ഇനി പ്രളയം വന്നാൽ മാത്രം കേരളത്തിൽ യു.ഡി.എഫിനു ഭരണം..! ഏഷ്യാനെറ്റിന്റെ സർവേ ചർച്ചയിലെ പരാമർശത്തിൽ തിരുവഞ്ചൂറിനു ട്രോൾ മഴ; പ്രളയ രഹിത കോട്ടയത്തിൽ തിരുവഞ്ചൂരിനു മറുപടിയുമായി കെ.അനിൽകുമാർ; കോട്ടയത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കളമൊരുക്ക് തുടങ്ങി

ഇനി പ്രളയം വന്നാൽ മാത്രം കേരളത്തിൽ യു.ഡി.എഫിനു ഭരണം..! ഏഷ്യാനെറ്റിന്റെ സർവേ ചർച്ചയിലെ പരാമർശത്തിൽ തിരുവഞ്ചൂറിനു ട്രോൾ മഴ; പ്രളയ രഹിത കോട്ടയത്തിൽ തിരുവഞ്ചൂരിനു മറുപടിയുമായി കെ.അനിൽകുമാർ; കോട്ടയത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കളമൊരുക്ക് തുടങ്ങി

Spread the love

പൊളിറ്റിക്കൽ ഡെസ്‌ക്

കോട്ടയം: ഒരിടവേളയ്ക്കു ശേഷം കഴിഞ്ഞ രണ്ടു ദിവസമായി ട്രോളൻമാരുടെ ഏറ്റവും പ്രിയപ്പെട്ട ഇരയായി തിരുവഞ്ചൂർ രാധാകൃഷ്ണൻ മാറി. രാഷ്ട്രീയ കേരളം ചർച്ച ചെയ്യുന്ന ട്രോളുകളിലെ നായകനാണ് ഇപ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ. നേരത്തെ നാക്കു പിഴവിന്റെ പേരിൽ അപഹാസ്യമായ രീതിയിൽ ട്രോളൻമാർ ഇദ്ദേഹത്തെ അപമാനിച്ചിരുന്നെങ്കിൽ, ഇപ്പോൾ ഏഷ്യാനെറ്റ് ചാനലിന്റെ ചർച്ചയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ നടത്തിയ പരാമർശത്തിന്റെ ചുവട് പിടിച്ചാണ് ഇപ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണനെ ട്രോളൻമാരും സിപിഎമ്മിന്റെ സൈബർ വിഭാഗവും കടന്നാക്രമിക്കുന്നത്.

കോട്ടയം പോലൊരു നിയോജക മണ്ഡലത്തിൽ എത്തി അഞ്ചു വർഷം കൊണ്ട് നൂറിരട്ടിയായി ലീഡ് വർദ്ധിപ്പിച്ച തിരുവഞ്ചൂർ രാധാകൃഷ്ണനെ അടുത്ത തിരഞ്ഞെടുപ്പിൽ തറപറ്റിക്കാൻ തന്ത്രങ്ങളാണ് സി.പി.എമ്മും ഇടതു മുന്നണിയും പയറ്റുന്നത്. ഇതിനിടെ വീണു കിട്ടിയ അവസരമായാണ് ഇപ്പോൾ ഇടതു കേന്ദ്രങ്ങൾ പ്രളയത്തെപ്പറ്റിയുള്ള തിരുവഞ്ചൂരിന്റെ പരാമർശങ്ങൾ എടുത്ത് ഉപയോഗിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവഞ്ചൂർ രാധാകൃഷ്ണനെതിരായുള്ള ആയുധമാക്കി മാറ്റി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം പിടിക്കുന്നതിനുള്ള തന്ത്രമാണ് ഇപ്പോൾ സി.പി.എം ഒരുക്കുന്നത്. തിരുവഞ്ചൂരിന്റെ പ്രളയം എന്ന പ്രസ്ഥാനവയ്ക്കു വൻ തന്ത്രമാണ് ഇപ്പോൾ സി.പി.എം ഒരുക്കുന്നത്. തിരുവഞ്ചൂരിനെതിരെ സി.പി.എം ജില്ലാ കമ്മിറ്റി അംഗവും, മീനച്ചിലാർ മീനന്തറയാർ കൊടുരൂരാർ നദീപുനർസംയോജന പദ്ധതിയുടെ കോ ഓർഡിനേറ്ററുമായ കെ.അനിൽകുമാറുമാണ് ഇപ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണന് മറുപടി നൽകിയിരിക്കുന്നത്. ആ മറുപടി ഇങ്ങനെ

