കോട്ടയം നഗരമദ്ധ്യത്തില്‍ നിന്ന് ഒരു ബോട്ട് യാത്ര; ക്രിസ്മസ് – ന്യൂ ഇയര്‍ സീസൺ ആഘോഷമാക്കാനൊരു ആലപ്പുഴ സവാരി
സ്വന്തം ലേഖകൻ
കോട്ടയം: ക്രിസ്മസ് – ന്യൂ ഇയര്‍ സീസണുമായി ബന്ധപ്പെട്ട് സഞ്ചാരികള്‍ എത്തിത്തുടങ്ങി. കോടിമതയില്‍ നിന്ന് ആലപ്പുഴയിലേക്കുള്ള ബോട്ടുയാത്രയ്ക്കായി ഏറെപ്പേര്‍ എത്തുന്നു.
കോടിമതയില്‍ നിന്ന് പള്ളം വഴി ആലപ്പുഴയ്ക്ക് ബോട്ടില്‍ മൂന്നുമണിക്കൂറില്‍ സഞ്ചരിച്ചാല്‍ കായലോര കാഴ്ചകള്‍ ആസ്വദിക്കാനാവും. കോട്ടയം നഗരമദ്ധ്യത്തില്‍ നിന്നു തന്നെ ബോട്ടില്‍ കയറാമെന്നതാണ് ഈ യാത്രയുടെ സൗകര്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ക്രിസ്മസ് കാലത്ത് കൊവിഡ് മൂലം വലിയ പ്രതിസന്ധിയാണ് ടൂറിസം മേഖലയില്‍ ഉണ്ടായത്. കോടിമതയില്‍ നിന്നും ആലപ്പുഴയ്ക്ക് മൂന്നു ബോട്ടുകളാണ് സര്‍വീസ് നടത്തുന്നത്. സ്‌കൂളുള്ള ദിവസം ഒരു ബോട്ട് കാഞ്ഞിരത്ത് സര്‍വീസ് അവസാനിപ്പിക്കും.
കോടിമതിയില്‍നിന്ന് ആലപ്പുഴയ്ക്ക് ആദ്യസര്‍വീസ് ആരംഭിക്കുന്നതിന് മുമ്പ് രാവിലെ 5ന് കാഞ്ഞിരം ജെട്ടിയില്‍നിന്ന് ആലപ്പുഴയ്ക്ക് സര്‍വീസ് നടത്തുന്നുണ്ട്. ആലപ്പുഴയില്‍ നിന്നും രാത്രി 9 ന് കോടിമതിയിലേക്കും സര്‍വീസ് നടത്തും.
വിദേശ ടൂറിസ്റ്റുകള്‍ എത്താന്‍ തുടങ്ങിയിട്ടില്ല. മറ്റ് സംസ്ഥാനത്തുനിന്നുള്ള വിനോദസഞ്ചാരികളും മുന്‍കാലങ്ങളിലേതുപോലെയില്ല. ന്യൂ ഇയര്‍ ആകുന്നതോടെ ഇവരെയും പ്രതീക്ഷിക്കുന്നു. സ്വദേശികളും ഇതരജില്ലകളില്‍ നിന്നുള്ളവരുമായ യാത്രക്കാരാണ് ഇപ്പോഴുള്ളത്. ഒരുദിവസം 10000 താഴെ വരുമാനം ലഭിക്കുന്നുണ്ട്. മുന്‍പ് സീസണ്‍ സമയത്ത് ഇതില്‍ കൂടുതല്‍ ലഭിച്ചിരുന്നു.
* ടിക്കറ്റ് നിരക്ക്
കോടിമത- ആലപ്പുഴ
29 രൂപ
* സര്‍വീസ് സമയം
രാവിലെ 6.45, 11.30, ഉച്ചയ്ക്ക് 1,വൈകീട്ട് 4, 5.45
രോഗഭീതിയുണ്ടെങ്കിലും ഇത്തവണ ആളുകള്‍ ബോട്ടു സര്‍വീസിനായി എത്തുന്നുണ്ട്. ക്രിസ്മസ്, ന്യൂ ഇയര്‍ സീസണ്‍ പ്രമാണിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ എത്തുമെന്നാണ് പ്രതീക്ഷ.