവുമായ പരാമര്‍‍ശം.

വിശദീകരണം

സമൂഹത്തിലെ എല്ലാ പൗരന്മാര്‍‍ക്കും, അവരുടെ സാമ്പത്തിക നില പരിഗണിക്കാതെ വൈദ്യുതി ലഭ്യവും പ്രാപ്യവുമാക്കുക ലക്ഷ്യമിട്ടാണ് ഗാര്‍ഹിക താരിഫില്‍ ടെലിസ്കോപ്പിക് നിരക്ക് നടപ്പിലാക്കിയിരിക്കുന്നത്. അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വൈദ്യുതി ഉപയോഗിക്കുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ഉള്‍‍പ്പെടെ താരതമ്യേന കുറഞ്ഞ നിരക്കിലും വൈദ്യുതി ആഢംബരപൂര്‍വ്വം ഉപയോഗിക്കുന്നവര്‍ക്ക് താരതമ്യേന കൂടിയ നിരക്കിലും വൈദ്യുതി നല്‍കാനായാണ് ടെലിസ്കോപ്പിക് ശൈലി ഏര്‍‍പ്പെടുത്തിയിരിക്കുന്നത്. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിലൂടെ നല്‍കിയ താരിഫ് പ്രകാരമാണ് ബില്‍ കണക്കാക്കുന്നത്.