പ്രളയം ഉടനെ വരില്ല:
തിരുവഞ്ചൂർ രാധാകൃഷ്ണന് ഒരു തുറന്ന കത്ത്.
ഏഷ്യാനെറ്റ് നടത്തിയ സർവ്വെ വിലയിരുത്തിക്കൊണ്ട് ഉടൻ ഒരു പ്രളയം വരുമെന്നും തുടർന്ന് വരൾച്ചയുണ്ടാകുമെന്നും അങ്ങു നടത്തിയ പ്രസ്താവന അതിക്രൂരമായിരുന്നു.

നൂറ്റാണ്ടിലെ മഹാപ്രളയത്തിന്റെ ദുരിതക്കടൽ താണ്ടിയ മനുഷ്യർ ഒരു പേക്കിനാവു പോലെ ഭയപ്പെടുന്ന ഒരു ദുരന്തം ഒരു രാഷ്ട്രീയ നേതാവിന്റെ മനോമുകുരത്തിലെ തെളിഞ്ഞ പ്രതീക്ഷയാണെന്ന് അങ്ങ് വെളിപ്പെടുത്തി. പക്ഷെ അങ്ങയുടെ ആഗ്രഹം നടക്കില്ല. നടത്താൻ അനുവദിക്കുകയുമില്ല.
എന്തു കൊണ്ടെന്നാൽ പിണറായി സർക്കാർ അധികാരമേറ്റ് ആദ്യമായി കോട്ടയത്തുണ്ടാക്കിയ മുന്നേറ്റം മെത്രാൻകായലിൽ തരിശ് നില കൃഷിയായിരുന്നല്ലോ.

അത് ടൂറിസം റിസോർട്ടുകൾക്കായിനികത്താൻ തീരുമാനമെടുത്ത ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ മന്ത്രിയായിരുന്ന തിരുവഞ്ചൂർ തന്റെ മണ്ഡലത്തിൽ കോടിമതയിലെ നെൽപാടങ്ങൾ നികത്തിയെടുക്കാൻ മൊബിലിറ്റി ഹബ്ബ് എന്നൊരു പദ്ധതിയുണ്ടാക്കി. നിലം നികത്താൻ യു.ഡി.എഫ് സർക്കാർ നൽകിയ ഉത്തരവ് പിണറായി സർക്കാർ റദ്ദാക്കി. തീർന്നില്ല, അവിടെ രണ്ടു വർഷമായി കൃഷിയിറക്കിക്കഴിഞ്ഞു.
മീനന്തറയാർ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എങ്ങനെയായിരുന്നു?. ‘എലിപ്പനി വരും സൂക്ഷിക്കുക’ എന്നൊരു ബോർഡ് വച്ച് ഉത്തരവാദിത്വമൊഴിഞ്ഞ നിങ്ങൾ എതിർത്തിട്ടും മീനന്തറയാറ്റിൽ ഇപ്പോൾ തെളിനീരൊഴുകിക്കൊണ്ടിരിക്കുന്നു.

മീനച്ചിലാറ്റിൽ നിന്നുള്ള ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പിണറായി സർക്കാരിന്റെ നേട്ടമാണ്. അവിടെ 1200 ഏക്കറിൽ തരിശുനിലക്കൃഷി മൂന്നു വർഷമായി നടക്കുന്നു. ജനപ്രതിനിധിയെന്ന നിലയിൽ എന്തു പിന്തുണയാണ് താങ്കൾ കർഷകർക്കു നൽകിയത്.
കഞ്ഞിക്കുഴി തോട് രണ്ടു തവണ നവീകരിച്ചു. അത് സർക്കാർ നടപ്പാക്കുന്ന ഹരിത കേരളം പദ്ധതിയുടെ വിജയമാണ്. അവിടെ വെള്ളപ്പൊക്കം ഒഴിവാക്കാനായി ദേവപ്രഭാപാലം പൊളിച്ചു പണിയുന്നത് കാണുക.

