
കോട്ടയം:ദുരൂഹ സാഹചര്യത്തിൽ കാണാതായ അതിരമ്ബുഴ കോട്ടമുറി കാക്കനാട്ടുകാലായില്‍ കെ.എ. മാത്യുവിന്‍റെ ഭാര്യ ജെയിൻ മാത്യു (ജയ്നമ്മ)വിന്‍റെ തിരോധാനത്തിലെ ചുരുളഴിയാൻ ഡിഎൻഎ പരിശോധനയുടെ ഫലം ലഭിക്കണം.
ജയ്നമ്മയുമായി പോയതെന്നു കരുതുന്ന ചേർത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്‍റെ വീടിനോടു ചേർന്നുള്ള പുരയിടത്തില്‍നിന്നു ലഭിച്ച കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങള്‍ ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജില്‍ വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു.
ജയ്നമ്മയുടെ സഹോദരൻ സാവിയോ, സഹോദരി ആൻസി എന്നിവരുടെ സാംപിളുകള്‍ ഡിഎൻഎ പരിശോധനയ്ക്കായി ഇന്നലെ ശേഖരിച്ചു. ഡിഎൻഎ പരിശോധനയുടെ ഫലം ലഭിച്ചെങ്കില്‍ മാത്രമാണു കൊലചെയ്യപ്പെട്ടത് ജയ്നമ്മ തന്നെയാണോ എന്നു സ്ഥിരീകരിക്കാനാകുക. കഴിഞ്ഞ ഡിസംബർ 23 നാണ് ജയ്നമ്മയെ കാണാതായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാലു ദിവസത്തിനു ശേഷവും ഇവർ തിരിച്ചെത്താതായതോടെ ആദ്യം സഹോദരനും പിന്നീട് ഭർത്താവും പോലീസില്‍ പരാതിപ്പെട്ടു. ഈ പരാതിയിന്മേല്‍ അന്വേഷണം ഫലപ്രദമല്ലെന്ന ആക്ഷേപവും ഉയർന്നു. കഴിഞ്ഞ ഏപ്രിലില്‍ ഹൈക്കോടതി നിർദ്ദേശത്തെത്തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണത്തിലാണ് ചേർത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യനും ജയ്നമ്മയുമായുള്ള ബന്ധത്തെക്കുറിച്ച് പോലീസിന് സൂചന ലഭിക്കുന്നത്. സെബാസ്റ്റ്യന്‍റെ വീട്ടിലും പരിസരത്തും പോലീസ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. വീടിനോടു ചേർന്നുള്ള സ്ഥലത്തുനിന്നു കത്തിച്ചനിലയിലുള്ള ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചു. നൂറിലേറെ അസ്ഥിക്കഷണങ്ങളാണ് അവിടെനിന്നു ലഭിച്ചത്.
സെബാസ്റ്റ്യനുമായി ബന്ധമുണ്ടായിരുന്ന ചേർത്തല കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്‍റെ തിരോധാനക്കേസും നിലവിലുണ്ടായിരുന്നു. പുരയിടത്തില്‍നിന്നു കണ്ടെത്തിയ മൃതദേഹാവശിഷ്ടം ബിന്ദുവിന്‍റേതോ ജയ്നമ്മയുടേതോ എന്ന് തിരിച്ചറിയേണ്ടതുണ്ട്. ജയ്നമ്മ പതിവായി വിവിധ ധ്യാനകേന്ദ്രങ്ങളില്‍ ധ്യാനത്തില്‍ പങ്കെടുക്കുമായിരുന്നു.
ധ്യാനത്തില്‍ പങ്കെടുക്കാനായി ഒരാഴ്ചയോളം വീട്ടില്‍നിന്നു മാറിനില്‍ക്കുന്ന പതിവുമുണ്ടായിരുന്നു. ചേർത്തലയ്ക്കു സമീപമുള്ള ഒരു ധ്യാനകേന്ദ്രത്തിലും ഇവർ പോകാറുണ്ടായിരുന്നു. സെബാസ്റ്റ്യൻ എമ്ബറർ എമ്മാനുവേല്‍ ഗ്രൂപ്പുമായി ബന്ധമുള്ള ആളെന്ന നിലയില്‍ ജയ്നമ്മയുമായി ബന്ധം സ്ഥാപിച്ചിരുന്നതായി പറയപ്പെടുന്നു.
20 പവനോളം സ്വർണാഭരണങ്ങളുള്ള ജയ്നമ്മ 15 പവനോളം ശരീരത്തില്‍ അണിയുകയും അവശേഷിക്കുന്നവ കൈയില്‍ കൊണ്ടുനടക്കുന്ന ചെറിയ പേഴ്സില്‍ സൂക്ഷിക്കുകയുമായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഏതോ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ആഭരണങ്ങള്‍ പണയം വച്ചതായും പറയപ്പെടുന്നുണ്ട്.
ജയ്നമ്മയുടെ മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ടു സൈബർ സെല്‍ നടത്തിയ അന്വേഷണത്തില്‍ ചേർത്തല പള്ളിപ്പുറത്തെ സെബാസ്റ്റ്യന്‍റെ പുരയിടത്തിലാണ് സാന്നിധ്യമറിയിച്ചത്. ഇതാണ് ആശങ്കക്ക് ഇടയാക്കുന്നത്