കൊയ്യം ജനാർദ്ദനൻ അഖില ഭാരത അയ്യപ്പ സേവാ സംഘം ദേശീയ ജനറൽ സെക്രട്ടറി; നടപടി ശരിവച്ച് കോടതി ഉത്തരവ്
സ്വന്തം ലേഖിക
തിരുവനന്തപുരം: അഖില ഭാരത അയ്യപ്പ സേവാ സംഘത്തിൻ്റെ ദേശീയ ജനറൽ സെക്രട്ടറിയായി സംഘടനയുടെ മുൻ വൈസ് പ്രസിഡൻ്റും കണ്ണൂർ സ്വദേശിയുമായ കൊയ്യം ജനാർദ്ദനനെ തിരുവനന്തപുരത്ത് നടന്ന പൊതുയോഗത്തിൽ വച്ച് തെരഞ്ഞെടുത്ത നടപടി ശരിവച്ച് തിരുവനന്തപുരം മുനിസിഫ് കോടതി ഉത്തരവിട്ടു.
സംഘടനയിലെ ഒരു വിഭാഗം എക്സിക്യൂട്ടീവ് അംഗം ഗോവിന്ദ പത്മനെയും പിന്നീട് ഗോവിന്ദപത്മൻ്റെ രാജിയെ തുടർന്ന് സംഘടനയുടെ മറ്റൊരു വൈസ് പ്രസിഡൻ്റായ അഡ്വ. ഡി. വിജയകുമാറിനെയും സംഘടനയുടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു എന്ന് സംഘടനയ്ക്കുള്ളിൽ അവകാശവാദം ഉന്നയിക്കുകയും , മാധ്യമങ്ങളിൽ വാർത്ത നൽകുകയും ചെയ്തിരുന്നു. തുടർന്ന് കുറച്ച് നാളുകളായി സംഘടനയിൽ വിമത വിഭാഗം നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് പതിവായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡി.വിജയകുമാറിനെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നതിന് വേണ്ടി വിളിച്ച് ചേർത്ത യോഗം തളിപ്പറമ്പ് മുൻസിഫ് കോടതി സ്റ്റേ ഉത്തരവിലൂടെ തടഞ്ഞിരുന്നു. എന്നാൽ കോടതി ഉത്തരവ് ധിക്കരിച്ച് യോഗം ചേർന്ന് വിജയകുമാറിനെ ജനറൽ സെക്രട്ടറിയായി പ്രഖ്യാപിച്ച ഇക്കൂട്ടർ ഇപ്പോൾ കോടതിയലക്ഷ്യ നടപടി നേരിടുകയാണ്.
സംഘടനയുടെ മുൻ ജനറൽ സെക്രട്ടറി വേലായുധൻ നായരുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന സ്ഥാനത്തെ ചൊല്ലിയുള്ള ഇക്കൂട്ടരുടെ അവകാശ വാദത്തിന് പിന്നിൽ തമിഴ്നാട്ടിലെ ചില ഭാരവാഹികളുടെ ഒത്താശ ഉണ്ടായിരുന്നു . നേരത്തെ തന്നെ സംഘടനയിലെ എല്ലാ പ്രധാന സ്ഥാനങ്ങളും കൈപ്പിടിയിൽ ഒതുക്കിയ തമിഴ് നാട്ടിലെ ഭാരവാഹികളായ ചിലരുടെ നീക്കങ്ങളിൽ സംഘടനയ്ക്കുള്ളിൽ അമർഷം പുകഞ്ഞ് കൊണ്ടിരുന്നു.