എത്രയോ തോടുകൾ, പുഴകൾ, തെളിഞ്ഞു കഴിഞ്ഞു. ഇപ്പോൾ നടക്കുന്ന പ്രളയരഹിത കോട്ടയം പദ്ധതിക്കായി രണ്ടു കോടിയിലേറെ രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോട്ടയത്തിനു മാത്രമായി നൽകി. വെള്ളപ്പൊക്കം ഒഴിവാക്കാൻ എത്ര നല്ല പ്രവർത്തനമാണ് കോട്ടയത്ത് നടക്കുന്നത്. പ്രളയരഹിത കോട്ടയം: അത്തരമൊരു പദ്ധതി നടക്കുന്ന മണ്ണിൽ ചവിട്ടി നിന്ന് വെള്ളപ്പൊക്കം സ്വപ്നം കാന്നുന്നത് നാടിനോടുള്ള വഞ്ചനയല്ലാതെ മറ്റെന്താണ്.

സംസ്ഥാനത്തു തന്നെ തരിശുനില ക്യഷിയിൽ കോട്ടയം റിക്കാർഡു നേടി. തോടുകൾ തെളിയുന്നത് അതിന്റെ ഭാഗമാണ്. തീർന്നില്ല,
വടവാതൂർ മുതൽ നാഗമ്പടം വരെ മീനന്തറയാർ ആഴം കൂട്ടിക്കഴിഞ്ഞു. ഇനി മീനച്ചിലാർ :അത് ചുങ്കം പാലം മുതൽ കാത്തിരം ജട്ടി വരെ ആഴം കൂട്ടാൻ ഫണ്ട് അനുവദിച്ച് കരാർ നൽകിക്കഴിഞ്ഞു. കൊടൂരാറാകട്ടെ, മൂവാറ്റുമുക്കുമുതൽ പഴുക്കാനില കായൽവരെയും ആഴംകൂട്ടാൻ ഫണ്ട് അനുവദിച്ചു.

ഉടൻ പണികൾ തുടങ്ങും.
വേമ്പനാട്ട് കായലിലേക്ക് വെള്ളമൊഴുകുന്നതിന്റെ എല്ലാ തടസ്സങ്ങളും മാറ്റാൻ കുറെ ജോലികൾ നടത്തിക്കഴിഞ്ഞു. കവണാറും, പെണ്ണാറും, കൈപ്പുഴയാറും തെളിക്കാൻ നടപടിയായി. അതു കൊണ്ട് വെള്ളപ്പൊക്കത്തിന്റെ പ്രതീക്ഷ വേണ്ട.. ഇനിയും തോടുകൾ തെളിക്കാൻ ബാക്കി. തരിശുനില കൃഷിയും ബാക്കി. അതെല്ലാം നടക്കുന്നത് പിണറായി സർക്കാരിന്റെ ഹരിത കേരള ലക്ഷ്യങ്ങൾ കൊണ്ടും അതിനായി സർക്കാർ വകുപ്പുകൾ രംഗത്ത് ഇറങ്ങുന്നതിനാലുമാണ്.

ദയവായി കോട്ടയത്ത് സ്വന്തം മണ്ണിൽപ്രകൃതിയെ വീണ്ടെടുക്കാൻ നടക്കുന്ന ഈപ്രവർത്തനങ്ങൾ കാണണമായിരുന്നു അത് കാണാത്തതിനാലാണ് വെള്ളപ്പൊക്കത്തിൽ അങ്ങ് പ്രതീക്ഷയർപ്പിച്ചത്. വരൾച്ചയും യു.ഡി.എഫിന്നെ രക്ഷിക്കില്ല ,നീർച്ചാലുകൾ തെളിച്ചാൽ എവിടെ വരൾച്ച .പിന്നെ സാമ്പത്തിക പ്രതിസന്ധി. അത് പരിഹരിക്കാൻ തയ്യാറാകാത്ത മോദിക്ക് അങ്ങയെപ്പോലുള്ളവർനൽകുന്നചിലതു പറയേണ്ടി വന്നു. ക്ഷമിക്കുക.
അഡ്വ. കെ അനിൽകുമാർ.