‘നിങ്ങള് ചത്താലും വേണ്ടില്ല, ഞങ്ങളുടെ അഭിമാന പ്രശ്‌നമാണ് ഇത്’; ഇലക്ട്രിക് ഓട്ടോകൾക്കെതിരായ അതിക്രമം രൂക്ഷം; ഹൃദ്രോഗിയായ യാത്രക്കാരനെ നടുറോഡിൽ ഇറക്കിവിട്ടു
സ്വന്തം ലേഖകൻ
കോഴിക്കോട് : ജില്ലയിൽ ഇലക്ട്രിക് ഓട്ടോകൾക്കെതിരായ അതിക്രമം രൂക്ഷം. ഇലക്ട്രിക് ഓട്ടോ സർവീസിനെതിരായ പ്രതിഷേധത്തിനിടെ ഒരു വിഭാഗം ഓട്ടോ ഡ്രൈവർമാർ ഹൃദ്രോഗിയെ നടുറോഡിൽ ഇറക്കിവിട്ടു. തൃശൂർ സ്വദേശി ജയപ്രകാശിനാണ് ഓട്ടോ ഡ്രൈവർമാരിൽ നിന്നും ദുരനുഭവമുണ്ടായത്. ഇന്നലെ ഉച്ചയ്‌ക്കാണ് സംഭവം.
ആശുപത്രിയിൽ പോകുന്നതിനായി ജയപ്രകാശൻ ഒരു ഓട്ടോയെ കൈകാണിച്ച് നിർത്തി. ആ സമയത്ത് മറ്റൊരു ഓട്ടോ വന്ന് ജയപ്രകാശൻ കയറിയ ഓട്ടോയെ തടയുകയായിരുന്നു. രണ്ട് ഗുളിക കഴിച്ചതാണെന്നും ഹൃദ്രോഗിയാണെന്നും പറഞ്ഞെങ്കിലും ആശുപത്രിയിലേക്ക് പോവാൻ സമ്മതിച്ചില്ലെന്ന് ജയപ്രകാശന്റെ പരാതിയിൽ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിങ്ങള് ചത്താലും വേണ്ടില്ല, ഞങ്ങളുടെ അഭിമാന പ്രശ്‌നമാണ് ഇതെന്ന് ഓട്ടോക്കാർ പറഞ്ഞതായും ജയപ്രകാശൻ ആരോപിച്ചു. സംഭവത്തിൽ നടക്കാവ് പോലീസ് കേസെടുത്തു.
പെർമിറ്റില്ലാതെ ഓടുന്ന ഇലക്ട്രിക് ഓട്ടോകളെ തടയാൻ തീരുമാനിച്ചിട്ടില്ലെന്ന് സിഐടിയു ആവർത്തിക്കുമ്പോഴും കോഴിക്കോട് നഗരത്തിൽ ഇത്തരം സംഭവങ്ങളാണ് ഉണ്ടാകുന്നത്. യാത്രക്കാരനും ഓട്ടോ ഡ്രൈവറും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്തു. ഇലക്ട്രിക് ഓട്ടോകളെ വഴിയിൽ തടയുന്ന അംഗങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് സിഐടിയു ജില്ലാ നേതൃത്ത്വം ആവർത്തിച്ചു.
അതേസമയം അതിക്രമം ആവർത്തിക്കുന്ന സാഹചര്യത്തിൽ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോഴിക്കോട് ജില്ലാ ഇലക്ട്രിക് ഓട്ടോ കമ്മറ്റി.