കോട്ടയം ലുലു മാൾ നവംബറിൽ പ്രവർത്തനം ആരംഭിക്കും: ക്രിസ്മസ് സമ്മാനമായി മാൾ സമർപ്പിച്ച് ലുലു ഗ്രൂപ്പ്, 650 പേർക്ക് ജോലി, ലുലുവിന്റെ വിജയ രഹസ്യം വെളിപ്പെടുത്തി യൂസഫ് അലി
കോട്ടയം: കോട്ടയത്തെ ലുലു മാള്‍ ഉടന്‍ തന്നെ പ്രവർത്തനം ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് എംഡി എംഎ യൂസഫ് അലി. കോട്ടയത്ത് ക്രിസ്മസ് സമ്മാനമായി മാള്‍ പ്രവർത്തനം ആരംഭിക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോർട്ട്. മാളിന്റെ പ്രവർത്തനം നവംബറോടെ തന്നെ ആരംഭിക്കാനാണ് നിലവില്‍ നിശ്ചയിച്ചിരിക്കുന്നത്.
മണിപ്പുഴയില്‍ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന മാളില്‍ ഇനി അറ്റകുറ്റ പണികള്‍ മാത്രമാണ് ശേഷിക്കുന്നത്. രണ്ട് നിലകളിലായി 3.22 ലക്ഷം ചതുരശ്ര അടിയിലാണ് കോട്ടയത്തെ മാള്‍ ഒരുങ്ങുന്നത്. 650 ജീവനക്കാർ വിവിധ വകുപ്പുകളിലായി ജോലി ചെയ്യും.
താഴത്തെ നിലയില്‍ പ്രധാനമായും ലുലു ഹൈപ്പർ മാർക്കറ്റ് രണ്ടാമത്തെ നിലയില്‍ ലുലു ഫാഷൻ, ലുലു കണക്‌ട് എന്നിവയ്ക്കു പുറമേ രാജ്യാന്തര ബ്രാൻഡുകളുടെ ഷോറുമുകള്‍ 500 പേർക്ക് ഇരിക്കാവുന്ന ഫൂഡ്കോർട്ട്, ഫണ്‍ടൂറ എന്നിവയുമുണ്ടാകും. അവസാന ഘട്ട മിനുക്ക് പണികള്‍ നേരിട്ട് നിരീക്ഷിക്കുന്നതായി എം എ യൂസഫ് അലി തന്നെ കഴിഞ്ഞ ദിവസം കോട്ടയത്തെ മാളിലേക്ക് നേരിട്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏത് സ്ഥാപനത്തിന്റേയും വിജയ രഹസ്യം എന്ന് പറയുന്നത് നല്ല ഉല്‍പന്നങ്ങള്‍, മിതമായ വില, മികച്ച സേവനം, മികച്ച പാർക്കിങ് എന്നീ നാല് കാര്യങ്ങളാണ്. ഇത് നാം ഉറപ്പ് വരുത്തണമെന്നും ആദ്യ പ്രാർഥനാസംഗമത്തില്‍ പങ്കെടുക്കാനായി കൂടി എത്തിയ എം എ യൂസഫ് അലി പറഞ്ഞു.
നിയമം വിട്ടുള്ള ഒരു പരിപാടിയും പാടില്ല. കമ്പനിയെയും ഉപഭോക്താക്കളേയും വഞ്ചിക്കാന്‍ പാടില്ല. എല്ലാത്തിന്റേയും അടിസ്ഥാനം എന്ന് പറയുന്നത് പ്രാർത്ഥനയാണ്. വ്യത്യസ്തമായ ജാതികളിലും മതത്തിലും പ്രവർത്തിക്കുന്നവർ ഇവിടെ ജോലി ചെയ്യുന്നു.
കോട്ടയത്തെ മാളില്‍ മാത്രമല്ല, ഏതൊരു പുതിയ ലുലു മാളിന്റെ പ്രവർത്തനവും ഒന്നോ രണ്ടോ മാസം മുൻപ് തന്നെ നേരിട്ടെത്തി എം എ യൂസഫ് അലി വിലയിരുത്താറുണ്ട്. അവസാന ഘട്ടത്തില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങളോ മറ്റ് നിർദ്ദേശങ്ങളോ വേണമെങ്കില്‍ അദ്ദേഹം നല്‍കും. അതോടൊപ്പം തന്നെ ജീവനക്കാരെ നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്യും.
കൊച്ചി, തിരുവനന്തപുരം, പാലക്കോട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് ലുലുവിന് നിലവില്‍ കേരളത്തില്‍ മാളുകളുള്ളത്. കോട്ടയത്തിന് പിന്നാലെ തിരൂർ, പെരിന്തല്‍മണ്ണ, തൃശൂർ, കൊട്ടിയം എന്നിവിടങ്ങളിലും ലുലുവിന്റെ പുതിയ മാളുകള്‍ വരുന്നുണ്ട്.