play-sharp-fill
കോട്ടയത്തെ റെയിൽവേ സ്റ്റേഷനുകളുടെ സമഗ്ര വികസനം : സെപ്റ്റംബർ ആദ്യവാരം യോഗം വിളിക്കും: അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി.

കോട്ടയത്തെ റെയിൽവേ സ്റ്റേഷനുകളുടെ സമഗ്ര വികസനം : സെപ്റ്റംബർ ആദ്യവാരം യോഗം വിളിക്കും: അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി.

കോട്ടയം : കേരളത്തിലെ പ്രധാനപ്പെട്ട റയിൽവേ സ്റ്റേഷൻ ആയ കോട്ടയത്തിൻ്റെയും കോട്ടയം പാർലമെൻ്റ് നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട മറ്റു റയിൽവേ സ്റ്റേഷനുകളുടെയും സമഗ്ര വികസനം ലക്ഷ്യമിട്ട് പാർലമെൻ്റ് മണ്ഡലത്തിൽ ഉൾപ്പെടുന്ന എല്ലാ എം.എൽ.എ മാരെയും മറ്റ് ജനപ്രതിനിധികളെയും റയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനുകളെയും മറ്റു സംഘടനാ

പ്രതിനിധികളെയും റയിൽവേ ഡിവിഷണൽ മാനേജർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചുകൊണ്ട് സെപ്റ്റംബർ ആദ്യവാരം വിപുലമായ യോഗം കോട്ടയത്ത് വിളിച്ചു കൂട്ടുന്നതാണന്ന് അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു.

കോട്ടയം റെയിൽവേ സ്റ്റേഷനിലെ നിലവിലുള്ള വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ ഫ്രാൻസിസ് ജോർജ് എംപി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും സ്റ്റേഷൻ സന്ദർശിക്കുകയും ചെയ്തു. സ്റ്റേഷന്റെ മുൻഭാഗം റോഡ് എത്രയും വേഗം ടാർ ചെയ്തു നന്നാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമല സീസൺ തുടങ്ങുന്നതിന് മുമ്പായി രണ്ടാം കവാടത്തിന്റെ പണികൾ പൂർണമായും പൂർത്തിയാക്കണമെന്നും താൽക്കാലികമായി ഒന്നാം നില ടിക്കറ്റ് എടുക്കുന്നതിനുള്ള സൗകര്യത്തോടുകൂടി തുറന്നു കൊടുക്കുവാൻ ആവശ്യമായ നടപടികൾ എടുക്കുവാൻ നിർദ്ദേശിച്ചു. കോട്ടയം റെയിൽവേ സ്റ്റേഷനിൽ വളരെയധികം പുതിയ സംവിധാനങ്ങൾ കൊണ്ടുവരുന്ന കാര്യം അദ്ദേഹം ഉദ്യോഗസ്ഥരുമായി ചർച്ചചെയ്യുകയുണ്ടായി.

സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകൾക്ക് മേൽക്കൂര ഏർപ്പെടുത്തൽ, കോച്ചുകളുടെ പൊസിഷൻ യാത്രക്കാർക്ക് അറിയുന്നതിന് വേണ്ടി എൽഇഡി സൂചന ബോർഡുകൾ സ്ഥാപിക്കുക, സ്റ്റേഷനിൽ സ്ത്രീകളുടെ വിശ്രമ മുറിയിൽ കുട്ടികളെ മുലയൂട്ടുന്നതിന് വേണ്ടിയുള്ള സൗകര്യം ഏർപ്പെടുത്തുക, പുതിയതായി തുടങ്ങുന്ന ഫുഡ് ഓവർ ബ്രിഡ്ജിൽ എസ്‌കലേറ്റർ, ലിഫ്റ്റ് എന്നീ സംവിധാനങ്ങൾ ഉറപ്പുവരുത്തുക, സ്റ്റേഷന്റെ മുൻഭാഗത്തെ കവാടം വിപുലീകരിച്ചുകൊണ്ട് ബോർഡ് സ്ഥാപിക്കുക എന്നീ വിഷയങ്ങളും അദ്ദേഹം ഉന്നയിക്കുകയുണ്ടായി.

സ്റ്റേഷനിലേക്ക് വരുന്ന വികലാംഗരായ യാത്രക്കാർക്കും വീൽ ചെയർ ഉപയോഗിക്കുന്നവർക്കും ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കുന്നതിന് വേണ്ടിയുള്ള വഴിയുടെ പ്രവർത്തനം രണ്ടുമാസത്തിനകത്ത് പൂർത്തീകരിക്കാമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എംപിയോട് പറഞ്ഞു. കോട്ടയത്തു നിന്നും ബാംഗ്ലൂരിലേക്ക് നിലവിൽ എറണാകുളം ബാംഗ്ലൂർ ആയി പ്രവർത്തിക്കുന്ന ട്രെയിൻ നീട്ടുന്നതിന്റെ സാധ്യതകൾ,

കോട്ടയത്ത് നിന്നും ഈറോഡ് വരെ ഒരു ഇൻറർ സിറ്റി എക്സ്പ്രസ് ട്രെയിൻ തുടങ്ങുന്നത്തിൻ്റ സാധ്യതകൾ, കോട്ടയം എറണാകുളം റൂട്ടിലെ സീസൺ ടിക്കറ്റ് യാത്രക്കാർക്ക് ആയി മെമു സർവീസിൽ ഏർപ്പെടുത്തൽ അതുപോലെതന്നെ ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ മലബാർ എക്സ്പ്രസ് ,വഞ്ചിനാട് എക്സ്പ്രസ്സ് എന്നീ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, വൈക്കം റോഡ് സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾ നിർത്തുകയാണ് എങ്കിൽ അത് വക്കം,പിറവം, കുറവിലങ്ങാട് മേഖലയിലുള്ള ആളുകൾക്ക് വളരെയധികം പ്രയോജനപ്രദം ആകും എന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.

ഈ വിഷയങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ മുമ്പാകെ കൊണ്ടുവരുമെന്നും സ്റ്റേഷന്റെ രണ്ടാം കവാടത്തിൽ കൂടി പോകുന്ന ഡ്രെയിനേജ് സംവിധാനത്തിന് സ്ലാബ് ഏർപ്പെടുത്തിക്കൊണ്ട് പരിസരവാസികൾക്ക് ബുദ്ധിമുട്ട് ഒഴിവാക്കണം എന്ന നിർദ്ദേശവും അദ്ദേഹം നൽകിയിട്ടുണ്ട്.

റെയിൽവേയുടെ സ്റ്റേഷൻ മാനേജർ വിജയകുമാർ, ഇലക്ട്രിക്കൽ എൻജിനീയർ ശ്രീരാജ്, അസിസ്റ്റൻറ് ഡിവിഷണൽ എൻജിനീയർ വിനയൻ, സെക്ഷൻ എൻജിനീയർ അനഘ, കൊമേഴ്സിൽ ഉദ്യോഗസ്ഥന്മാർ എന്നിവർ എംപിയോട് കാര്യങ്ങൾ വിശദീകരിച്ചു..