play-sharp-fill
പൊടി, ചെളി, കൂരിരുട്ട്‌; യാത്രക്കാരെ അകറ്റി കെ.എസ്‌.ആര്‍.ടി.സി ബസ് സ്‌റ്റാന്‍ഡ്‌; പഴയ കെട്ടിടം പൊളിച്ച് നീക്കിയത് യാത്രക്കാർക്ക് ദുരിതമാകുന്നു

പൊടി, ചെളി, കൂരിരുട്ട്‌; യാത്രക്കാരെ അകറ്റി കെ.എസ്‌.ആര്‍.ടി.സി ബസ് സ്‌റ്റാന്‍ഡ്‌; പഴയ കെട്ടിടം പൊളിച്ച് നീക്കിയത് യാത്രക്കാർക്ക് ദുരിതമാകുന്നു

സ്വന്തം ലേഖിക

കോട്ടയം: നവീകരണത്തിന്റെ ഭാഗമായി കെ എസ് ആർ ടി സി സ്റ്റാൻഡിലെ പഴയ കെട്ടിടം പൊളിച്ചതിനെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ് ഇപ്പോൾ യാത്രക്കാര്‍ക്ക് തലവേദനയാകുന്നത്‌.


പകല്‍ പൊടിയും ചെളിയും, രാത്രി കൂരിരിട്ടും കെ.എസ്‌.ആര്‍.ടി.സി. സ്‌റ്റാന്‍ഡിലെത്തി ഒരു യാത്രക്കാരനും സമാധാനത്തോടെ യാത്ര ആരംഭിക്കില്ല. ബസ്‌ കാത്തിരിക്കാന്‍ സൗകര്യമില്ലെന്ന പരാതിക്ക് പുറമേയാണ്‌ ഇത്തരം പ്രശ്‌നങ്ങള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്രാസൗകര്യമൊരുക്കി ബദല്‍ ക്രമീകരണം പൂര്‍ത്തിയാക്കിയ ശേഷം കെട്ടിടം പൊളിക്കുമെന്നായിരുന്നു കെ.എസ്‌.ആര്‍.ടി.യുടെ വാഗ്‌ദാനം. എന്നാല്‍ 50 പേര്‍ക്ക് പോലും കാത്തു നില്‍ക്കാന്‍ സൗകര്യമില്ലാത്ത താത്‌കാലിക ഷെഡിലൊതുങ്ങി ബദല്‍ ക്രമീകരണം.

ആദ്യ ദിവസങ്ങളില്‍ പൊടിശല്യമായിരുന്നു യാത്രക്കാരെ ബുദ്ധിമുട്ടിച്ചത്‌. മഴ പെയ്‌തു തുടങ്ങിയതോടെ ചെളിയുടെ ശല്യമായി. കരാര്‍ പ്രകാരം ഞായറാഴ്‌ച കെട്ടിടം പൊളിച്ചു നീക്കിയെങ്കിലും ദുരിതം തുടരുകയാണ്‌.

കെട്ടിട അവശിഷ്‌ടങ്ങള്‍ ഇപ്പോഴും ചിതറിക്കിടക്കുന്നു. ഇവ എന്നു പൂര്‍ണമായി മാറ്റുമെന്നോ പകരം നിര്‍മാണം എന്നാരംഭിക്കുമെന്നോ അധികൃതര്‍ക്കു കൃത്യമായ ഉറപ്പില്ല. സ്‌റ്റാന്റിലെത്തി മടങ്ങിയാല്‍ പല യാത്രക്കാരുടെയും വസ്‌ത്രത്തില്‍ ചെളി നിറയും.

ഇതോടെ, സ്‌റ്റാന്റിലെത്താതെ നഗരത്തിലെ ഇതര സ്‌റ്റോപ്പുകളില്‍ യാത്ര ആരംഭിക്കുകയും അവസാനിപ്പിക്കുകയുമാണ് പല യാത്രക്കാരും. രാത്രിയിലാണ്‌ സ്‌റ്റാന്റിലെ വെളിച്ചമില്ലാത്തത് ഏറെ ദുരിതം സൃഷ്ടിക്കുന്നു.
സമീപത്തെ ഹോട്ടല്‍, എതിര്‍വശത്തെ തട്ടുകടകള്‍, ബസുകളുടെ വെളിച്ചം എന്നിവ മാത്രമാണ് യാത്രക്കാര്‍ക്ക്‌ ആശ്വാസം.

ഈ വെളിച്ചത്തില്‍ ബസില്‍ കയറാനുള്ള ശ്രമം പലപ്പോഴും അപകടത്തില്‍ കലാശിക്കുന്നുണ്ട്‌. പൊതുവേ സ്‌റ്റാന്റിലും ചുറ്റുവട്ടത്തുമുള്ള സാമൂഹ്യവിരുദ്ധരുടെ ശല്യം വര്‍ധിക്കാനും വെളിച്ചക്കുറവ്‌ കാരണമാകുന്നുണ്ട്‌. നിര്‍മാണവശിഷ്‌ടങ്ങള്‍ റോഡിലേക്ക്‌ ഇറങ്ങിക്കിടക്കുന്നതു പകല്‍ സമയത്ത് ഗതാഗതക്കുരുക്കും സൃഷ്ടിക്കുന്നു.