സമീപകാലത്ത് നടന്ന എല്ലാ യോഗങ്ങളും തമിഴ്നാട്ടിൽ വെച്ചാണ് നടത്തിയത്. ഇതും സംഘടനയിൽ പ്രതിഷേധത്തിന് കാരണമായി. ജനറൽ സെക്രട്ടറിയുടെ നിര്യാണത്തെ തുടർന്ന് തമിഴ്നാട്ടിലെ നേതൃത്വം ഈ സ്ഥാനം കൂടി കൈപ്പിടിയിൽ ആക്കുന്നതിന് കേരളത്തിലെ ചില ഭാരവാഹികളെ മുന്നിൽ നിർത്തി നടത്തിയ ശ്രമങ്ങളാണ് സംഘടനയ്ക്കുള്ളിൽ പൊട്ടിത്തെറിയിൽ കലാശിച്ചത്.
ഇപ്പോൾ സംഘടനയിൽ പ്രസിഡൻ്റും , ട്രഷററും , എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഭൂരിപക്ഷവും തമിഴ്നാട്ടിൽ നിന്നുള്ളവരാണ്.
സംഘടനയെ ഹൈജാക്ക് ചെയ്യാൻ ശ്രമം തുടർന്ന തമിഴ്നാട്ടിലെ ചില ഭാരവാഹികളുടെ നീക്കം കേരളം ഒറ്റകെട്ടായി സ്റ്റേറ്റ് കൗൺസിൽ പ്രസിഡൻ്റ് പി.നരേന്ദ്രൻ നായരുടെ നേതൃത്വത്തിൽ എല്ലാ യൂണിയനുകളുടെ പിന്തുണയോടെ എതിർത്തു.
സമാവായ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ഡിസംബറിൽ തിരുവനന്തപുരത്ത് ചേർന്ന സംഘടനയുടെ പൊതുയോഗം കൊയ്യം ജനാർദ്ദനനെ ഐക്യകണ്ഠനേ സംഘടനയുടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു .
സംഘടനയിലെ വിമത പക്ഷം ഇത് അംഗീകരിക്കാതെ തർക്കം തുടർന്നതിനാലാണ് കൊയ്യം ജനാർദ്ദനൻ തൻ്റെ തെരഞ്ഞെടുപ്പ് ശരിവയ്ക്കുന്നതിനും, ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നതിന് അനുവാദം നൽകണമെന്ന് അപേക്ഷിച്ച് തിരുവനന്തപുരം മുൻസിഫ് കോടതിയെ സമീപിച്ചത്. ഇതാണ് കോടതി ശരിയെന്ന് കണ്ടെത്തി ഉത്തരവ് ഇട്ടത്.
ഇതോടെ കഴിഞ്ഞ ആറ് മാസക്കാലത്തിലേറെയായി സംഘടനയിൽ നിലനിന്നിരുന്ന പ്രതിസന്ധിക്ക് ശമനം ഉണ്ടായിരിക്കുകയാണ് .വാദിഭാഗത്തിന് വേണ്ടി അഡ്വ.സുരേഷ് ബാബു ഹാജരായി.
സംഘടനയിലെ തർക്കങ്ങളെ തുടർന്ന് മീന മാസ പൂജയ്ക്ക് അടച്ച് പൂട്ടിയ പമ്പ-ശബരിമല അന്നദാന ക്യാമ്പ് ശബരിമല ആറാട്ട് ദിവസം തന്നെ തുറന്ന് പ്രവർത്തിക്കുമെന്ന് കോടതി ഉത്തരവിലൂടെ ജനറൽ സെക്രട്ടറിയായി ചാർജ് എടുത്ത കൊയ്യം ജനാർദനൻ അറിയിച്ചു. സംഘടനയിൽ നിലവിലുള്ള എല്ലാ പ്രശ്നങ്ങൾക്കും ചർച്ചയിലൂടെ പരിഹാരം കണ്ടെത്തി സംഘടനയെ പൂർവ്വാധികം ശക്തിയോടെ അയ്യപ്പ ഭക്തരുടെ സേവനത്തിനായി സജ്ജമാക്കുമെന്നും കൊയ്യം പ്രസ്താവനയിൽ അറിയിച്ചു.